അങ്കമാലി: ദിവസത്തിൽ പലതവണ കണ്ണാടി നോക്കാത്തവർ കുറവാണ്. എന്നാൽ ഒരിക്കൽ പോലും നിങ്ങളുടെ കണ്ണാടി നിങ്ങൾ എങ്ങനെ ഇരിക്കുന്നു എന്നു നിങ്ങളോടു പറഞ്ഞിട്ടില്ല. ഇപ്പോഴിതാ ഈ പരാതിയും തീരുന്നു. നിങ്ങൾ സുന്ദരനാണോ, നിങ്ങളുടെ മനസിൽ സന്തോഷമാണോ അതോ ദുഃഖമാണോ എന്നു തുടങ്ങി പല കാര്യങ്ങളും പറഞ്ഞുതരുന്ന ഒരു ഇന്ററാക്ടീവ് കണ്ണാടി വികസിപ്പിച്ചെടുത്തതായി ഒരുസംഘം ഗവേഷണ വിദ്യാർഥികൾ അവകാശപ്പെടുന്നു.
അങ്കമാലി ഫിസാറ്റ് സയൻസ് ആൻഡ് ടെക്നോളജി പാർക്ക് ആൻഡ് റിസർച്ച് സെന്ററിൽ ഗവേഷണം നടത്തിയ വിദ്യാർഥികളാണ് ഈ വിസ്മയക്കണ്ണാടിക്കു രൂപം കൊടുത്തിരിക്കുന്നത്. ഇന്ററാക്ടീവ് റിയൽ ടൈം ഇന്റലിജന്റ് സിസ്റ്റം എന്ന സംവിധാനത്തിലൂടെ വികസിപ്പിച്ചെടുത്ത ഈ മിററിൽ കാലാവസ്ഥ, കലണ്ടർ, ഓർത്തിരിക്കേണ്ട പ്രധാന ദിവസങ്ങൾ, സംഭവങ്ങൾ, നമ്മുടെ മുഖഭാവം, മനസിന്റെ ഭാവം തുടങ്ങി നമ്മുടെ ജീവിതവുമായി ബന്ധപ്പെട്ട എല്ലാ സംശയങ്ങൾക്കും ഈ കണ്ണാടി മറുപടി നൽകും.
ഒരിക്കൽ നമ്മുടെ പേര് ഈ കണ്ണാടി ഓർത്തു വച്ചാൽ പിന്നെ എപ്പോൾ ഈ കണ്ണാടിയുടെ മുന്നിൽ വന്നാലും പേര് ചൊല്ലി അഭിസംബോധന ചെയ്യും. പഠിക്കുന്ന വിദ്യാർഥികൾക്ക് അവരുടെ പഠന സംബന്ധമായ ഏത് സംശയങ്ങൾക്കുമുള്ള മറുപടിയും ലഭിക്കും. അധ്യാപകർ, കൃഷിക്കാർ, ബിസിനസ് മേഖലയിലുള്ളവർ, വീട്ടമ്മമാർ തുടങ്ങി ഏതു മേഖലയിലുള്ളവരുടെ സംശയങ്ങൾക്കും കണ്ണാടി ഉത്തരം നൽകും.
നാലു മാസം നീണ്ട ഗവേഷണംകൊണ്ടാണു വിദ്യാർഥികളായ നെവിൽ ചാണ്ടി അലക്സ്, ടി.എസ്. സിദ്ധനാഥ്, അലക്സ് ജോളി, ബെഞ്ചമിൻ ജെയിംസ്, അജയ് ബേബി എന്നിവർ ഇത് വികസിപ്പിച്ചെടുത്തത്. റിസർച്ച് അസി. പി.എം. നീരജാണ് പദ്ധതിക്ക് നേതൃത്വം നൽകിയത്. ഫിസാറ്റ് ഫാബ് ലാബിൽ വികസിപ്പിച്ചെടുത്ത കണ്ണാടി വ്യവസായിക അടിസ്ഥാനത്തിൽ ഉത്പാദിപ്പിക്കാൻ ഇവർ തയാറെടുക്കുകയാണ്.
ആർട്ടിഫിഷ്യൽ ഇന്റലിജൻസ്, ഓഗ്മെന്റഡ് റിയാലിറ്റി എന്നിവയുടെ സാധ്യതകൾ ഉപയോഗപ്പെടുത്തി പുതിയൊരു ഗവേഷണ കേന്ദ്രം ഫിസാറ്റ് ഫാബ് ലാബിനോടനുബന്ധിച്ചു കേരള സ്റ്റാർട്ടപ്പ് മിഷന്റെ സഹകരണത്തോടെ വികസിപ്പിച്ചെടുക്കാനുള്ള നടപടികൾ അവസാനഘട്ടത്തിലാണെന്നു സ്പാർക് സിഇഒ ജിബി വർഗീസ് പറഞ്ഞു. തലശേരിയിൽ നടന്ന ആർട്ടിഫിഷ്യൽ ഇന്റലിജിൻസ് ഫെസ്റ്റിൽ ഈ ഇന്ററാക്ടീവ് മിററിന് ഒന്നാം സമ്മാനം ലഭിച്ചിരുന്നു.