മാഹി: മേയ്ദിനത്തിലും മുഴപ്പിലങ്ങാട്-മാഹി ബൈപ്പാസ് റോഡിന്റെ പ്രവൃത്തി മുറപോലെ നടന്നു. കോപ്പാലം റോഡിനു മേൽപ്പാലം പണിയുന്നതിനുള്ള കമ്പികെട്ടൽ പ്രവൃത്തി പുരോഗമിക്കുകയാണ്. കണ്ടിക്കൽ, പള്ളൂർ റോഡുകൾക്കുള്ള മേൽപ്പാലം പണി പൂർത്തിയായി. അതിനിടെ വേനൽമഴ കാരണം പാതയിൽ മണ്ണുനിറയ്ക്കുന്ന ജോലി തത്ക്കാലം നിർത്തിവച്ചിരിക്കുകയാണ്.
വലിയവെളിച്ചത്തു നിന്നാണു 15 ഓളം ടോറസ് വണ്ടികൾ പാതയ്ക്ക് ആവശ്യമായ മണ്ണ് എത്തിക്കുന്നത്. വേനൽ മഴ തുടരെ പെയ്യുന്നതിനാൽ ലോറികൾ അമർന്നു തുടങ്ങിയതോടെ മണ്ണിടൽ പ്രവൃത്തി തത്കാലം നിർത്തിവച്ചിരിക്കുകയാണെങ്കിലും എടയാർ ക്വാറിയിൽ നിന്നും കരിങ്കൽ ചീളുകൾ എത്തിച്ചു നിരപ്പാക്കിയ സ്ഥലങ്ങളിൽ ഇതുവിരിക്കുന്ന പണി ദ്രുതഗതിയിൽ പുരോഗമിക്കുകയാണ്.
2020 ൽ ഗതാഗതത്തിനു തുറന്നുകൊടുക്കേണ്ടതിനാൽ യുദ്ധകാലാടിസ്ഥാനത്തിലാണു പാതയുടെ പണി പുരോഗമിക്കുന്നത്. ഇരുവശവുമുള്ള അരികുഭിത്തി കെട്ടലും ഡെയിനേജുകളുടേയും പണി നടന്നു വരികയാണ്. മുഴപ്പിലങ്ങാട് മുതൽ അഴിയൂർ വരെ 18 കിലോമീറ്റർ ദൂരത്തിൽ 45 മീററ്റർ വീതിയിൽ നാലുവരി പാതയാണു പുതിയ ബൈപ്പാസ്-പെരുമ്പാവൂരിലെ ഇ.കെ.കെ.കമ്പനിക്കാണു പാതയുടെ നിർമാണ ചുമതല.