കുളത്തൂപ്പുഴ: കാര്‍ഷിക വായ്പയായി എടുത്ത തുക പലിശ അടക്കം മുഴുവനും അടച്ച് തീർന്നിട്ടും ആധാരവും മറ്റ് രേഖകളും മടക്കി നൽകാൻ ബാങ്ക് അധികൃതർ തയാറാകാത്തതിൽ പ്രതിക്ഷേധിച്ച് കർഷക കുടുംബം ബാങ്ക് അടച്ചു താഴിട്ടു പൂട്ടാൻ ചങ്ങലയുമായ് എത്തിയതു സംഘർഷത്തിനിടയാക്കി. കഴിഞ്ഞ ദിവസം സ്റ്റേറ്റ് ബാങ്ക് ഓഫ് ഇൻഡ്യയുടെ കുളത്തൂപ്പുഴ ശാഖക്ക് മുന്നിലാണ്നാടകീയ രംഗങ്ങൾ അരങ്ങേറിയത്.
തിങ്കൾകരിക്കം കിഴക്കേകര മൂല മറ്റത്തിൽ വീട്ടിൽ ഷിബുജോൺ, ഭാര്യ അമ്മിണികുട്ടി എന്നിവരുടെ പേരിൽ ബാങ്കിൽ നിന്നും രണ്ടുലക്ഷം രൂപയുടെ കാർഷിക വായ്പ എടുത്തിരുന്നു. ഒറ്റതവണ തീർപ്പാക്കൾ പദ്ധതിയിൽ ഉൾപ്പെടുത്തി മാസങ്ങൾക്കു മുമ്പു തുക ഒടുക്കി വായ്പ അവസാനിപ്പിക്കുകയും ഈടായി നല്കിയ വസ്തുവിന്റെ ആധാരം മടക്കികിട്ടുന്നതിനായ് അപേക്ഷ സമർപ്പിക്കുകയും ചെയ്തു.
എന്നാൽ മാസങ്ങള്‍ കഴിഞ്ഞിട്ടും ആധാരം മടക്കിനൽകുന്നതിനുളള നടപടി എടുക്കാതെ ഓരോ തവണയും പല പല ഒഴിവുകൾ പറഞ്ഞു മടക്കി അയക്കുകയാണു ബാങ്ക് അധികൃതർ ചെയ്യുന്നതെന്നാണ് ഇവർ ആരോപിക്കുന്നത്.കൃഷി മുഖ്യ ഉപജീവനമാക്കിയ ഇവർക്ക് കൃഷി വിപുലപ്പെടുത്തുന്നതിൻെറ ആവശ്യത്തിലേക്കായ് ആധാരം എത്രയും പെട്ടന്നു മടക്കി കിട്ടണമെന്ന ആവശ്യം ചെവികൊളളാൻ പല തവണ എത്തിയിട്ടും മാനേജർ തയാറാകാത്തതാണ് ഇവരെ പ്രകോപിപ്പിച്ചത്.
തങ്ങളുടെ ആവശ്യം നിറവേറ്റാത്ത ബാങ്ക് മറ്റൊരിടപാടും നടത്താൻ അനുവദിക്കില്ലാ എന്നറിയിച്ച് ബാങ്കിൻെറ പ്രധാന കവാടം ചങ്ങല ഇട്ട് പൂട്ടാൻ ശ്രമിച്ചു. ബാങ്ക് അധികൃതര്‍ വിവരം നല്‍കിയതിന്റെ അടിസ്ഥാനത്തില്‍ കുളത്തൂപ്പുഴ പോലീസ് സ്ഥലത്ത് എത്തി ഇവരെ അറസ്റ്റ് ചെയ്തു നീക്കി.
ശേഷം മേലുദ്യോഗസ്ഥരുമായി നടത്തിയ ആശയ വിനിമയത്തില്‍ അടുത്ത ദിവസം തന്നെ ആധാരം മടക്കി നല്‍കാമെന്നും പരാതി ഇല്ലെന്നും ബാങ്ക് അധികൃതര്‍ അറിയിച്ചതിനെ തുടർന്നു കസ്റ്റഡിയിലെടുത്തവരെ പോലീസ് വിട്ടയച്ചു.