കണ്ണൂർ: കാസർഗോഡ് ലോക്സഭാ മണ്ഡലത്തിൽപ്പെട്ട കല്യാശേരിയിൽ മുസ്ലിം ലീഗ് പ്രവർത്തകർ കള്ളവോട്ടു ചെയ്യുന്ന ദൃശ്യങ്ങളുമായി സിപിഎം രംഗത്ത്. ലീഗിന് നിർണായക സ്വാധീനമുള്ള മാടായി പഞ്ചായത്തിൽ പുതിയങ്ങാടി ജമാ അത്ത് ഹയർസെക്കൻഡറി സ്കൂളിലെ രണ്ടു ബൂത്തുകളിൽ കള്ളവോട്ടു നടന്നതായുള്ള ദൃശ്യങ്ങളാണ് പുറത്തുവന്നിട്ടുള്ളത്. ഒരാൾ തന്നെ രണ്ടും മൂന്നും വോട്ടു ചെയ്യുന്നതിനായി ക്യൂവിൽ നില്ക്കുന്ന ദൃശ്യമാണ് സിപിഎം പുറത്തുവിട്ടത്.
കള്ളവോട്ട് ആരോപണത്തില്‍ എല്‍ഡിഎഫ് കുരുക്കിലായതിന് പിന്നാലെയാണ് യുഡിഎഫിനെ അതേ നാണയത്തില്‍ എല്‍ഡിഎഫ് കുരുക്കിയിരിക്കുന്നത്. ജമാ അത്ത് ഹയർസെക്കൻഡറി സ്കൂളിലെ 69-ാം ബൂത്തിലെ വോട്ടറായ എസ്.വി. മുഹമ്മദ് ഫായിസ് എഴുപതാം നമ്പർ ബൂത്തിൽ കള്ളവോട്ടു ചെയ്യുന്നതായാണ് ദൃശ്യത്തിലുള്ളത്. സ്വന്തം ബൂത്തായ 69-ാം നമ്പറിലും ഇയാൾ വോട്ടു ചെയ്യുന്നു. കള്ളവോട്ടു ചെയ്യുന്നതിനെ എൽഡിഎഫ് ഏജന്റ് ചോദ്യം ചെയ്യുമ്പോൾ മുഹമ്മദ് ഫായീസും സംഘവും ഭീഷണിപ്പെടുത്തുന്നതായും ആരോപണമുണ്ട്.
69-ാം ബൂത്തിലെ 76-ാം നമ്പർ വോട്ടറായ കെ.എം. ആഷിഖ് ഈ ബൂത്തിൽ പലതവണ വോട്ടു ചെയ്യുന്നുവെന്നുമാണ് ആരോപണം. വോട്ട് ചെയ്തുവന്ന ആഷിഖ് ബൂത്തിൽനിന്നു പുറത്തു പോകാതെ വീണ്ടും ക്യൂവിൽനിന്ന് വോട്ട് ചെയ്യുന്നുവെന്നാണ് ആരോപണം. ഈ സമയം ലീഗ് പ്രവർത്തകനായ ചൂട്ടാടെ സൈനു പുതിയൊരു സ്ലിപ്പ് കൈമാറുന്നു. ആ സ്ലിപ്പുമായി മൂന്നാമത്തെ വോട്ടും ചെയ്ത ശേഷമാണ് ആഷിഖ് പുറത്തേക്കു പോയതെന്നാണ് ആരോപണം.
അതേസമയം, കള്ളവോട്ട് ആരോപണം അന്വേഷിക്കുന്നതില്‍ എതിർപ്പില്ലെന്ന് കോൺഗ്രസ് നേതാവ് കെ.സുധാകരൻ പ്രതികരിച്ചു.