ന്യൂഡൽഹി: വോട്ടർമാരുടെ വിരലിൽ പുരട്ടുന്ന മഷി മാഞ്ഞുപോകില്ലെന്ന തെരഞ്ഞെടുപ്പ് കമ്മീഷന്റെ വാദം തുറന്നുകാട്ടി കോണ്ഗ്രസ് നേതാവ്. വോട്ട് ചെയ്തപ്പോൾ വിരലിൽ പുരട്ടിയ മഷി നെയിൽ പോളിഷ് റിമൂവർ ഉപയോഗിച്ച് മായ്ച്ചാണ് കോണ്ഗ്രസ് വക്താവ് സജ്ഞയ് ഝാ രംഗത്തെത്തിയത്. ഇതിന്റെ ചിത്രങ്ങൾ ഝാ ട്വിറ്ററിൽ പോസ്റ്റ് ചെയ്തു.
രാവിലെ 9.52-ന് മുംബൈക്കാരോടു വോട്ട് ചെയ്യാൻ അഭ്യർഥിച്ചുകൊണ്ട് താൻ വോട്ട് ചെയ്ത ചിത്രം ട്വീറ്റ് ചെയ്ത ഝാ, അരമണിക്കൂറിനുശേഷം മഷി മായ്ച വിരലിന്റെ ചിത്രവും ട്വീറ്റ് ചെയ്തു. നെയിൽ പോളിഷ് റിമൂവർ ഉപയോഗിച്ചാണ് മഷി മായ്ചതെന്ന് അദ്ദേഹം പറഞ്ഞു.
ഇത് ആദ്യമായല്ല മഷി മാഞ്ഞുപോകുന്നെന്ന ആരോപണങ്ങൾ ഉയരുന്നത്. തെരഞ്ഞെടുപ്പ് ആരംഭിച്ച ഏപ്രിൽ 11-ന് തന്നെ മഷി മാഞ്ഞുപോകുന്നതായി ചൂണ്ടിക്കാട്ടി മാധ്യമപ്രവർത്തകരടക്കം നിരവധി പേർ രംഗത്തെത്തിയിരുന്നു. ഇത് സംബന്ധിച്ച് തെരഞ്ഞെടുപ്പ് കമ്മീഷനു വിവരം നൽകിയിരുന്നെങ്കിലും തുടർനടപടികളുണ്ടായതായി റിപ്പോർട്ടില്ല.
മൈസൂർ ആസ്ഥാനമായ കന്പനിയാണ് മഷി നിർമിക്കുന്നത്. 26 ലക്ഷം മഷിക്കുപ്പികളാണ് ലോക്സഭാ തെരഞ്ഞെടുപ്പിനായി കമ്മീഷൻ വാങ്ങിയത്. ഇതിന് 33 കോടി രൂപ ചെലവു വന്നതായാണു കണക്ക്.