തിരുവല്ല: ഗതാഗത കുരുക്കിലമർന്ന് തിരുവല്ല നഗരം. രണ്ടാഴ്ചക്കാലത്തിലേറെയായി തുടരുന്ന ഗതാഗത കുരുക്ക് പരിഹരിക്കാൻ നടപടി സ്വീകരിക്കാതെ അധികൃതർ. അശാസ്ത്രീയമായ ഗതാഗത നിയന്തണങ്ങളും അനധികൃത പാർക്കിംഗും എസ്സിഎസ് ജംഗ്ഷനിലെ സിഗ്നൽ ലൈറ്റ് അടിക്കടി പണിമുടക്കുന്നതുമാണ് കുരുക്ക് വർധിക്കാൻ പ്രധാന കാരണം.
കൂടാതെ എംസി റോഡിൽ മഴുവൻ മുതൽ എസ്സിഎസ് ജംഗ്ഷൻ വരെയും മല്ലപ്പള്ളി റോഡിലും ജല അഥോററ്റി പൈപ്പ് ഇടുന്നതിനായി കുഴികൾ എടുത്തത് വേണ്ട രീതിയിൽ മൂടാഞ്ഞതോടെ പല സ്ഥലങ്ങളിലും കുഴികൾ രൂപപ്പെട്ടിട്ടുണ്ട്. ഇത്തരം കുഴികളിൽ വാഹനങ്ങൾ ഇറങ്ങി താഴുന്നതോടെ കൂടുതൽ ഗതാഗത തടസം സൃഷ്ടിക്കുന്നു. നഗരത്തിലെ റോഡുകളുടെ ശോച്യാവസ്ഥയും വാഹനങ്ങളുടെ മെല്ലെപ്പോക്കിന് കാരണമാകുന്നുണ്ട്.
കുരിശുകവല മുതൽ രാമൻ ചിറ വരെയുള്ള ഒരു കിലോമീറ്റർ ദൂരം താണ്ടാൻ വാഹനങ്ങൾക്ക് ഒരു മണിക്കൂർ വരെ കാത്തു കിടക്കേണ്ട അവസ്ഥയാണ്. യു ടേൺ ഒഴിവാക്കുന്നതിനായി നഗരത്തിൽ എംസി റോഡിലും ടികെ റോഡിലുമായി ട്രാഫിക്ക് പോലീസ് സ്ഥാപിച്ചിരുന്ന ക്യൂബുകൾ നീക്കം ചെയ്തതും ഗതാഗതം താറുമാറാകാൻ ഇടയാക്കുന്നുണ്ട്.
പാർക്കിംഗ് നിരോധിത സ്ഥലങ്ങളിലെ അനധികൃത പാർക്കിംഗിനെതിരെ നടപടിയെടുക്കാൻ ബന്ധപ്പെട്ടവർ വിമുഖത കാട്ടുന്നതും കുരുക്ക് വർധിക്കാൻ കാരണമാണ്. കെഎസ്ആർടിസി ബസ് സ്റ്റാൻഡിൽ നിന്നും ഒന്നിലേറെ ബസുകൾ ഒരേ സമയം അകത്തേക്ക് കയറുമ്പോഴും തിരികെ ഇറങ്ങുമ്പോഴും കവാടങ്ങളുടെ ഇരുവശവും വാഹനങ്ങൾ കൊണ്ട് നിറയും.
ട്രാഫിക് പോലീസ് ഏറെ പണിപ്പെട്ടാണ് ഗതാഗതക്കുരുക്കിനു പരിഹാരം കാണുന്നത്. കുരുക്ക് രൂക്ഷമാകുമ്പോൾ നഗരത്തോടു ചേർന്നുള്ള റിംഗ് റോഡുകളിലൂടെ വാഹനങ്ങൾ കടത്തിവിട്ട് തിരക്കൊഴിവാക്കുന്നതിൽ പോലീസിന് സംഭവിക്കുന്ന വീഴ്ചയും പ്രശ്നം വർധിക്കാൻ കാരണമാകുന്നുണ്ട്.
ഗതാഗത കുരുക്ക്മൂലം ഓട്ടോറിക്ഷകൾ ചെറിയ ഓട്ടം പോകാൻ വിമുഖത കാണിക്കുന്നു. ഗതാഗത കുരുക്ക് ഒഴിവാക്കുന്നതിന് ആവശ്യമായ നടപടി സ്വീകരിക്കാൻ അധികൃതർ തയാറാകണമെന്നാവശ്യം ശക്തമാണ്.