മലയാളികളുടെ പ്രിയപ്പെട്ട അഭിനേത്രികളിലൊരാളാണ് മഞ്ജു വാര്യർ. യുവജനോത്സവ വേദിയിൽ നിന്നു സിനിമയിലേക്കെത്തിയ താരത്തിന് തുടക്കം മുതൽത്തന്നെ ഗംഭീര സ്വീകരണമായിരുന്നു ലഭിച്ചത്. നാടൻ കഥാപാത്രങ്ങളെയായിരുന്നു തുടക്കത്തിൽ താരം അവതരിപ്പിച്ചത്.
നൃത്തത്തിന് പ്രാധാന്യമുള്ള സിനിമകളുടെ ഭാഗമാവാനും താരത്തിന് കഴിഞ്ഞിരുന്നു. മലയാള സിനിമയിലെ ശക്തമായ സ്ത്രീകഥാപാത്രങ്ങൾ പരിശോധിക്കുന്പോൾ കന്മദത്തിലെ ഭാനുവും പത്രത്തിലെ ദേവുവുമൊക്കെ ആ ലിസ്റ്റിൽ ഇടംപിടിക്കുമെന്ന കാര്യത്തിൽ സംശയമില്ല.
ലുലു ഫാഷൻ വീക്കിൽ റാന്പിലും തിളങ്ങിയ മഞ്ജു വാര്യരുടെ ചിത്രങ്ങളാണ് ഇപ്പോൾ സോഷ്യൽ മീഡിയയിലൂടെ വൈറലായിക്കൊണ്ടിരിക്കുന്നത്. ഫേസ്ബുക്കിലൂടെ താരം തന്നെയാണ് ചിത്രങ്ങൾ പങ്കുവെച്ചത്.
സ്റ്റൈലിന്റെ കാര്യത്തിൽ തന്നെ വെല്ലാനാരുമില്ലെന്ന് പല താരങ്ങളും തെളിയിക്കാറുണ്ട്. അത്തരത്തിലുള്ളൊരു വരവുമായെത്തിയിരിക്കുകയാണ് മഞ്ജു വാര്യർ. ചുവപ്പും കറുപ്പുമുള്ള സാരിയണിഞ്ഞായിരുന്നു താരത്തിന്റെ വരവ്. പതിവ് പോലെ തന്നെ മുഖത്ത് നിറപുഞ്ചിരിയായിരുന്നു. റാംപിലെ നടത്തത്തിനിടയിൽ ആരാധകരെ നോക്കി കൈവീശുന്ന ചിത്രവും താരം പങ്കുവെച്ചിട്ടുണ്ട്. പ്രൈഡ് ഓഫ് കേരള പുരസ്കാരം സ്വന്തമാക്കിയത് മഞ്ജുവായിരുന്നു.