ന്യൂഡൽഹി: നടിയെ ആക്രമിച്ച കേസിലെ ദൃശ്യങ്ങൾ അടങ്ങിയ മെമ്മറി കാർഡ് പ്രതിയായ ദിലീപിനു നൽകണമെന്ന ഹർജിയിൽ വിധി പറയുന്നത് സുപ്രീംകോടതി നീട്ടി. ദൃശ്യങ്ങൾ നൽകണം എന്നാവശ്യപ്പെട്ട് ദിലീപ് സമർപ്പിച്ച ഹർജി പരിഗണിക്കവേയാണ് സുപ്രീം കോടതി തീരുമാനം ദീർഘിപ്പിച്ചത്.
ദൃശ്യങ്ങൾ അടങ്ങിയ മെമ്മറി കാർഡ് കേസിലെ രേഖയാണോ തൊണ്ടിമുതൽ ആണോ എന്നു സംസ്ഥാന സർക്കാരിനോടു സുപ്രീംകോടതി ചോദിച്ചു. എന്നാൽ ഇക്കാര്യത്തിൽ കൃത്യമായ ഉത്തരം നൽകാൻ സർക്കാർ അഭിഭാഷകനായില്ല. ഇതോടെ വെള്ളിയാഴ്ച വീണ്ടും കേസ് പരിഗണിക്കുന്പോൾ തീരുമാനമറിയിക്കാൻ കോടതി നിർദേശിച്ചു. കൃത്യമായി പരിശോധിച്ചുവേണം ഉത്തരം പറയാനെന്നും കോടതി ആവശ്യപ്പെട്ടു.
കേസിന്റെ ഭാഗമായ രേഖകൾ പ്രതിസ്ഥാനത്തുള്ള തനിക്കു നൽകണമെന്നാണ് ദിലീപിന്റെ വാദം. ഇക്കാര്യം ആവശ്യപ്പെട്ട് സമർപ്പിച്ച ഹർജി നേരത്തെ ഹൈക്കോടതി തള്ളിയിരുന്നു. ഇതിനെ ചോദ്യം ചെയ്താണ് ദിലീപ് സുപ്രീംകോടതിയെ സമീപിച്ചത്.