മോഹന്‍ലാലും ജയസൂര്യയുമൊന്നും തിരിഞ്ഞു പോലും നോക്കുന്നില്ല! 24 സിനിമകളുടെ സാറ്റലൈറ്റ് റൈറ്റ് ചുളുവിലയ്ക്ക് പലരും തട്ടിയെടുത്തു; പരാതിയുമായി നിര്‍മാതാവ് പി.കെ.ആര്‍.പിള്ളയുടെ ഭാര്യ രംഗത്ത്

മുന്‍നിരയില്‍ നിന്ന് ചെറുതായെങ്കിലും മാറി നിന്നു കഴിഞ്ഞാല്‍ പിന്നെ, കൂടെ ജോലി ചെയ്തവര്‍ പോലും തിരിഞ്ഞു നോക്കാത്ത അവസ്ഥയാണ് ഉണ്ടാവുക. സിനിമാ മേഖലയിലാണ് ഈ പ്രവണത കൂടുതലും. വെള്ളിത്തിരയില്‍ താരമായി നിന്നിരുന്ന പലരും പിന്നീട് ആരാലും തിരിഞ്ഞു നോക്കാനില്ലാതെ ദരിദ്രരായി കഴിയേണ്ടി വരുന്ന വാര്‍ത്തകള്‍ നിരന്തരം പുറത്തു വരാറുള്ളതുമാണ്.

ഇപ്പോഴിതാ അത്തരമൊരു പരാതിയുമായി, സൂപ്പര്‍താരം മോഹന്‍ലാലും ജയസൂര്യയും ഉള്‍പ്പെടെ മലയാള സിനിമയില്‍ വളര്‍ത്തി വലുതാക്കിയവരൊന്നും തിരിഞ്ഞു നോക്കാനില്ലാത്ത അവസ്ഥയിലാണ് നിര്‍മാതാവ് പികെആര്‍ പിള്ളയെന്ന് വെളിപ്പെടുത്തലുമായി അദ്ദേഹത്തിന്റെ ഭാര്യ രമ രംഗത്തെത്തിയിരിക്കുന്നു.

സ്വന്തമായി നിര്‍മ്മിച്ച 24 സിനിമകളുടെ സാറ്റലൈറ്റ് റൈറ്റ് ചുളുവില്‍ സ്വന്തമാക്കിയവര്‍ പോലും തഴഞ്ഞ അവസ്ഥയിലാണെന്നും വെറും 12 ലക്ഷം രൂപയ്ക്ക് ഇത് സ്വന്തമാക്കിയയാള്‍ അതു വെച്ച് കോടികള്‍ കൊയ്യുകയാണെന്നും അവര്‍ പറയുന്നു. വളര്‍ത്തി വലുതാക്കിയ ഒട്ടേറെ പേര്‍ മലയാള സിനിമയില്‍ ഉണ്ടായിട്ടും ആരും തിരിഞ്ഞു നോക്കുന്നില്ലെന്നും അവര്‍ പറയുന്നു. മോഹന്‍ലാല്‍ ഒക്കെ ഇത്രയും വലുതായതില്‍ പി.കെ.ആര്‍.പിള്ള എന്ന വ്യക്തിക്ക് പങ്കുണ്ട്.

പി.കെ.ആര്‍.പിള്ളയില്ലെങ്കില്‍ ജയസൂര്യ സിനിമാലോകം പോലും കാണുമായിരുന്നില്ല. അവരൊക്കെ പിള്ളസാറിനെ മറക്കരുതായിരുന്നു. ഒന്നു വന്നു കാണേണ്ടതായിരുന്നു എന്നും പറയുന്നു. കാലുപിടിച്ചാണ് ഊമപ്പെണ്ണില്‍ ജയസൂര്യ നായകനായത്. ജയസൂര്യ കയറിവന്ന ഊമപ്പെണ്ണിനു ഊരിയാടാപ്പയ്യന്‍ ഞങ്ങളുടെ സിനിമയാണിത്. ഊമപ്പെണ്ണു വിജയിച്ചിരുന്നില്ലെങ്കില്‍ ഇന്നത്തെ ജയസൂര്യ ഉണ്ടാവുമായിരുന്നില്ല. ജയസൂര്യയുടെ അടുത്ത സിനിമ പ്രണയമണിത്തൂവലും ഞങ്ങളുടെയായിരുന്നു.

