വീട്ടില്‍ ഉള്ളപ്പോള്‍ എനിക്ക് വേണ്ട ചായ ഞാനാണ് ഉണ്ടാക്കുന്നത്! ഇഷ്ടഭക്ഷണമായ ഖിച്ച്ടി ഞാന്‍ സ്വന്തമായി തയാറാക്കും; ഇഷ്ട ഭക്ഷണത്തെക്കുറിച്ച് വീണ്ടും മനസു തുറന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി

സ്വകാര്യ ജീവിതത്തിലെ ഇഷ്ടാനിഷ്ടങ്ങളെക്കുറിച്ച് വിവരിച്ചുകൊണ്ട്, അക്ഷയ്കുമാറിന് പ്രധാനമന്ത്രി നരേന്ദ്രമോദി അനുവദിച്ച അഭിമുഖം ഏറെ ശ്രദ്ധേയമായിരുന്നു. ഇഷ്ട വ്യക്തികളെക്കുറിച്ചും ഇഷ്ട പ്രവര്‍ത്തികളെക്കുറിച്ചും എന്തിനേറെ ഉറക്കത്തെക്കുറിച്ചുപോലും അദ്ദേഹം വിവരിക്കുകയുണ്ടായി. ഇപ്പോഴിതാ ഒരു ദേശീയ മാധ്യമത്തിന് നല്‍കിയ അഭിമുഖത്തില്‍ ഇഷ്ട ഭക്ഷണ വിഭവത്തെക്കുറിച്ചും അദ്ദേഹം മനസ് തുറന്നിരിക്കുന്നു. അതാണിപ്പോള്‍ സമൂഹമാധ്യമങ്ങളില്‍ ട്രെന്‍ഡിംഗായി മാറിക്കൊണ്ടിരിക്കുന്ന വിഷയം.

അദ്ദേഹത്തിന്റെ വാക്കുകളിങ്ങനെ… ‘വീട്ടിലുള്ളപ്പോള്‍ എനിക്ക് വേണ്ട ചായ ഞാന്‍ ഉണ്ടാക്കാറുണ്ട്. ഇഷ്ടഭക്ഷണമായ ഖിച്ച്ടി ഞാന്‍ സ്വന്തമായി തയാറാക്കും. ഇതെല്ലാം കേള്‍ക്കുമ്പോള്‍ ആളുകള്‍ അമ്പരക്കും. കാരണം, ഇത്തരം കാര്യങ്ങളൊന്നും ഒരിക്കലും ചര്‍ച്ചയില്‍ വരാറില്ലല്ലോ! മുമ്പൊക്കെ രാവിലെ 4:30നോ 5 മണിക്കോ എഴുന്നേല്‍ക്കും. വീട് മുഴുവന്‍ വൃത്തിയാക്കും. എല്ലാവര്‍ക്കും വേണ്ടി ചായയുണ്ടാക്കും.

എല്ലാവരെയും 5:20 ആകുമ്പേഴേക്കും വിളിച്ചുണര്‍ത്തും. എന്നിട്ട് തയാറാക്കിവച്ച ചായ അവര്‍ക്ക് നല്‍കും. ഒന്ന് പുറത്തുപോയി വന്ന ശേഷം ഞാന്‍ തന്നെ പ്രഭാതഭക്ഷണം തയാറാക്കും. പോഹയാണ് എനിക്ക് ഇഷ്ടമുള്ള മറ്റൊരു ഭക്ഷണം. ഇത്രയും കഴിഞ്ഞ ശേഷം പത്രം വായന… ഇങ്ങനെയൊക്കെയായിരുന്നു രണ്ട്-രണ്ടരക്കൊല്ലത്തെ ശീലങ്ങള്‍’- മോദി കൂട്ടിച്ചേര്‍ത്തു.

ഭക്ഷണക്കാര്യത്തിലെ തുറന്നുപറച്ചിലിലൂടെ വാര്‍ത്താ താരമായി മാറിയ ഖിച്ച്ടിയും പോഹയും എങ്ങനെ തയാറാക്കാമെന്നാണ് ഇപ്പോള്‍ രാജ്യത്തെ സ്ത്രീകളുടെയിടയില്‍ ചര്‍ച്ച. തമിഴ് വിഭവമായ പൊങ്കല്‍ പോലെയുള്ളതാണ് ഖിച്ച്ടി. ഉരുളക്കിഴങ്ങും അവലും ചേര്‍ത്ത് ഉണ്ടാക്കുന്ന വിഭവമാണ് പോഹ.

Related posts