ന്യൂഡൽഹി: ഭാവിയുടെ ഗതാഗത സംവിധാനത്തിലേക്ക് ഇലക്ട്രിക് വാഹനങ്ങൾ ഉൾപ്പെടുത്തി മലിനീകരണം കുറയ്ക്കാനാണ് രാജ്യം ശ്രമിക്കുന്നത്. ഇലക്ട്രിക് വാഹന പ്രചാരണം ഏറിവരുന്ന സാഹചര്യത്തിൽ പൊതുജനത്തോട് മാരുതി സുസുകി ഇന്ത്യ ചെയർമാൻ ആർ.സി. ഭാർഗവയ്ക്ക് ഒരു ചോദ്യമുണ്ട് “രാജ്യത്ത് ഇപ്പോൾ അഞ്ചു ലക്ഷത്തിനു ലഭിക്കുന്ന പെട്രോൾ വാഹനം ഇലക്ട്രിക് ആയാൽ ഒന്പത് ലക്ഷം രൂപ വില വരും. നിങ്ങൾ വാങ്ങുമോ?’’
നിലവിലെ നികുതി സംവിധാനം കണക്കാക്കിയാൽ വാഹനം നിരത്തിലെത്താൻ ഏകദേശം 12 ലക്ഷം രൂപയോളമാകുമെന്ന് മാരുതി സുസുകി എംഡി കെനിച്ചി അയുകവ പറയുന്നു. നിലവിൽ ചരക്കു സേവന നികുതി ഇലക്ട്രിക് വാഹനങ്ങൾക്ക് 12 ശതമാനമാണുള്ളത്. ചെറിയ പെട്രോൾ ഹാച്ച്ബാക്കുകൾക്ക് 28ഉം. എന്നാൽ, പെട്രോൾ ഹാച്ച്ബാക്കുകളുടെ ഉത്പാദനച്ചെലവ് വളരെ കുറവാണ്.
സർക്കാർ ഫെയിം-2 പദ്ധതി പ്രഖ്യാപിച്ചത് ഇതുവരെ നടപ്പായിട്ടില്ല. ഇത് നടപ്പായാൽ സ്വകാര്യവ്യക്തികൾ കൂടുതൽ ഇലക്ട്രിക് വാഹനങ്ങളിലേക്ക് തിരിയും. എന്നാൽ, രാജ്യത്ത് ഇതുവരെയും ചാർജിംഗ് സംവിധാനങ്ങൾ ആയിട്ടില്ല എന്നത് പോരായ്മയാണ്. മറ്റു രാജ്യങ്ങളുടെയും പ്രധാന പ്രശ്നം ഇതുതന്നെയാണ്. സർക്കാർ മുൻകൈയെടുത്ത് കൂടുതൽ ചാർജിംഗ് സംവിധാനങ്ങളൊരുക്കണമെന്നും അയുകവ പറഞ്ഞു.
നിലവിൽ ഇലക്ട്രിക് വാഹനങ്ങൾക്കായി ടൊയോട്ടയുടെ സഹായത്തോടെ ലിഥിയം അയോൺ ബാറ്ററി പ്ലാന്റ് മാരുതി നിർമിച്ചിട്ടുണ്ട്. ഗുജറാത്തിലുള്ള ഈ പ്ലാന്റിൽ ഉത്പാദനം തുടങ്ങുന്നതോടെ ഇലക്ട്രിക് വാഹനങ്ങൾക്കുള്ള സാമഗ്രികൾ ഇറക്കുമതി ചെയ്യുന്നതിനുള്ള ഭാരിച്ച ചെലവ് കുറയ്ക്കാനാകും. ഭാവിയിലെ ഗതാഗത സംവിധാനം എപ്പോൾ നടപ്പാകുമെന്ന കാര്യം ഇപ്പോൾ പറയാനാവില്ലെന്നാണ് ഭാർഗവ പറയുന്നത്.
രാജ്യത്തെ ഏറ്റവും വലിയ വാഹനനിർമാതാക്കളായ മാരുതി സുസുകി അടുത്ത വർഷം ഏപ്രിൽ മുതൽ ഡീസൽ വാഹനങ്ങൾ നിരത്തിലിറക്കില്ലെന്ന് പോയ വാരം പ്രഖ്യാപിച്ചിരുന്നു. കാരണം നിലവിലുള്ള ഡീസൽ എൻജിനുകൾ ബിഎസ് -6 നിബന്ധനകൾക്കു വിധേയമാക്കാൻ ഭാരിച്ച ചെലവ് വേണ്ടിവരുന്നതിനാലാണ് ഈ നീക്കം. ഇനി പെട്രോൾ, ഇലക്ട്രിക് എൻജിനുകൾ വ്യാപകമാക്കാനാണ് തീരുമാനം. അടുത്ത വർഷം വാഗൺ ആർ ഇവി വിപണയിൽ അവതരിപ്പിച്ചേക്കും.