നിന്നുപോയ അച്ഛനുറങ്ങാത്ത വീട് ലാല്‍ ജോസ് വന്നു കരഞ്ഞു പറഞ്ഞിട്ട് മുഴുവന്‍ തുകയും നല്‍കിയ സിനിമയാണ്. പക്ഷെ വിതരണം എന്ന് മാത്രമേ പറയാന്‍ കഴിയൂ. ഒന്നും എഴുതി മേടിച്ചില്ല. നായര്‍സാബ് പിള്ളസാറിന്റെ സ്വന്തം നിര്‍മ്മാണമാണ്. ലിബര്‍ട്ടി ബഷീറിന്റെ സിനിമയാണ് എന്നാണ് പറയുന്നത്. പക്ഷെ പണം മുടക്കിയതു പി. കെ. ആര്‍. പിള്ളയാണ്. ചിത്രവും നായര്‍ സാബും ഒരേ സമയം ഷൂട്ട് ചെയ്ത സിനിമകളാണ്. കശ്മീരത്തിനും പണം മുടക്കി. ആ സമയത്ത് പ്രതിസന്ധി വന്നപ്പോള്‍ വിറ്റ സിനിമയാണത്.

സ്വന്തമായി എടുത്ത സിനിമകള്‍ ചിത്രം, വന്ദനം, കിഴക്കുണരും പക്ഷി, ഏയ് ഓട്ടോ തുടങ്ങി പിള്ളസാര്‍ നിര്‍മ്മിച്ച മുഴുവന്‍ ചിത്രങ്ങളുടെയും സാറ്റലൈറ്റ് റൈറ്റ് പോലും ആരുടെയോ കൈകളിലാണ്. ഈ സിനിമകളുടെ സാറ്റലൈറ്റ് കൈവശമുള്ളവര്‍ സ്വന്തമാക്കിയത് കോടികളാണ്. ഈ സാറ്റലൈറ്റ് മാത്രമുണ്ടെങ്കില്‍ ഞങ്ങള്‍ക്ക് ഈ ഗതി വരുമായിരുന്നില്ല.

24 പടങ്ങളുടെ സാറ്റലൈറ്റ് റൈറ്റ് വെറും 12 ലക്ഷം രൂപയ്ക്ക് താന്‍ സ്വന്തമാക്കി എന്നാണ് സിനിമാരംഗത്തുള്ള ഒരാള്‍ പറയുന്നത്. ഇത് തന്നെ തട്ടിപ്പല്ലേ? ഇതിലൊക്കെ ചതി മണക്കുകയാണ്. ചിത്രവും വന്ദനവും എത്ര നല്ല സിനിമകളാണ്. ഏയ് ഓട്ടോയും കിഴക്കുണരും പക്ഷി, ഊമപ്പെണ്ണിനും ഊരിയാടാപ്പയ്യന്‍ തുടങ്ങി എത്രയോ ചിത്രങ്ങള്‍. ഈ സിനിമകളുടെ സാറ്റലൈറ്റ് റൈറ്റ് 12 ലക്ഷത്തിനു സ്വന്തമാക്കി എന്നത് ആരാണ് വിശ്വസിക്കുക. നിര്‍മ്മിച്ച സൂപ്പര്‍ഹിറ്റ് സിനിമകളുടെ ഒരു പൈസപോലും ലഭിക്കുന്നില്ല. റൈറ്റിന് പിറകെ പോകാന്‍ കഴിയുന്നുമില്ല. അവര്‍ പറയുന്നു.

Related posts