ഗാന്ധിനഗർ: കോട്ടയം മെഡിക്കൽ കോളജ് കുട്ടികളുടെ ആശുപത്രിയിലെ പീഡിയാട്രിക് കാർഡിയോളജി ഒപി വിഭാഗത്തിലെത്തിയ ഹൃദയ ശസ്ത്രക്രിയയ്ക്കു വിധേയനായ ആറു മാസം പ്രായമായ കുട്ടിയെ പരിശോധിക്കുവാൻ തയാറായില്ലെന്ന് ആക്ഷേപം. മുഖ്യമന്ത്രി, ആരോഗ്യമന്ത്രി, ആശുപത്രി സൂപ്രണ്ട് എന്നിവർക്കു കുട്ടിയുടെ രക്ഷിതാവ് പരാതി നൽകും.
കട്ടപ്പന കാഞ്ചിയാർ സ്വദേശികളുടെ ആറു മാസം പ്രായമായ പെണ്കുട്ടിയെ ഹൃദ്രോഗ വിഭാഗത്തിൽ കാണിക്കുന്നതിനാണ് ഇവർ എത്തിയത്. ആശുപത്രിയിലെത്തിയത് ഉച്ചയ്ക്ക് 12.30നാണ്. ഒപി ടിക്കറ്റെടുത്ത് ബന്ധപ്പെട്ട വിഭാഗത്തിലെ ഡോക്ടർ ഇരിക്കുന്ന മുറിയിലേക്കു കുഞ്ഞുമായി കയറി. ഈ സമയം മുറിയിലുണ്ടായിരുന്ന ഈ വിഭാഗത്തിലെ വനിതാ ഡോക്ടർ രോഗിയെ നോക്കുന്ന സമയം കഴിഞ്ഞുവെന്നു പറഞ്ഞു.
ജന്മനാ ഹൃദ്രോഗിയാണെന്നും ഈ ആശുപത്രിയിൽ തന്നെ ഹൃദയ ശസ്ത്രക്രിയ നടത്തിയ കുട്ടിയാണെന്നും അതിനാൽ കുട്ടിയുമായി അമിതവേഗത്തിൽ വരാൻ കഴിയാത്തതാണു താമസിക്കാൻ കാരണമെന്നും കുട്ടിയുടെ മാതാവ് വിശദീകരിച്ചെങ്കിലും ഡോക്ടർ അംഗീകരിക്കുവാൻ തയാറാകാതെ മുറിയിൽനിന്ന് ഇറങ്ങിപ്പോകുവാൻ തയാറായി.
അപ്പോൾ കുട്ടിയുടെ മാതാവ് ഒപി സമയം കഴിഞ്ഞില്ലല്ലോയെന്ന് ഡോക്ടറോട് ചോദിച്ചത് ഇഷ്ടപ്പെടാതിരിന്ന ഡോക്ടർ ദേഷ്യപ്പെട്ടു ‘നിങ്ങളാണോ ഒപിസമയം നിശ്ചിയിക്കുന്നത് ’ എന്നു പറഞ്ഞ് മുറിയിൽനിന്ന് ഇറങ്ങിപ്പോയി. മാതാവ് കരഞ്ഞുകൊണ്ട് ഡോക്ടറുടെ പിന്നാലെ ചെന്നെങ്കിലും ഇവർ വാഹനത്തിൽ കയറിപ്പോകുകയായിരുന്നുവെന്ന് ഇവർ പറയുന്നു. കുട്ടിയെ അത്യാഹിത വിഭാഗത്തിൽ കാണിക്കുകയായിരിന്നു.
പിന്നീട് സംഭവം അറിഞ്ഞ് ആർഎംഒ ഡോ. ജയപ്രകാശ് സ്ഥലത്തെത്തി കുട്ടിയെ പരിശോധിച്ചു. ശേഷം രാത്രിയോടെ ഇവർ ആശുപത്രിവിട്ടു. ആശുപത്രി സൂപ്രണ്ടിനു പരാതി നൽകുവാൻ തയാറായെങ്കിലും ഈ സമയം അവർ സ്ഥലത്തില്ലാതിരുന്നതിനാൽ പരാതി ഇന്നു തപാലിൽ അയയ്ക്കുമെന്ന് ബന്ധുക്കൾ പറഞ്ഞു. വനിതാ ഡോക്ടർ കുട്ടികളായ രോഗികളോടും അവരുടെ രക്ഷിതാക്കളോടും വളരെ മോശമായാണു പെരുമാറുന്നതെന്ന് മറ്റ് രോഗികളുടെ രക്ഷിതാക്കൾ പറയുന്നു.
ചികിത്സാ ഭയംകൊണ്ടാണ് ഇവർക്കെതിരെ ആരും പരാതി നൽകുവാൻ തയാറാകാത്തതെന്നും ഇവർ പറയുന്നു.
ഈസംഭവം തന്റെ ശ്രദ്ധയിൽപ്പെടുകയോ ആരുംപരാതി നൽകുകയോ ചെയ്തിട്ടില്ലെന്ന് ആശുപത്രി സൂപ്രണ്ട് ഡോ. പി. സവിത പറഞ്ഞു. ഒപി സമയം കഴിഞ്ഞുവെങ്കിൽപ്പോലും മുറിയിൽ ഡോക്ടർ ഉണ്ടായിരുന്നുവെങ്കിൽ കുട്ടിയെ പരിശോധിക്കേണ്ടതായിരിന്നുവെന്നും സൂപ്രണ്ട് പറഞ്ഞു.