നാദാപുരം: ചേലക്കാട് നാഷണൽ ലേബർ പാർട്ടി കോഴിക്കോട് ജില്ലാ ട്രഷററുടെ വീടിന് നേരെ ബോംബേറിഞ്ഞ കേസിൽ സി സി ടി വി ദൃശ്യങ്ങൾ കേന്ദ്രീകരിച്ച് പോലീസ് അന്വേഷണം ഊർജിതമാക്കി ചേലക്കാട് പൂശാരി മുക്കിലെ അനശ്വരയിൽ (വലിയ വീട്ടിൽ) ഭാസ്കരന്റെ വീടിന് നേരെയാണ് ശനിയാഴ്ച പന്ത്രണ്ടേ കാലോടെ ബോംബെറിഞ്ഞത്.
ബോംബ് വീടിന്റെ മുറ്റത്ത് പതിച്ച് ഉഗ്രസ്ഫോടനം ഉണ്ടായി. സ്ഫോടന ശബ്ദം കിലോമീറ്ററുകളോളം അകലെ കേട്ടതായി നാട്ടുകാർ പറഞ്ഞു. സ്ഫോടനം നടക്കുമ്പോൾ വീട്ടിൽ ഭാസ്കരനും, ഭാര്യയും, മകളുമായിരുന്നു ഉണ്ടായിരുന്നത്. സ്ഫോടനത്തിന്റെ ആഘാതത്തിൽ വീടിന്റെ ചുമരിൽ സ്ഥാപിച്ച ഫാൻസി ലൈറ്റ് തകർന്ന് വീണു.
സ്ഫോടന സ്ഥലത്ത് നിന്ന് സ്റ്റീൽ ബോംബിന്റെ അവശിഷ്ടങ്ങൾ ബോംബ് സ്ക്വാഡ് കണ്ടെത്തി.നാദാപുരം സി ഐ രാജീവൻ വലിയവളപ്പിൽ, എസ്ഐ എസ്.നിഖിൽ എന്നിവരുടെ നേതൃത്വത്തിൽ പോലീസും ബോംബ് സ്ക്വാഡും പരിശോധന നടത്തി.
പ്രതികൾക്ക് വേണ്ടി സമീപത്തെ വീടുകളിലെ സിസിടിവി ദൃശ്യങ്ങൾ പരിശോധിക്കുമെന്ന് സിഐ പറഞ്ഞു. ലോകസഭ തെരഞ്ഞെടുപ്പിൽ വടകര പാർലമെന്റ് സീറ്റിൽ എൻഎൽ പി സ്ഥാനാർഥി മത്സരിച്ചിരുന്നു.സ്ഥാനാർഥിക്ക് വേണ്ടി ഭാസ്കരൻ പ്രവർത്തിച്ചിരുന്നു.ഇതിലുള്ള എതിർപ്പായിരിക്കാം ബോംബേറിന് പിന്നിലെന്ന് എൻഎൽപി നേതാക്കൾ പറഞ്ഞു.