തിരുവനന്തപുരം: കാസര്‍കോട് ലോക്സഭ മണ്ഡലത്തില്‍ കള്ളവോട്ട് നടന്നുവെന്ന് മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസർ സ്ഥിരീകരിച്ചതിന് പിന്നാലെ ഓപ്പണ്‍ വോട്ടാണ് നടന്നതെന്ന വാദം ആവര്‍ത്തിച്ച് മന്ത്രി ഇ.പി ജയരാജന്. ഓപ്പൺ വോട്ട് തന്നെയാണ് ചെയ്തത്. കള്ളവോട്ട് ചെയ്തെന്ന വാർത്ത നൽകിയവർക്കെതിരെ നിയമനടപടി എടുക്കുമെന്നും ഇ.പി.ജയരാജൻ പറഞ്ഞു.
കള്ളവോട്ട് വിഷയത്തിൽ സംസ്ഥാന സർക്കാർ പ്രതിക്കൂട്ടിലല്ല. സര്‍ക്കാരിതില്‍ കക്ഷിയുമല്ല. തെരഞ്ഞെടുപ്പ് കമ്മീഷനും വോട്ടര്‍മാരും തമ്മിലുള്ളതാണ് പ്രശ്നമെന്നും മന്ത്രി പറഞ്ഞു. ഓപ്പണ്‍ വോട്ട് ചെയ്തതാണെന്ന് സ്ത്രീകൾ തന്നെ മാധ്യമങ്ങളോട് പറഞ്ഞിരുന്നു. കള്ളവോട്ടെന്ന് വാർത്ത പ്രസിദ്ധീകരിച്ച മാധ്യമത്തിനെതിരേയും നിയമ നടപടിക്ക് ആ സ്ത്രീകള്‍ പോവുകയാണെന്നും മന്ത്രി പറഞ്ഞു.
കാസര്‍കോട് മണ്ഡലത്തിലെ പിലാത്തറ എയുപി സ്കൂളിലെ 19-ാം നമ്പർ ബൂത്തിൽ മൂന്നു കള്ളവോട്ട് നടത്തുവെന്ന് മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസർ ടിക്കാറാം മീണ സ്ഥിരീകരിച്ചിരുന്നു. ഓപ്പണ്‍ വോട്ടാണ് നടന്നതെന്ന സിപിഎം വാദം ടിക്കാറാം മീണ തള്ളി. സിപിഎമ്മിന്റെ വാദം വസ്തുതാവിരുദ്ധമാണെന്നാണ് അദ്ദേഹം പറഞ്ഞത്.