തൃപ്പൂണിത്തുറ: തെരഞ്ഞെടുപ്പ് ഡ്യൂട്ടിക്കിടെ പോളിംഗ് ഉദ്യോഗസ്ഥന്റെ കൈവിരലുകൾ വോട്ടു മഷി വീണു പൊള്ളി. പഞ്ചാബ് നാഷണൽ ബാങ്ക് ഉദ്യോഗസ്ഥനായ തുപ്പംപടി സ്വദേശി എൻ.കെ. ഗോപിയുടെ രണ്ടു കൈകളിലെയും വിരലുകളാണു വോട്ടു മഷി പറ്റി പൊള്ളിയഴുകിയത്. കോട്ടയം ലോക്സഭാ മണ്ഡലത്തിൽപ്പെട്ട മണീട് പഞ്ചായത്തിലെ പാമ്പ്ര സ്കൂളിലെ പോളിംഗ് ബൂത്തിലെ മൂന്നാം പോളിംഗ് ഉദ്യോഗസ്ഥനായിരുന്നു ഗോപി.
രാവിലെ ഏഴു മുതൽ വൈകുന്നേരം ആറു വരെ ബൂത്തിൽ വോട്ടർമാരുടെ കൈവിരലുകളിൽ മഷി കുത്തിക്കൊണ്ടിരുന്നതു ഗോപിയായിരുന്നു. മഷിക്കുപ്പി ഇടതുകൈകൊണ്ടു പിടിച്ചു വലതുകൈകൊണ്ടാണു വോട്ടർമാരുടെ വിരലുകളിൽ മഷി പതിച്ചത്. ഇതാണു രണ്ടു കൈവിരലുകളിലും മഷി പറ്റാനിടയായത്. മഷി പറ്റിയിടമെല്ലാം പൊള്ളി കുമിളച്ചു. രണ്ടു ദിവസമായതോടെ വേദനയും പുകച്ചിലും ഉണ്ടാവുകയും തൊലി പൊളിയാൻ തുടങ്ങുകയും ചെയ്തു.
വേദന കൂടി ഭക്ഷണം കഴിക്കാൻ ബുദ്ധിമുട്ടായതോടെ മുളന്തുരുത്തി സർക്കാർ ആശുപത്രിയിൽ ചികിത്സ തേടുകയായിരുന്നെന്നു ഗോപി പറഞ്ഞു. മഷി കൈകാര്യം ചെയ്യുന്ന തെരഞ്ഞെടുപ്പ് ഉദ്യോഗസ്ഥർക്കു ധരിക്കാനുള്ള ഗ്ലൗസുകൾ പോളിംഗ് സാമഗ്രികൾക്കൊപ്പം വിതരണം ചെയ്തിരുന്നില്ല. മഷിക്കുപ്പിയിൽ നെയിൽപോളിഷ് കുപ്പിയിലെ അടപ്പിൽ ഘടിപ്പിച്ചിട്ടുള്ളതുപോലെ ബ്രഷ് പിടിപ്പിച്ചിരുന്നുമില്ല. ഇതാണു പൊള്ളലേൽക്കാൻ കാരണമായി ചൂണ്ടിക്കാണിക്കപ്പെടുന്നത്. മറ്റു പോളിംഗ് ബൂത്തുകളിലും വോട്ടു മഷി വീണ് ഉദ്യോഗസ്ഥരുടെ കൈവിരലുകളിൽ പൊള്ളലുണ്ടായ സംഭവങ്ങളുണ്ടായതായി പറയുന്നു.