അന്പലപ്പുഴ: യുവതിയുടെ മരണത്തിൽ ദുരൂഹതയെന്നു ഭർത്താവ്. മൃതദേഹം സംസ്കരിക്കുന്നതു പോലീസ് തടഞ്ഞു. തകഴി പഞ്ചായത്ത് പത്താം വാർഡിൽ അന്പിളി ഭവനിൽ (വേലിപറന്പ്) തങ്കപ്പന്റെ മകൾ അന്പിളി(43)യാണ് ഇന്നലെ രാവിലെ 11ഓടെ ചേർത്തല സ്വകാര്യ ആശുപത്രിയിൽ മരിച്ചത്. തുടർന്ന് മൃതദേഹം തകഴിയിൽ എത്തിച്ചു സംസ്കരിക്കാൻ ഒരുങ്ങിയപ്പോൾ ഭർത്താവ് രാജേഷിന്റെ പരാതിയെത്തുടർന്ന് പോലീസ് തടയുകയായിരുന്നു.
അന്പിളിയുടെ അച്ഛനും രണ്ടാനമ്മയ്ക്കുമെതിരേയാണ് രാജേഷ് അന്പലപ്പുഴ പോലീസിൽ പരാതി നൽകിയത്. അന്പിളിയുടെ തകഴിയിലെ വീട്ടിൽ ആയിരുന്നു രാജേഷ് താമസിച്ചിരുന്നത്. നാലു വർഷം മുന്പു സാന്പത്തിക ഇടപാടിനെച്ചൊല്ലി അച്ഛൻ തങ്കപ്പൻ രാജേഷിനെ തകഴിയിലെ വീട്ടിൽനിന്ന് ഇറക്കിവിടുകയും അന്പിളിയെ വീട്ടിൽത്തന്നെ താമസിപ്പിക്കുകയുമായിരുന്നു. തുടർന്ന് രാജേഷ് കാക്കാഴത്തെ വീട്ടിൽ താമസമാക്കി.
ഇടയ്ക്കിടെ അപസ്മാര രോഗം വരുന്ന അന്പിളിയെ വണ്ടാനം മെഡിക്കൽ കോളജ് ആശുപത്രിയിലായിരുന്നു ചികിത്സിച്ചിരുന്നത്. എന്നാൽ, പിന്നീടു ചികിത്സ നൽകാതിരിക്കുകയും അന്പിളിയെ രാജേഷിനെ കാണാൻ സമ്മതിക്കാതെ മർദിക്കുകയും ചെയ്യുമായിരുന്നെന്ന് രാജേഷ് ആരോപിക്കുന്നു. കഴിഞ്ഞ ദിവസം അസുഖത്തെത്തുടർന്ന് ചേർത്തല സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിക്കപ്പെട്ട അന്പിളി ഇവിടെ വച്ചു മരിക്കുകയായിരുന്നു. വണ്ടാനം മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിക്കാതെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചതിനു പിന്നിൽ ദുരൂഹതയുണ്ടെന്നു കാണിച്ചാണ് രാജേഷിന്റെ പരാതി.
അന്പിളി മരിച്ച വിവരവും രാജേഷിനെ അറിയിച്ചിരുന്നില്ലത്രെ. മൃതദേഹം തകഴിയിൽ എത്തിയ ശേഷം അയൽവാസികൾ പറഞ്ഞാണ് രാജേഷ് വിവരം അറിഞ്ഞത്. തുടർന്നാണ് അന്പലപ്പുഴ സ്റ്റേഷനിൽ പരാതി നൽകിയത്. അന്പലപ്പുഴ പോലീസെത്തി മൃതദേഹം പോസ്റ്റുമോർട്ടത്തിനായി ആലപ്പുഴ മെഡിക്കൽ കോളജ് ആശുപത്രി മോർച്ചറിയിലേക്കു മാറ്റി. മക്കൾ: രേവതി, ലക്ഷ്മി.