ഇരിങ്ങാലക്കുട: ബസ് സ്റ്റാൻഡിനു സമീപം നടക്കുന്ന കൂടൽമാണിക്യം ക്ഷേത്ര ഗോപുര കവാടത്തിന്റെ നിർമാണം അനിശ്ചിതത്വത്തിൽ. കവാടം നിർമിച്ച് സമർപ്പണം നടത്താമെന്നേറ്റിരുന്ന വ്യക്തി ദേവസ്വവുമായി ഉണ്ടാക്കിയിരുന്ന കരാറിൽനിന്ന് പിന്മാറിയിരുന്നു. ഇതിനു പിന്നാലെ കവാട നിർമാണത്തിനായി ലക്ഷങ്ങൾ പിരിച്ചെന്നാരോപിച്ച് ഭക്തജനങ്ങളിൽ ചിലർ കോടതിയെ സമീപിച്ചതോടെ നിർമാണം പ്രതിസന്ധിയിലായി.
കഴിഞ്ഞ ഭരണസമിതിയുടെ കാലത്താണു സ്റ്റാൻഡിനു സമീപം ഗോപുരകവാടം നിർമിക്കാൻ ദേവസ്വം തീരുമാനിച്ചത്. ഇതിനുള്ള അനുമതിയും സർക്കാരിൽനിന്നു ലഭിച്ചിരുന്നു. ഇതിനായി ഒരു ഭക്തൻ മുന്നോട്ടുവന്നതോടെ ദേവസ്വം അതിനു അനുമതി നൽകുകയായിരുന്നു. എന്നാൽ ദ്രുതഗതിയിലാരംഭിച്ച കവാടത്തിന്റെ നിർമാണപ്രവൃത്തികൾ പിന്നീട് പലതവണ തടസപ്പെട്ടു. പുതിയ ഭരണസമിതി വന്നതിനുശേഷം കവാടത്തിന്റെ നിർമാണം പൂർത്തിയാക്കാൻ 2018 മാർച്ച് 31 വരെ ദേവസ്വം സമയം നൽകിയെങ്കിലും പൂർത്തിയാക്കാൻ സാധിച്ചില്ല.
തുടർന്ന് കവാടത്തിന്റെ നിർമാണപ്രവൃത്തികൾ ഏറ്റെടുക്കുകയാണെന്നു കാണിച്ച് ദേവസ്വം ഇയാൾക്ക് നോട്ടീസ് നൽകിയിരുന്നു. ഇതിനെതിരേ ഹൈക്കോടതിയെ സമീപിച്ച് ഇയാൾ 2019 മാർച്ച് 31 നകം നിർമാണം പൂർത്തിയാക്കി കവാടത്തിന്റെ സമർപ്പണം നടത്താമെന്നു കോടതിയിൽ സമ്മതിച്ചു. എന്നാൽ മാർച്ച് 30 ന് കവാടത്തിന്റെ നിർമാണം പൂർത്തിയാക്കി സമർപ്പണം നടത്താൻ തനിക്കു കഴിയില്ലെന്നും ദേവസ്വം ഏറ്റെടുക്കണമെന്നും ആവശ്യപ്പെട്ട് ഇയാൾ കത്തുനൽകുകയായിരുന്നെന്ന് ദേവസ്വം ചെയർമാൻ യു. പ്രദീപ് മേനോൻ പറഞ്ഞു.
തുടർന്ന് പുതിയ സ്പോണ്സറെ കണ്ടെത്തി നിർമാണം പൂർത്തിയാക്കാനായിരുന്നു ദേവസ്വം ശ്രമിച്ചത്. ഇതിനിടയിലാണു ഭക്തജനങ്ങളുടെ പേരിൽ കവാടനിർമാണത്തിനായി നേരത്തേ ചില വ്യക്തികൾ 17 ലക്ഷം രൂപ പിരിച്ചുനൽകിയിരുന്നതായി കാണിച്ച് കോടതിയെ സമീപിച്ചതെന്നു ദേവസ്വം ചെയർമാൻ പറഞ്ഞു. സമർപ്പണം ഒരു വ്യക്തി ചെയ്യുന്നതായതിനാൽ ഒരു തരത്തിലുമുള്ള പണപ്പിരിവും പാടില്ലാത്തതാണ്.
എന്നാൽ കൂടൽമാണിക്യത്തിന്റെ പേര് ദുരുപയോഗം ചെയ്തു ചിലർ ഭക്തജനങ്ങളുടെ പേരിൽ പിരിവുനടത്തുകയായിരുന്നെന്ന് ദേവസ്വം ചെയർമാൻ കുറ്റപ്പെടുത്തി. വിഷയം കോടതിയുടെ പരിഗണനയിലായതിനാൽ നിർമാണ പ്രവർത്തനങ്ങൾ വീണ്ടും അനിശ്ചിതത്വത്തിലായി.