ബംഗളൂരു: ഇന്ത്യന്‍ പ്രീമിയര്‍ ലീഗിൽനിന്ന് ഇംഗ്ലണ്ട് ക്രിക്കറ്റ് താരങ്ങള്‍ ലോകകപ്പ് തയാറെടുപ്പിനായി പിന്മാറിയതിനു പിന്നാലെ ഓസ്ട്രേലിയന്‍ കളിക്കാരും പിന്മാറുന്നു. ഓസ്ട്രേലിയയുടെ ലോകകപ്പ് ടീമില്‍ ഇടംപിടിച്ച ഡേവിഡ് വാർണറും സ്റ്റീവ് സ്മിത്തും ജേസണ്‍ ബെഹരെന്ഡോര്ഫുമാണ് നാട്ടിലേക്കു മടങ്ങുന്നത്.
ഓപ്പണര്‍ വാര്‍ണര്‍ മടങ്ങുന്നതു സണ്‍റൈസേഴ്സ് ഹൈദരാബാദിനെയും സ്മിത്തിന്റെ പോക്ക് രാജസ്ഥാന് റോയല്‍സിനും തിരിച്ചടിയാകും. മുംബൈ ഇന്ത്യന്‍സിന്റെ ഓസ്ട്രേലിയന്‍ പേസര്‍ ജേസണ്‍ ബെഹരെന്ഡോര്ഫും നാട്ടിലേക്കു മടങ്ങുകയാണ്. മൂവരും ലോകകപ്പിനു മുമ്പുള്ള സന്നാഹ മത്സരങ്ങള്‍ക്കായാണ് ഓസ്ട്രേലിയയിലേക്കു പോകുന്നത്. മേയ് രണ്ടിന്് ഓസ്ട്രേലിയന്‍ ടീമിന്റെ ലോകകപ്പ് ക്യാമ്പ് ആരംഭിക്കും.
വാര്‍ണര്‍ നല്കുന്ന തുടക്കമാണ് സണ്‍റൈസേഴ്സിനെ മികച്ച സ്കോറിലേക്കു പലപ്പോഴും നയിച്ചത്. കഴിഞ്ഞ ദിവസം കിംഗ്സ് ഇലവന് പഞ്ചാബിനെതിരേ 56 പന്തില്‍ 81 റണ്‍സ് എടുത്ത വാര്‍ണര്‍ ഈ സീസണിലെ എട്ടാമത്തെ അര്‍ധ സെഞ്ചുറി തികച്ചു. ഈ സീസണില്‍ വാര്‍ണര്‍ക്കൊപ്പം ഓപ്പണ്‍ ചെയ്യാനുണ്ടായിരുന്ന ഇംഗ്ലണ്ടിന്റെ ജോണി ബെയര്‍സ്റ്റോ ഇല്ലാതിരുന്നത് ഓസ്ട്രേലിയന്‍ താരത്തെ ഒട്ടും ബാധിച്ചില്ല.
വാര്‍ണര്‍ പുതിയ ഓപ്പണിംഗ് കൂട്ടുകാരന് വൃദ്ധിമാന്‍ സാഹയ്ക്കൊപ്പം നല്ല തുടക്കമിട്ടു. കിംഗ്സ് ഇലവന് കളിക്കാർ നന്നായി പന്തെറിഞ്ഞിട്ടും വാര്‍ണറുടെ മികവില്‍ സണ്‍റൈസേഴ്സിന് 20 ഓവറില്‍ ആറു വിക്കറ്റിന് 212 റണ്‍സ് എടുക്കാനായി. ഈ സ്കോർ ഹൈദരാബാദ് ബൗളര്‍മാര്‍ക്ക് പ്രതിരോധിക്കാനുമായി.
ഒരു വര്‍ഷത്തെ വിലക്കിനുശേഷം അന്താരാഷ്ട്ര ക്രിക്കറ്റില്‍ ലോകകപ്പോടെ സജീവമാകാനൊരുങ്ങുന്ന വാര്‍ണര്‍ക്ക് ഐപിഎലിലെ പ്രകടനത്തോടെ ഫോമിലാണെന്നു തെളിയിക്കാനായി.ഈ സീസണിന്റെ ഇടയ്ക്ക് അജിങ്ക്യ രഹാനെയില്നിന്ന് രാജസ്ഥാന് റോയല്‍സിന്റെ നായകപദവിയേറ്റെടുത്തതോടെ ടീമിന്റെയും വ്യക്തിപരമായ പ്രകടനത്തിനും മികവ് കണ്ടെത്തിയാണ് സ്മിത് ഓസ്ട്രേലിയയിലേക്കു പോകുന്നത്.
രാജസ്ഥാന്റെ ഒമ്പതാം മത്സരം മുതലാണ് സ്മിത് നായകനായത്. നാലു കളിയില്‍ മൂന്നു ജയം നേടാന്‍ സ്മിത്തിന്റെ നേതൃത്വത്തിനായി. മുന്‍ ഓസ്ട്രേലിയന്‍ നായകന് അര്‍ധ സെഞ്ചുറികളുമായി ഫോമിലേക്കു തിരിച്ചെത്താനുമായി. ഇരുവരും ന്യൂസിലന്‍ഡിനെതിരേയുള്ള സന്നാഹ മത്സരത്തിനായാണ് ടീമിനൊപ്പം ചേരുന്നത്.
ലോകകപ്പിനായി ഓസ്ട്രേലിയന്‍ ടീമില്‍ ചേരാനാണ് ജേസണ്‍ നാട്ടിലേക്ക് മടങ്ങിയത്. ജേസണ്‍ ബെഹരെന്ഡോര്ഫു തന്നെയാണ് താന്‍ നാട്ടിലേക്ക് മടങ്ങുന്ന കാര്യം ട്വിറ്ററിലൂടെ അറിയിച്ചത്. ആദ്യ ഐപിഎല്‍ സീസണ് തന്നെ മനോഹരമായ ഒരു അനുഭവമായിരുന്നു. തുടര്‍ന്നു നന്നായി കളിക്കൂ. നിങ്ങളെ ഫൈനലില്‍ കാണാനായി കാത്തിരിക്കുകയാണ് ഞാന്‍ -ജേസണ്‍ ട്വീറ്റ് ചെയ്തു.മുംബൈയ്ക്കുവേണ്ടി അഞ്ച് മത്സരങ്ങള്‍ കളിച്ച അഞ്ച് വിക്കറ്റ് വീഴ്ത്തിയിട്ടുണ്ട്.