കൊല്ലം : തീരദേശങ്ങളിൽ കഞ്ചാവ് സുലഭം. കായലോരങ്ങളും കടലോരങ്ങളും കേന്ദ്രീകരിച്ചാണ് ബൈക്കിലെത്തുന്ന സംഘങ്ങളുടെ കഞ്ചാവ് കച്ചവടം പൊടിപൊടിക്കുന്നത്. ആർക്കും സംശയം തോന്നാത്ത തരത്തിൽ മാന്യമായ വേഷവിധാനത്തോടെയാണ് ചെറുപ്പക്കാരായ വിൽപ്പനസംഘമെത്തുന്നത്. കടലോരങ്ങളിലും ഹാർബർ കേന്ദ്രീകരിച്ചും വൻതോതിലാണ് കഞ്ചാവ് വിൽ്പന. അടുത്തിടെയായി കായലോരങ്ങളും സംഘം പിടിമുറുക്കി.
നിരവധി യുവാക്കളും വിദ്യാർഥികളും കഞ്ചാവു സംഘത്തിന്റെ വലയിലാകുന്നതായിട്ടാണ് വിവരം. തീരമേഖലകളിലും സമീപ പ്രദേശങ്ങളിലും ഉൾപ്പെട്ട ചിലർ എക്സൈസ്, പോലീസ് സംഘങ്ങളുടെ നിരീക്ഷണത്തിലാണെന്ന് പറയുന്നെങ്കിലും അധികൃതർ വേണ്ടത്ര സജീവമല്ല. ജില്ലയിൽ തന്നെ ഏറ്റവും കൂടുതൽ കഞ്ചാവ് , മയക്കുമരുന്നു വിപണന കേന്ദ്രമായി കരുനാഗപ്പള്ളി താലൂക്കിന്റെ വിവിധ പ്രദേശങ്ങൾ മാറിക്കഴിഞ്ഞിരിക്കുകയാണ്.
കഞ്ചാവുമായി പിടിയിലാകുന്നവർ ഒരാഴ്ചക്കുള്ളിൽ വീണ്ടും വിൽപ്പനക്കാരായി രംഗത്തുണ്ട്. ഇതുതന്നെയാണ് കഞ്ചാവ് വിൽപ്പന വ്യാപകമാകാൻ കാരണം. കോളജ് വിദ്യാർഥികൾ പോകുന്നതുപോലെയാണ് ചെറുപ്പക്കാരായ കഞ്ചാവ് വിൽപ്പനക്കാർ ബൈക്കുകളിലും സ്കൂട്ടറുകളിലും കറങ്ങിനടന്ന് ആവശ്യക്കാർക്ക് നൽകുന്നത്.
ചവറ, നീണ്ടകര, കോവിൽത്തോട്ടം, പൊന്മന, കരുനാഗപ്പള്ളി, അഴീക്കൽ ബീച്ച് തുടങ്ങിയ തീരദേശ പ്രദേശങ്ങളിലും കായലോരങ്ങളിലും എത്തി പ്രദേശങ്ങളിലെ യുവാക്കളെ വലയിൽ വീഴ്ത്തുകയാണ്. അധ്വാനഭാരം കുറവും പ്രതിഫലം കൂടുതലും കിട്ടുന്ന കഞ്ചാവ് വിൽപ്പനയിലേക്ക് വൻതോതിൽ യുവാക്കൾ കടന്നുവരികയാണ്.
തേവലക്കര, ചവറ തെക്കുംഭാഗം, നീണ്ടകര, ചവറ പ്രദേശങ്ങളിലെ കായലോരങ്ങളിലും വിൽപ്പന നടക്കുന്നു. രാത്രി ഇടറോഡുകളിലും ശ്രദ്ധയിൽപ്പെടാത്ത ഒഴിഞ്ഞ സ്ഥലങ്ങളിലും കഞ്ചാവുപയോഗിക്കുന്നവരുടെ എണ്ണം വർധിച്ചുവരുന്നുണ്ട്.
കഞ്ചാവ് വില്പനയും ഉപയോഗവും വ്യാപകമായെന്ന പരാതിയെ തുടര്ന്ന് കരുനാഗപ്പള്ളി എക്സൈസ് റേഞ്ച്, സർക്കിൾ, കരുനാഗപ്പള്ളി എ സി പി യുടെ നിയന്ത്രണത്തിലുള്ള പോലീസ് സ്റ്റേഷൻ പരിധിയിൽ വരുന്ന ചില സ്ഥലങ്ങൾ ഷാഡോ അംഗങ്ങളുടെ നിരീക്ഷണത്തിലാണ്.