മലപ്പുറം: പൊന്നാനി ലോക്സഭാ മണ്ഡലത്തിലെ എൽഡിഎഫ് സ്ഥാനാർഥി പി.വി.അൻവർ തോൽക്കുമെന്ന റിപ്പോർട്ട് സംബന്ധിച്ച പ്രചാരണം അടിസ്ഥാനരഹിതമാണെന്നും അത് മാധ്യമ ഭാവനയാണെന്നും സിപിഎം ജില്ലാ സെക്രട്ടറി പി.പി.മോഹൻദാസ് പറഞ്ഞു. എൽഡിഎഫ് ജില്ലാകമ്മിറ്റി റിപ്പോർട്ട്് തയാറാക്കിയിട്ടില്ല. പൊന്നാനിയിൽ പി.വി.അൻവർ ജയിക്കുമെന്നും ജില്ലയിൽ മുന്നേറ്റമുണ്ടാക്കാൻ കഴിയുമെന്ന് ജില്ലാ കമ്മിറ്റി വിലയിരുത്തിയതെന്നും അദ്ദേഹം പറഞ്ഞു.
20,000 വോട്ടിനെങ്കിലും ജയിക്കുമെന്നാണ് പാർട്ടി വിലയിരുത്തൽ. യുഡിഎഫിന്റെ ഇ.ടി.മുഹമ്മദ് ബഷീറിനോട് 35000 വോട്ടിന് തോൽക്കുമെന്നാണ് സിപിഎം ജില്ലാ കമ്മിറ്റി വിലയിരുത്തിയെന്നാണ് റിപ്പോർട്ട് ചെയ്തത്്. മലപ്പുറത്ത് പി.കെ.കുഞ്ഞാലിക്കുട്ടിക്ക് കഴിഞ്ഞ വർഷത്തെ ഭൂരിപക്ഷം ലഭിക്കില്ലെന്നും വിലയിരുത്തലുണ്ടെന്നാണ് പറയുന്നത്.
തെരഞ്ഞെടുപ്പിന് ശേഷം ബൂത്ത് കമ്മിറ്റികളിൽ നിന്ന് ശേഖരിച്ച വിവരങ്ങളുടെ അടിസ്ഥാനത്തിൽ സംസ്ഥാന കമ്മിറ്റിക്ക് നൽകിയ റിപ്പോർട്ടിലാണ് പി.വി.അൻവർ 35000 വോട്ടിന് തോൽക്കുമെന്ന കണക്കുള്ളതായി പറയുന്നത്. അൻവറിന് മൂന്ന് നിയോജക മണ്ഡലങ്ങളിൽ ഭൂരിപക്ഷമുണ്ടാകുമെന്നും റിപ്പോർട്ടിലുണ്ട്. തൃത്താല, തവനൂർ, പൊന്നാനി നിയോജക മണ്ഡലങ്ങളാണവ.
പൊന്നാനി നിയോജകമണ്ഡലത്തിൽ 11000 വോട്ടിന്റെ ലീഡാണ് പ്രതീക്ഷിക്കുന്നത്. തവനൂരിൽ 5000 വോട്ടും തൃത്താലയിൽ 4000 വോട്ടും ഭൂരിപക്ഷം കിട്ടുമെന്നും റിപ്പോർട്ടിൽ പറയുന്നു. നാല് നിയോജക മണ്ഡലങ്ങളിൽ ഇ.ടി.മുഹമ്മദ് ബഷീർ ഭൂരിപക്ഷം നേടുമെന്നും റിപ്പോർട്ടിലുണ്ട്.
തിരൂരങ്ങാടിയിൽ ഇ.ടിക്ക് 22000 വോട്ടാണ് സിപിഎം പ്രതീക്ഷിക്കുന്ന ലീഡ്. കോട്ടക്കലിൽ 15000, തിരൂരിൽ 12000, താനൂരിൽ 6000 വോട്ടിന്റെ ലീഡും ഇ.ടിക്കുണ്ടാകുമെന്നാണ് കണക്ക്. അതേസമയം, ഇ.ടി.മുഹമ്മദ് ബഷീർ ലീഡ് നേടുമെന്ന് സിപിഎം പറയുന്ന താനൂരിലും തിരൂരിലും ഭൂരിപക്ഷം നേടുമെന്ന് പി.വി.അൻവർ പറഞ്ഞിരുന്നു.