ഗുരുവായൂർ: അമൃത്-പ്രസാദ് പദ്ധതികളുടെ നിർമാണങ്ങളുടെ ഇഴഞ്ഞുപോക്ക് വൈശാഖ പുണ്യകാലത്ത് ഗുരുവായൂരിലെത്തുന്ന ഭക്തർക്കു ദുരിതകാലമാകും. മണ്ഡലകാലം കഴിഞ്ഞാൽ ഏറ്റവും അധികം തിരക്കനുഭവപ്പെടുന്ന സമയമാണ് വൈശാഖമാസം. മെയ് അഞ്ചിനാണ് വൈശാഖ മാസാരംഭം. ക്ഷേത്ര നഗരത്തിലെ കാന നിർമാണവും റോഡ് പൊളിച്ചുള്ള മറ്റുനിർമാണങ്ങളും ദർശനത്തിനെത്തുന്ന ഭക്തർക്കു ബുദ്ധിമുട്ടിലാക്കും.
നഗരത്തിൽ കാന നിർമാണം നടക്കുന്നതിനാൽ റോഡുകളെല്ലാം പൊളിച്ചിട്ടിരിക്കുകയാണ്. വാഹനങ്ങൾക്ക് ഒരു വശത്തുകൂടി മാത്രം പോകാൻ കഴിയുന്ന സംവിധാനമാണ് പ്രധാന റോഡുകളിലുളളത്.തിരക്കുള്ള ദിവസങ്ങളിൽ വാഹനങ്ങൾ പാർക്ക് ചെയ്യാൻ സ്ഥലമില്ലാതെ ഭക്തർ ബുദ്ധിമുട്ടേണ്ടിവരും.
ഗുരുവായൂർ ദേവസ്വത്തിന്റെ പാർക്കിംഗ് കേന്ദ്രവും നഗരസഭയുടെ രണ്ടു പ്രധാന പാർക്കിംഗ് കേന്ദ്രങ്ങളും നിർമാണ പ്രവർത്തനങ്ങൾക്കായി അടച്ചിട്ടിരിക്കുകയാണ്. ക്ഷേത്രത്തിലേക്കെത്തുന്ന പ്രാധാന റോഡായ തെക്കേനടയിൽ ദേവസ്വം ഓഫീസിനു സമീപം കാന പൊളിച്ചിട്ടിട്ട് ആഴ്ചകൾ കഴിഞ്ഞിട്ടും നിർമാണം പൂർത്തീകരിക്കാനായിട്ടില്ല. ഇതു പൂർത്തീകരിക്കുന്നതിനുമുന്പ് ഇന്നർ റിംഗ് റോഡും കാന നിർമാണത്തിനായി പൊളിക്കാനൊരുങ്ങുകയാണ്. ഇതോടെ വാഹനങ്ങളിൽ വരുന്നവർ ക്ഷേത്രത്തിലേക്കെത്താൻ ഏറെ ബുദ്ധിമുട്ടേണ്ടിവരും.
അഴുക്കുചാൽ പദ്ധതിക്കു റോഡ് പൊളിച്ചപ്പോഴുണ്ടായിരുന്ന ദുരിതകാലത്തിലേക്കു വീണ്ടും എത്തുമോയെന്നാണ് നഗരവാസികളുടെ ആശങ്ക. നഗരസഭ പ്രദേശത്തെ എല്ലാ ഉൾറോഡുകളും കുടിവെള്ള പദ്ധതിക്കായി പൊളിച്ചിട്ടതോടെ വാഹനങ്ങൾ കടന്നുപോകുന്നതിനു ഏറെ ബുദ്ധിമുട്ടുന്ന അവസ്ഥായണ്. മഴ പെയ്താൽ റോഡുകളെല്ലാം ചെളിക്കുണ്ടുകളാകുന്നതോടെ കാൽനടപോലും പറ്റാത്ത സാഹചര്യമുണ്ടാകും. മഴക്കാലത്തിനുമുന്പ് കാന നിർമാണം പൂർത്തീകരിക്കുമെന്നാണ് അധികൃതർ പറയുന്നത്.
വിവിധ പദ്ധതികളുടെ പേരിൽ ഗുരുവായൂരിലുണ്ടായിരിക്കുന്ന ദുരവസ്ഥക്കു പരിഹാരം കാണാൻ ജില്ലാ ഭരണകൂടം ഇടപെടണമെന്ന് കോണ്ഗ്രസ് മണ്ഡലം പ്രസിഡന്റ് ബാലൻ വാറണാട്ട്, കൗണ്സിലർ ആന്റോ തോമസ് എന്നിവർ ആവശ്യപ്പെട്ടു.