തൊടുപുഴ: ഫോനി ചുഴലിക്കാറ്റിനെത്തുടർന്ന് ഇടുക്കി ജില്ലയിൽ മഴ ശക്തമായി.ഇന്നലെ ഉച്ചകഴിഞ്ഞു ജില്ലയുടെ വിവിധ ഭാഗങ്ങളിൽ ശക്തമായ മഴ ലഭിച്ചു. മഴയോടൊപ്പം ചില പ്രദേശങ്ങളിൽ ശക്തമായ കാറ്റും മിന്നലുമുണ്ടായി.ചുഴലിക്കാറ്റ് മുന്നറിയിപ്പിനെത്തുടർന്നു ജില്ലയിൽ ഇന്നലെയും ഇന്നും യല്ലോ അലർട്ട് പ്രഖ്യാപിച്ചിരിക്കുകയാണ്.
ജലനിരപ്പ് ഉയർന്നതോടെ കല്ലാർകുട്ടി, പാംബ്ല ഡാമുകളുടെ ഷട്ടർ ഇന്നു രാവിലെ ഏഴിനു തുറന്നുവിടുമെന്നു വൈദ്യുതി വകുപ്പ് അറിയിച്ചു. പത്തു ക്യുമെക്സ് വെള്ളമാണ് തുറന്നു വിടുന്നത്. പെരിയാറിന്റെ ഇരുകരകളിലുമുള്ളവർ ജാഗ്രത പാലിക്കണം.
ഡാമുകളിൽ ജലനിരപ്പ് കുറവാണെങ്കിലും വൃഷ്ടിപ്രദേശത്തു മഴ ശക്തമായതിനാൽ സുരക്ഷ മുൻനിർത്തിയാണ് ഡാം നേരത്തെ തുറന്നുവിടുന്നത്.
അതേസമയം, മൂലമറ്റം പവർഹൗസിൽ കഴിഞ്ഞ ദിവസങ്ങളിൽ വൈദ്യുതി ഉത്പാദനം പരമാവധി ശേഷിയിലെത്തിയതിനാൽ മലങ്കര ഡാമിലേക്ക് ഒഴുകിയെത്തുന്ന വെള്ളത്തിന്റെ അളവ് വർധിച്ചിരുന്നു. പ്രദേശത്തു മഴയും കനത്തതോടെ ഇന്നലെ വൈകുന്നേരം ഡാമിന്റെ രണ്ടു ഷട്ടർ തുറന്നു തൊടുപുഴയാറിലേക്കു വെള്ളം ഒഴുക്കിത്തുടങ്ങി. 30 സെന്റിമീറ്റർ അളവിലാണ് ഷട്ടർ തുറന്നിരിക്കുന്നത്. നിലവിൽ ഡാമിലെ ജലനിരപ്പ് 41.90 മീറ്ററാണ്. ഡാമിന്റെ പരമാവധി സംഭരണ ശേഷി 42 മീറ്ററാണ്.
വൈദ്യുതി ഉത്പാദനം പരമാവധിയിലെത്തിയതിനെത്തുടർന്നു കഴിഞ്ഞ രണ്ടു മാസത്തിനുള്ളിൽ രണ്ടു തവണ ഡാമിന്റെ ഷട്ടർ തുറന്നുവിട്ടിരുന്നു. ഇടുക്കി ഡാമിൽ ജലനിരപ്പ് കുറഞ്ഞുവരികയാണ്. സംഭരണ ശേഷിയുടെ 35 ശതമാനം വെള്ളമാണ് നിലവിൽ ഡാമിലുള്ളത്. ഇന്നല രാവിലെ ഏഴിലെ കണക്കനുസരിച്ച് 2336.55 അടിയാണ് ഡാമിലെ ജല നിരപ്പ്.
2403 അടിയാണ് ഡാമിന്റെ സംഭരണ ശേഷി. വേനൽമഴയിലുണ്ടായ കുറവും ഇത്തവണത്തെ അത്യുഷ്ണം മൂലം വൈദ്യുതി ഉത്പാദനത്തിലുണ്ടായ വർധനയുമാണ് ഇടുക്കി അണക്കെട്ടിലെ ജലനിരപ്പ് താഴ്ന്ന നിലയിലെത്താൻ കാരണമായത്.
വരും ദിവസങ്ങളിൽ ഡാമിന്റെ വൃഷ്ടിപ്രദേശത്ത് ആവശ്യത്തിനു മഴ ലഭിച്ചില്ലെങ്കിൽ സംസ്ഥാനത്തു രൂക്ഷമായ വൈദ്യുതി പ്രതിസന്ധിക്കുള്ള സാധ്യതയും കൂടുതലാണ്.
ജെയിസ് വാട്ടപ്പിള്ളിൽ