കോഴിക്കോട്: മത്സ്യ വിപണിയില്‍ വില കുതിച്ചുയരുന്നു. കടലില്‍ നിന്ന് ലഭിക്കുന്ന മത്സ്യത്തിന്റെ ലഭ്യതക്കുറവും അനധികൃത ട്രോളിംഗുമാണ് മത്സ്യം കുറയാനും വിപണിയില്‍ വില കുതിച്ചുയരാനും കാരണം. കഴിഞ്ഞ ദിവസം കോഴിക്കോട് സെന്‍ട്രല്‍ മാര്‍ക്കറ്റില്‍ 200 രൂപയാണ് മത്തിയുടെ വില. നാട്ടിന് പുറത്തെ ചില്ലറ വില്‍പ്പനക്കാരെയാണ് ഇത് പ്രധാനമായും ബാധിക്കുന്നത്.
ഗ്രാമീണ മേഖലയില്‍ വില ഇതിലും കൂടുതലാണ്. ചെറു മത്സ്യങ്ങളായ കോര 220-250, നത്തോലി 160-180, മാന്തള് 240-260, അയല 220-260 എന്നിങ്ങനെയാണ് വില. വലിയ മത്സ്യങ്ങളായ അയക്കൂറ 1000-1100, ആവോലി 600-800, പപ്പന്‍സ് 400-600 എന്നിങ്ങനെ നിരക്കുകളിലാണ് ഇപ്പോള്‍ വില ഈടാക്കുന്നത്. ചിലയിടങ്ങളില്‍ വില ഇതിനേക്കാള്‍ കൂടുതലായും വില്‍ക്കുന്നുണ്ട്. മത്സ്യത്തിനൊപ്പം കടുക്ക, എരുന്ത് എന്നിവയുടെ വിലയും വര്‍ധിച്ചു. അടുത്ത മാസം റമദാന് നോമ്പ് ആരംഭിക്കുന്നതിനാല്‍ വില ഇനിയും കൂടാനാണ് സാധ്യത.
ആഴക്കടലില്‍ നിന്ന് പുറത്തേക്ക് കടന്ന് വലിയ ബോട്ടുകളാണ് അനധികൃത ട്രോളിംഗ് നടത്തുന്നത്. ഇവിടത്തെ മത്സ്യത്തൊഴിലാളികള്‍ പരമാവധി 100 എച്ച്പി മോട്ടോര്‍ സ്ഥാപിച്ച ബോട്ടുകളാണ് ഉപയോഗിക്കുന്നത്. കൊച്ചി, നീണ്ടകര, മംഗളൂരു തുടങ്ങിയ സ്ഥലങ്ങളില്‍ നിന്നുള്ള ബോട്ടുകള്‍ 400 എച്ച്പി മുതല്‍ 500 വരെ ശേഷിയുള്ള മോട്ടോറുകളാണ് ഉപയോഗിച്ചാണ് എത്തുന്നത്. ഇതില്‍ ഡബിള്‍ നെറ്റാണ് സ്ഥാപിക്കുന്നത്.
ചൈനീസ് നിര്‍മിതമായ ഈ വലയില്‍ കടലിലെ മീനുകളെ മുഴുവനായി അരിച്ചെടുക്കും. മീന്‍ കുഞ്ഞുങ്ങളെ പിടിക്കുന്നത് നിയമ വിരുദ്ധമാണെങ്കിലും നിരീക്ഷിക്കാനും പിടികൂടാനും സംവിധാനമില്ല. വേനല്‍ ചൂടും പ്രതികൂലമായി ബാധിക്കുന്നുണ്ട്. ചൂടിന്റെ കാഠിന്യം കാരണം കടലില്‍ മീന്‍ അടിത്തട്ടിലേക്ക് പോകും. അതേസമയം ഇടയ്ക്ക് ലഭിക്കുന്ന വേനല്‍ മഴ പ്രതീക്ഷയേകുന്നതാണ്. ഈ സമയത്താണ് മീന്‍ചാകര ഉണ്ടാകുന്നത്.
മത്സ്യലഭ്യത കുറഞ്ഞതോടെ തൊഴിലാളികളുടെ ജീവതവും ദുരിതത്തിലായി. ഇരുപതും മുപ്പതും മത്സ്യത്തൊഴിലാളികളുമായി പോകുന്ന ബോട്ടുകള്‍ക്ക് ചെലവിന് പോലും മത്സ്യം ലഭിക്കാതെ വന്നതോടെ പലരും മീന്‍പിടിത്തം താത്കാലികമായി നിര്‍ത്തി. പരമ്പരാഗത വഞ്ചികള്‍ മാത്രമാണ് ഇപ്പോള്‍ കടലില്‍ പോകുന്നത്. അവര്‍ക്ക് ലഭിക്കുന്നത് നത്തല് മാത്രമാണ്.
സുലഭമായി കിട്ടിയിരുന്ന മത്തിയും അയലയുമെല്ലാം കാണാമറയത്താണ്. ജില്ലയില്‍ ആയിരക്കണക്കിന് മത്സ്യത്തൊഴിലാളികളാണുള്ളത്. ഇവരുടെ ഏക ഉപജീവനമാര്‍ഗമാണ് അടഞ്ഞത്. മത്സ്യബന്ധന മേഖലയില്‍ തൊഴില്‍ തേടിയെത്തിയ ഇതര സംസ്ഥാനക്കാരും ദുരിതത്തിലാണ്. പലരും മറ്റു തൊഴില്‍ മേഖലയിലേക്ക് കുടിയേറുകയാണ്. ചിലര്‍ നാട്ടിലേക്കു തിരിച്ച് പോയതായും മത്സ്യതൊഴിലാളികള്‍ പറഞ്ഞു.