അമൃതപുരി: ഫോനി ചുഴലിക്കാറ്റിൽ പെട്ടവർക്ക് രക്ഷയാകാൻ അമൃതകൃപ മൊബൈൽ ആപ്പ്. അമൃത വിശ്വ വിദ്യാപീഠത്തിലെ അമൃത സെന്റർ ഫോർ വയർലെസ് നെറ്റ് വർക്ക്സ് ആൻഡ് ആപ്ലിക്കേഷൻസ് (അമൃത ഡബ്ല്യൂഎൻഎ) രൂപപ്പെടുത്തിയതാണ് ഈ ആപ്പ്.
ദുരിതത്തിൽപെട്ടവർക്ക് രക്ഷകരെ കണ്ടെത്തുന്നതിനും ഉടനടി സഹായമെത്തിക്കുന്നതിനും സാധിക്കുമെന്നതാണ് ഈ ആപ്പിന്റെ മെച്ചം. കേരളത്തിൽ 2018 ൽ ഉണ്ടായ പ്രളയത്തിൽപ്പെട്ട 12,000 പേരെ കണ്ടെത്തുന്നതിനും രക്ഷിക്കുന്നതിനും ഈ ആപ്പ് ഉപയോഗപ്പെട്ടിരുന്നു.
ഉയർന്ന പ്രവർത്തനക്ഷമത, ഇംഗ്ലീഷ്, മലയാളം, തമിഴ്, കന്നഡ, ഹിന്ദി എന്നു തുടങ്ങി പല ഭാഷകളിൽ ഉപയോഗിക്കാൻ സാധിക്കും തുടങ്ങിയവയാണ് ഈ ആപ്പിന്റെ ഗുണമെന്ന് അമൃത ഡബ്ല്യൂഎൻഎയിലെ പ്രഫ. സേതുരാമൻ റാവു പറഞ്ഞു.
സ്മാർട്ട്ഫോണുകളിൽ വളരെ എളുപ്പത്തിൽ ഉപയോഗിക്കാൻ സാധിക്കുന്നതാണ് അമൃതകൃപ ആപ്. ഗൂഗിൾ പ്ലേ സ്റ്റോറിൽനിന്ന് ഡൗണ്ലോഡ് ചെയ്യാം. ചുഴലിക്കാറ്റ്, പ്രളയം, ഭൂമികുലുക്കം, സുനാമി എന്നുതുടങ്ങി ഏതുതരം പ്രകൃതി ദുരന്തത്തിലും സഹായമെത്തിക്കാൻ അമൃതകൃപയ്ക്ക് സാധിക്കും.
ദുരിതബാധിതരെയും രക്ഷപ്പെട്ടവരെയും ദുരിതാശ്വാസമെത്തിക്കുന്നവരെയും ദുരിതാശ്വാസക്യാംപുകൾ ഏകോപിപ്പിക്കുന്നവരെയും റെസ്ക്യൂ സംഘങ്ങളെയും അധികാരികളെയും ലക്ഷ്യമിട്ട് രൂപപ്പെടുത്തിയതാണ് ഈ ആപ്പ്.
ഒരിക്കൽ രജിസ്റ്റർ ചെയ്തു കഴിഞ്ഞാൽ ദുരിതാശ്വാസ പ്രവർത്തകരുടെ സേവനം, വൈദ്യസഹായം, അവശ്യവസ്തുക്കൾ എന്നിവയെത്തിക്കാൻ ആവശ്യപ്പെടാം. തത്സമയം ജിപിഎസ് ഡേറ്റ അനുസരിച്ച് സ്ഥലം കണ്ടെത്തി ഏറ്റവുമടുത്ത ദുരിതാശ്വാസസംഘം സഹായവുമായെത്തും.
ഒരേ സമയം ഒട്ടേറെപ്പേർ വിളിച്ചുകൊണ്ടിരിക്കുന്നതിനാൽ പലപ്പോഴും ഹെൽപ് ലൈൻ നന്പരുകളിൽ നിന്ന് സഹായം തേടാൻ സാധിക്കാതെ വരാറുണ്ടെന്ന് അമൃത ഡബ്ല്യൂഎൻഎ ഡയറക്ടർ ഡോ. മനീഷ വി. രമേഷ് ചൂണ്ടിക്കാട്ടി. ഇത് ദൗത്യപ്രവർത്തനങ്ങളെ ബാധിക്കുകയും വിലപ്പെട്ട ജീവനുകൾ നഷ്ടപ്പെടുന്നതിന് കാരണമാകുകയും ചെയ്യുന്നു.
ലോകമെങ്ങും ഉപയോഗിക്കാൻ സാധിക്കുന്ന ആപ്പിലൂടെ ദുരിതബാധിതരുടെ കൃത്യമായ ലൊക്കേഷൻ കണ്ടെത്തുന്നതിനും നേരിട്ട് സഹായം ആവശ്യമുള്ളവർക്ക് എത്തിക്കുന്നതിനും സാധിക്കുമെന്ന് ഡോ. മനീഷ പറഞ്ഞു.