കോടാലി: പത്തുകുളങ്ങരയിലും ഇഞ്ചക്കുണ്ടിലും കഴിഞ്ഞ രാത്രി കാട്ടാനക്കൂട്ടം ഇറങ്ങി കാർഷിക വിളകൾ വ്യാപകമായി നശിപ്പിച്ചു. വീടുകൾക്ക് തൊട്ടടുത്തുവരെ കാട്ടാനകളെത്തിയതിനാൽ പ്രദേശവാസികൾ ഭീതിയിലാണ്. പത്തുകുളങ്ങരയിലെ പല്ലിക്കാട്ടിൽ ഹംസ, ചീനിക്കൽ അബ്ദുൾറഹ്മാൻ എന്നിവരുടെ വീടുകൾക്ക് സമീപമാണ് ഞായറാഴ്ച രാത്രി പതിനൊന്നോടെ രണ്ട് കാട്ടാനകൾ എത്തിയത്. നാട്ടുകാർ ഏറെ പണിപ്പെട്ടാണ് കാട്ടാനകളെ തുരത്തിയത്.
വനാതിർത്തിയിൽ സ്ഥാപിച്ച സോളാർ വേലികൾ തകർത്താണ് ആനകൾ വീടുകൾക്കു സമീപത്തെത്തിയതെന്ന് പത്തുകുളങ്ങര സ്വദേശി ചീനിക്കൽ അബ്ദുൾറഹ്മാൻ പറഞ്ഞു ഇഞ്ചക്കുണ്ട് പ്രദേശത്തും തിങ്കളാഴ്ച വെളുപ്പിന് ആനകൾ ജനവാസമേഖലയിറങ്ങി. ആലനോലിക്കൽ ബാബുവിന്റെ കൃഷിസ്ഥലത്തെത്തിയ ആനകൾ തെങ്ങ് നശിപ്പിച്ചു. പ്ലാവിലെ നിരവധി ചക്കകളും കാട്ടാനകൾ തിന്നു.
ശനിയാഴ്ച രാത്രി ചൊക്കന പ്രദേശത്ത് പുലിയിറങ്ങി പശുക്കുട്ടിയെ കൊന്നിരുന്നു. തോട്ടംതൊഴിലാളികൾ താമസിക്കുന്ന പാഡികൾക്കു സമീപത്തെ റോഡിൽ മേഞ്ഞിരുന്ന പശുക്കുട്ടിയെയാണ് പുലി ആക്രമിച്ചത്. കഴിഞ്ഞ ഒരു വർഷത്തിനിടെ അഞ്ചോളം തവണയാണ് ചൊക്കനയിൽ പുലിയിറങ്ങി വളർത്തുമൃഗങ്ങളെ കൊല്ലുന്നത്.
കാട്ടുമൃഗങ്ങളുടെ ശല്യം കൂടിവരുന്നതിനാൽ മറ്റത്തൂർ, കോടശേരി, വരന്തരപ്പിള്ളി പഞ്ചായത്തുകളിലെ വനാർത്തി ഗ്രാമങ്ങളിൽ താമസിക്കുന്നവർ ഭീതിയോടാണ് ഓരോ ദിവസവും തള്ളിനീക്കുന്നത്. കാട്ടാന, പുലി, കാട്ടുപന്നി തുടങ്ങിയവയാണ് പ്രധാനമായും മലയോര കർഷകർക്കും തോട്ടം തൊഴിലാളികൾക്കും പേടിസ്വപ്നമായി മാറിയത്.
മിക്ക രാത്രികളിലും ഈ പ്രദേശങ്ങളിൽ കാട്ടാനകളെത്തുന്നുണ്ട്. ചൊക്കനയിലെ കാരിക്കടവ് പുഴയോരത്തുള്ള പള്ളം പ്രദേശത്ത് പകൽ സമയത്തുപോലും ആനകളിറങ്ങുന്നുണ്ട്. മലയോരഗ്രാമങ്ങളിൽ ധാരാളമുള്ള പ്ലാവുകളിൽ ചക്കകൾ വ്യാപകമായി പഴുത്തുകിടക്കുന്നതാണ് പ്രധാനമായും ഈ സീസണിൽ കാട്ടാനകളെ ജനവാസമേഖലയിലേക്ക് ആകർഷിക്കുന്നത്. വനാതിർത്തിയിൽ സൗരോർജവൈദ്യുതി വേലികൾ സ്ഥാപിച്ചെങ്കിലും വന്യജീവി ശല്യം തടയാൻ ഇത് പര്യാപ്തമായിട്ടില്ല.