തൃശൂർ: വരടിയത്ത് രണ്ടു യുവാക്കളെ പിക്കപ്പ് വാൻ ഇടിച്ചു വീഴ്ത്തി വെട്ടിക്കൊലപ്പെടുത്തിയ കേസിൽ നാലു പ്രതികൾ കൂടി അറസ്റ്റിൽ. തിരുവല്ല നിരണം മുണ്ടനാറി വീട്ടിൽ അബി (31), പീച്ചി നെല്ലിക്കൽ വീട്ടിൽ പ്രിൻസ് തോമസ് (38), അമല പുതൂക്കര വീട്ടിൽ മെൽവിൻ(21), ചേറൂർ അടിയാറ വട്ടവിള വീട്ടിൽ ശ്രീജിത്ത് (30) എന്നിവരാണ് അറസ്റ്റിലായത്. ഇതോടെ കേസിൽ അറസ്റ്റിലായവരുടെ എണ്ണം എട്ടായി.
കഞ്ചാവ് കുടിപ്പകയിൽ ഏപ്രിൽ 23നാണ് അവണൂർ ശ്യാം, മുണ്ടത്തിക്കോട് ക്രിസ്റ്റോ എന്നിവർ അവണൂർ പാറപ്പുറത്ത് കൊല്ലപ്പെട്ടത്. പ്രധാന പ്രതികളായ നാലുപേരെ നേരത്തേ അറസ്റ്റ് ചെയ്തിരുന്നു. പിക്കപ്പ് വാൻ കൊണ്ട് ഇടിച്ചുവീഴ്ത്തി വാളുകൊണ്ട് വെട്ടിയായിരുന്നു കൊലപാതകം.
അബി എന്ന അജീഷ് സംഭവത്തിൽ നേരിട്ടു പങ്കാളിയായിരുന്നു. മറ്റുള്ളവർ പ്രതികളെ രക്ഷപ്പെടാൻ സഹായിച്ചവരും. പിക്കപ്പ് വാൻ ഒളിപ്പിച്ചവരുമാണ്.ഗുരുവായൂർ എസിപി പി. ബിജുരാജ്, പേരാമംഗലം സിഐ എ.എ അഷറഫ് എന്നിവരുടെ നേതൃത്വത്തിലുള്ള ഷാഡോ സംഘമാണു പ്രതികളെ അറസ്റ്റ് ചെയ്തത്.