തിരുവല്ല: നഗരസഭയുടെ കീഴിലുള്ള തിരുവല്ല താലൂക്ക് ആശുപത്രിയിലെ ഓപ്പറേഷന് തീയറ്റര്‍ വൈദ്യുതി തകരാര്‍ മൂലം അടച്ചുപൂട്ടിയിട്ട് രണ്ടു മാസം. പകരം താത്കാലിക തീയറ്റര്‍ ഒരുക്കുമെന്ന അധികൃതരുടെ പ്രഖ്യാപനം പാഴ്വാക്കായി.
പ്രതിദിനം നൂറുകണക്കിന് രോഗികള്‍ എത്തുന്ന താലൂക്കാശുപത്രിയുടെ നിലനില്പിനു പോലും ഭീഷണിയായിട്ടും അധികൃതര്‍ തിരിഞ്ഞു നോക്കാത്തതില്‍ വ്യാപക പ്രതിഷേധമാണ് ഉയരുന്നത്. അടിസ്ഥാന സൗകര്യങ്ങള്‍ ഇല്ലാത്തതിനെ തുടര്‍ന്ന് കോഴഞ്ചേരിയിലെ ജില്ലാ ആശുപത്രി, കോട്ടയം മെഡിക്കല്‍ കോളജ് എന്നിവിടങ്ങളിലേക്ക് രോഗികളെ പറഞ്ഞുവിടേണ്ട ഗതികേടിലാണ് ഡോക്ടര്‍മാര്‍.
താത്കാലിക തീയറ്റര്‍ ഒരുക്കിയാല്‍ അടിയന്തര ശാസ്ക്രിയകള് ചെയ്യാന്‍ ഡോക്ടര്‍മാര്‍ ഒരുക്കമാണ്. അടിയന്തര ശസ്ത്രക്രിയ വേണ്ടവരെ ഭീതിയോടു കൂടിയാണ് മറ്റുള്ളിടത്തേക്ക് ഡോക്ടര്‍മാര്‍ അയയ്ക്കുന്നത്. പത്ത് ശസ്ത്രക്രിയകള്‍ വരെ ദിനംപ്രതി നടക്കുന്ന താലൂക്കാശുപത്രിയിലെ ഓപ്പറേഷന് തിയറ്ററിന് എന്നും പരാധീനതകള്‍ ഏറെയാണ്. പത്ത് വര്‍ഷം മാത്രം പഴക്കമുള്ള നിലവിലെ ഓപ്പറേഷന് തീയറ്ററിനെ വൈദ്യുതി പ്രതിസന്ധി പിന്തുടരുന്നു.
ഓപ്പറേഷന് തീയറ്റര്‍ സ്ഥിതി ചെയ്യുന്ന കെട്ടിടത്തിലെ വൈദ്യുതി സംവിധാനങ്ങള്‍ താറുമാറായിട്ട് നാളുകളായി. നിലവാരം കുറഞ്ഞ സാധനങ്ങള്‍ ഉപയോഗിച്ചുള്ള വയറിംഗ് സംവിധാനത്തിലെ പിഴവാണ് വൈദ്യുതി മുടക്കത്തിന് ഇടയാക്കുന്നത്. ഓപ്പറേഷന് തീയറ്ററിലെ ലൈനില്‍ തീപിടിത്തം നിത്യസംഭവമാണ്. ഇത് നിരവധി തവണ ഡോക്ടര്‍മാര്‍ ഉള്‍പ്പെടെയുള്ളവര്‍ അധികൃതരുടെ ശ്രദ്ധയില്‍ പെടുത്തിയെങ്കിലും നടപടി ഉണ്ടായിട്ടില്ല.
റീവയറിംഗ് നടത്തുന്ന കാര്യം ഇടക്കാലത്ത് നഗരസഭാ അധികൃതര്‍ പറഞ്ഞിരുന്നെങ്കിലും അതും നടന്നില്ല. മൂന്ന് മാസം മുമ്പ് വൈദ്യുതി ലൈനില്‍ തീപിടിത്തം ഉണ്ടായതിനെത്തുടര്‍ന്ന് രണ്ട് ദിവസം ഓപ്പറേഷന് തീയറ്റര്‍ അടച്ചിട്ടിരുന്നു. താത്കാലിക പണികള്‍ ചെയ്താണ് പിന്നീട് തുറന്നത്. രണ്ട് മാസം മുമ്പ് ജനറേറ്റര്‍ കൂടി കേടായതോടെ ഓപ്പറേഷന് തീയറ്റര്‍ പൂർണമായും അടച്ചിട്ടിരിക്കുകയാണ്.
കാലാവധി കഴിഞ്ഞ നിരവധി പഴയ കെട്ടിടങ്ങളും വിച്ഛേദിക്കാത്ത വൈദ്യുതി സംവിധാനങ്ങളും ആണ് പ്രധാന കെട്ടിടങ്ങളിലെ വൈദ്യുതി മുടക്കത്തിന് ഇടയാക്കുന്നതെന്നാണ് ജീവനക്കാര്‍ പറയുന്നത്. താലൂക്ക് ആശുപത്രിയില്‍ പുതുതായി നിര്‍മിച്ച ഒപി ബ്ലോക്കില്‍ ഓപ്പറേഷന് തീയേറ്റര്‍ നിര്‍മിക്കുന്നതിന് 63 ലക്ഷം രൂപാ രേഖ ഗണേശ് എംപി അനുവദിച്ചിരുന്നു. ഇതിന്റെ പേരില്‍ ആശുപത്രിയില്‍ ബോര്‍ഡും വച്ചിരുന്നു.
രണ്ട് വര്‍ഷം മുന്‍പ് അനുവദിച്ച തുകയ്ക്ക് ഭരണാനുമതി ലഭിച്ചെങ്കിലും സാങ്കേതിക സമിതിയുടെ അനുമതി ലഭിക്കാത്തതിനാല്‍ ഇതുവരെയും നിർമാണം തുടങ്ങിയിട്ടില്ല. പണം അനുവദിച്ചത് വാങ്ങിയെടുക്കാന്‍ പോലും തയാറല്ലാത്ത നഗരസഭാ അധികൃതര്‍ക്കെതിരേ പ്രതിക്ഷേധം ഉയരുമ്പോഴും ആശുപത്രി ഉടമകളായ നഗരസഭയ്ക്ക് നിസംഗതയാണ്.
ഗൈനോക്കോളജി വിഭാഗത്തിലും അസ്ഥിരോഗ വിഭാഗത്തിലും മിക്ക ദിവസങ്ങളിലും നിരവധി ഓപ്പറേഷന് നടക്കുന്ന താലൂക്കാശുപത്രിയില്‍ നിലവില്‍ ഈ രണ്ടു വിഭാഗങ്ങളുടെയും പ്രവര്‍ത്തനത്തെ പൂര്‍ണമായും നിലച്ചിരിക്കുകയാണ്. ഓപ്പറേഷന് തിയറ്ററിന്റെ അടച്ചുപൂട്ടല്‍ സാധാരണക്കാരായ നൂറുകണക്കിന് രോഗികളെ ബാധിക്കുന്നതില്‍ പ്രതിഷേധിച്ച് വരും ദിവസങ്ങളില്‍ നഗരസഭാ മാര്‍ച്ച് ഉള്‍പ്പെടെയുള്ള പ്രതിക്ഷേധങ്ങള്‍ക്ക് ഒരുങ്ങുകയാണ് വിവിധ സംഘടനകള്‍.