നിയാസ് മുസ്തഫ
മേയ് 23ന് വോട്ടെണ്ണുന്പോൾ കർണാടക രാഷ്ട്രീയത്തിലെ സൂപ്പർസ്റ്റാർ സുമലത ആയി മാറുമോയെന്നാണ് ദേശീയ രാഷ്ട്രീയം ഉറ്റുനോക്കുന്നത്. മുഖ്യമന്ത്രി കുമാരസ്വാമിയുടെ മകനും നടനുമായ നിഖിൽ കുമാരസ്വാമിയും കോൺഗ്രസ് സീറ്റ് നിഷേധിച്ചതിനെത്തുടർന്ന് സ്വതന്ത്രയായി മത്സരിച്ച മുൻകാല തെന്നിന്ത്യൻ നടി സുമലതയും പോരാട്ടത്തിനിറങ്ങിയതോടെ മാണ്ഡ്യ ലോക്സഭാ മണ്ഡലത്തിന് താരപരിവേഷം വന്നിരുന്നു.
കോൺഗ്രസ്-ജെഡിഎസ് സഖ്യം നിലനിൽക്കുന്ന കർണാടകയിൽ ജെഡിഎസിനാണ് മാണ്ഡ്യ സീറ്റ് നൽകിയത്. സുമലതയുടെ ഭർത്താവും നടനും എംപിയുമായിരുന്ന അംബരീഷ് ആയിരുന്നു മാണ്ഡ്യ മണ്ഡലത്തെ പ്രതിനിധീകരിച്ചുവന്നത്. എംപിയായിരിക്കേ 2018 നവംബർ 24ന് അംബരീഷ് മരണപ്പെട്ടു. ഇതോടെ അംബരീഷിന്റെ പിൻഗാമിയായി സുമലത മത്സരിക്കാൻ ആഗ്രഹം പ്രകടിപ്പിച്ചു.
എന്നാൽ സുമലത മത്സരിക്കുന്നതിനോട് കോൺഗ്രസിന്റെ സംസ്ഥാന നേതൃത്വത്തിൽ ചിലർക്ക് അത്ര താല്പര്യം ഇല്ലായിരുന്നു. പക്ഷേ പ്രാദേശിക കോൺഗ്രസ് നേതൃത്വം സുമലയതക്ക് സീറ്റ് നൽകണമെന്നും വാദിച്ചു. പിന്നീട് ജെഡിഎസുമായി ഒത്തുകളിച്ച് കോൺഗ്രസിന്റെ ചില നേതാക്കൾ സുമലത മാണ്ഡ്യയിൽ സ്ഥാനാർഥിയാകുന്നത് തടഞ്ഞു. ഇതോടെ പ്രാദേശിക കോൺഗ്രസ് നേതൃത്വത്തിന്റെ രഹസ്യവും പരസ്യവുമായ പിന്തുണയോടെ സുമലത മാണ്ഡ്യയിൽ സ്വതന്ത്ര സ്ഥാനാർഥിയായി മത്സരിക്കാൻ തീരുമാനിച്ചു.
വീണു കിട്ടിയ അവസരം ബിജെപി മുതലെടുത്തു. അവർക്ക് മാണ്ഡ്യയിൽ വലിയ സ്വാധീനമില്ലെങ്കിലും രണ്ടുലക്ഷത്തോളം വോട്ടുകളുണ്ട്. മാണ്ഡ്യയിൽ സ്ഥാനാർഥിയെ നിർത്താതെ സുമലതയെ ബിജെപി പിന്തുണച്ചു. ഒപ്പം കോൺഗ്രസിലെ പ്രാദേശിക നേതൃത്വവും സുമലതയ്ക്കുവേണ്ടി പ്രവർത്തിച്ചു. സുമലതയ്ക്കായി സിനിമാ മേഖലയിൽ നിന്നുള്ള പ്രമുഖരും രംഗത്തെത്തിയതോടെ നിഖിൽ പ്രചാരണത്തിൽ ബഹുദൂരം പിന്നിലായി.
തോടെ സുമലത രണ്ടുലക്ഷം വോട്ടിനെങ്കിലും മാണ്ഡ്യയിൽ വിജയിക്കുമെന്നാണ് ഇന്റലിജൻസ് റിപ്പോർട്ട് വന്നിരിക്കുന്നത്. പക്ഷേ ഇന്റലിജൻസ് റിപ്പോർട്ടിൽ മതിമറന്ന് നടക്കാൻ സുമലത തയാറല്ല. മേയ് 23ന് റിസൾട്ട് വരുന്നതു വരെ കാത്തിരിക്കാനാണ് സുമലത പറയുന്നത്. വിജയിക്കുമെന്ന് ശുഭപ്രതീക്ഷ തനിക്കുണ്ടെന്നും സുമലത പറയുന്നു.
നിഖിൽ വിജയിക്കാൻ സാധ്യത കുറവാണെന്നു വന്നതോടെ കുമാരസ്വാമിയും ആകെ വിയർക്കുകയാണ്. മകന്റെ വിജയ സാധ്യത അറിയാൻ കുമാരസ്വാമി ജ്യോതിഷികളെ സമീപിച്ചതായും ക്ഷേത്രങ്ങൾ സന്ദർശിച്ച് പ്രത്യേക പ്രാർഥനകൾ നടത്തുന്നതായും റിപ്പോർട്ടുകളുണ്ട്.
ഇതുസംബന്ധിച്ച് മാധ്യമപ്രവർത്തകരുടെ ചോദ്യങ്ങളിൽനിന്ന് അദ്ദേഹം ഒഴിഞ്ഞു മാറുകയാണ്. മാണ്ഡ്യയിലെ നിയമസഭാ മണ്ഡലങ്ങളിലെല്ലാം ജെഡിഎസിന്റെ എംഎൽഎമാരാണ് നിലവിലുള്ളത്. എന്നിട്ടും സുമലത ലീഡ് ചെയ്യുന്നുവെന്നാണ് വിവരം.
അതേസമയം മാണ്ഡ്യയിൽ മുതിർന്ന ജെഡിഎസ് നേതാക്കളെ പരിഗണിക്കാതെ നിഖിലിനെ സ്ഥാനാർഥിയാക്കിയതിൽ ജെഡിഎസിലെ പല നേതാക്കൾക്കും അതൃപ്തിയുണ്ടായിരുന്നു. സുമലതയുടെ വിജയത്തിനായി കുമാരസ്വാമിയുടെ കുടുംബാധിപത്യത്തിൽ താല്പര്യക്കുറവുള്ള ജെഡിഎസ് നേതാക്കൾ രഹസ്യമായി വോട്ടു മറിച്ചതായും സംശയമുണ്ട്.
ഭർത്താവ് മരിച്ചതിലുള്ള സഹതാപ തരംഗവും അർഹതപ്പെട്ടിട്ടും സീറ്റ് നിഷേധിച്ചതിലുള്ള കോൺഗ്രസ് പ്രവർത്തകരുടെ രോഷവുമെല്ലാം സുമലതയ്ക്ക് വോട്ടായി മാറുമെന്നു തന്നെയാണ് വിലയിരുത്തൽ.