ചങ്ങരംകുളം: മലപ്പുറം ജില്ലയിൽ വീടുകളും വ്യാപാര സ്ഥാപനങ്ങളും കേന്ദ്രീകരിച്ചു തട്ടിപ്പുകൾ വ്യാപകമാകുന്നു. മന്ത്രവാദത്തിന്റെ പേരിൽ വീട്ടമ്മയിൽ നിന്നു പണം തട്ടിയ ആന്ധ്ര സ്വദേശിനികൾ കഴിഞ്ഞ ദിവസം ചങ്ങരംകുളം പോലീസിന്റെ പിടിയിലായി. കക്കിടിപ്പുറത്തെ പുരുഷൻമാരില്ലാത്ത വീട്ടിലെത്തിയ രണ്ടു ആന്ധ്ര സ്വദേശികളായ യുവതികൾ ഭർത്താവിന് വലിയ ആപത്ത് വരാനുണ്ടെന്നും അതു തടയുന്നതിനു വേണ്ട പ്രതിവിധികൾ ചെയ്യാൻ പണം ആവശ്യമാണെന്നും തെറ്റിധരിപ്പിച്ച് വീട്ടമ്മയിൽ നിന്നു 5000 രൂപ കൈക്കലാക്കിയിരുന്നു.
പിന്നീട് വീണ്ടും ഇവർ വീട്ടമ്മയുടെ അടുത്തെത്തി കൂടുതൽ പണവും സ്വർണവും ആവശ്യപ്പെട്ടതോടെ സംശയം തോന്നിയ വീട്ടമ്മ ബന്ധുക്കളെയും നാട്ടുകാരെയും വിവരമറിയിക്കുകയായിരുന്നു. തുടർന്നു നാട്ടുകാർ ചങ്ങരംകുളം പോലീസിനെ വിവരം അറിയിക്കുകയും പോലീസെത്തി സ്ത്രീകളെ കസ്റ്റഡിയിൽ എടുക്കുകയായിരുന്നു.
കഴിഞ്ഞ ദിവസം ചങ്ങരംകുളം കാഞ്ഞിയൂരിലെ ഒരു വീട്ടിൽ തവണ വ്യവസ്ഥയിൽ വീട്ടുപകരണങ്ങൾ നൽകാനെന്ന പേരിൽ വ്യാജ ബിൽ ബുക്കുമായെത്തിയ രണ്ടു പേർ വീട്ടമ്മയിൽ നിന്നു മുൻകൂർ ഇനത്തിൽ 2000 രൂപ തട്ടിയെടുത്തു. അന്വേഷണത്തിൽ അങ്ങനെ ഒരു സ്ഥാപനം ഇല്ലെന്നും പ്രദേശത്തെ പല വീടുകളിൽ നിന്നു ഇത്തരത്തിൽ പണം തട്ടുന്നുണ്ടെന്നും മനസിലായി.
ചങ്ങരംകുളത്തെ ഏതാനും വ്യാപാര സ്ഥാപനങ്ങളിൽ കഴിഞ്ഞ ദിവസങ്ങളിൽ ഉടമസ്ഥന് ഫോണ് ചെയ്ത് സംസാരിക്കുന്നതായി ഭാവിച്ച് ജീവനക്കാരിൽ നിന്നു പണം തട്ടിയിരുന്നു. ഏതാനും ആഴ്ചകൾക്കു മുന്പാണ് പ്രദേശത്തെ വലിയ ഹോട്ടലുകൾ കേന്ദ്രീകരിച്ചു പാർസൽ ഓർഡർ ചെയ്ത് ബാങ്കിലേക്ക് തുക ട്രാൻസർ ചെയ്യാനെന്ന വ്യാജേനെ ഹോട്ടൽ ജീവനക്കാരിൽ നിന്നു ബാങ്ക് വിവരങ്ങളും ഒടിപിയും സംഘടിപ്പിച്ചു പണം തട്ടിയത്.
മാസങ്ങൾക്ക് മുന്പ് തിരക്കേറിയ ഷോപ്പുകൾ കേന്ദ്രീകരിച്ചു പാർസൽ ഏൽപിച്ച് ഉടമസ്ഥൻ ഷോപ്പിൽ വന്നു വാങ്ങുമെന്ന് തെറ്റിധരിപ്പിച്ചും വ്യാപകമായി തട്ടിപ്പുകൾ നടന്നിരുന്നു. പലപ്പോഴും തട്ടിപ്പിനിരയാകുന്നവർ ചെറിയ തുക ആയതു കൊണ്ടും മാനഹാനി ഭയന്നും ഇവ പുറത്തു പറയാറുമില്ല.
റംസാൻ മാസമാകുന്നതോടെ പ്രദേശത്തെ വീടുകളിൽ ഇത്തരം തട്ടിപ്പ് സംഘങ്ങൾ ധാരാളമായി എത്താൻ സാധ്യതയുണ്ടെന്നും ജനങ്ങൾ ജാഗ്രത പാലിക്കണമെന്നും പോലീസ് ഓർമപ്പെടുത്തുന്നുണ്ട്. പ്രദേശത്തെ ഇത്തരത്തിൽ സമാനമായ നിരവധി തട്ടിപ്പുകൾ നടക്കുന്പോഴും ജനങ്ങൾ ഇത്തരക്കാരുടെ കെണിയിൽ പെടാതിരിക്കാനുള്ള ജാഗ്രത കാണിക്കുന്നില്ലെന്നും പോലീസ് പറയുന്നു.