ഇന്ത്യന്‍ ക്രിക്കറ്റ് ടീമിന്റെ പ്രത്യേകിച്ച്, ഏകദിന, ട്വന്റി 20 മത്സരങ്ങളില്‍ ഇപ്പോഴും മഹേന്ദ്ര സിംഗ് ധോണി ഫസ്റ്റ് ചോയ്സ് വിക്കറ്റ് കീപ്പറാണ് എന്നതിന്റെ തെളിവാണ് ബുധനാഴ്ച ഐപിഎലില്‍ ചെന്നൈ സൂപ്പര്‍ കിംഗ്സ്-ഡല്‍ഹി ക്യാപിറ്റല്‍സ് മത്സരത്തില്‍ വ്യക്തമായത്.
ആദ്യം ബാറ്റ് കൊണ്ട് ഇന്ദ്രജാലം കാട്ടിയ ധോണി വിക്കറ്റിനു പിന്നിലുള്ള പ്രകടനംകൊണ്ട് ഇന്ദ്രജാലം പൂര്‍ത്തിയാക്കി. പനിമൂലം കഴിഞ്ഞ മത്സരത്തില്‍ മുംബൈയ്ക്കെതിരെ ധോണി കളിച്ചിരുന്നില്ല. തിരിച്ചുവന്ന ധോണി ബാറ്റിംഗിലും വിക്കറ്റിനു പിന്നിലും ഒരേപോലെ തിളങ്ങിയ ധോണി ഡല്‍ഹി ക്യാപിറ്റല്‍സിനെതിരായ മല്‍സരത്തില്‍ മാന്‍ ഓഫ് ദ മാച്ചായി.
ആദ്യം വിക്കറ്റിനു മുന്നില്‍
വന്‍ സ്കോര്‍ ലക്ഷ്യമില്ലാതെ നിരങ്ങിനീങ്ങിയ ചെന്നൈയെ അവസാന ഓവറുകളില്‍ തകര്‍ത്തടിച്ച ധോണിയാണ് പൊരുതാനുള്ള സ്കോറിലെത്തിച്ചത്. 22 പന്തില്‍ പുറത്താകാതെ 44 റണ്‍സ് നേടിയ ചെന്നൈ നായകന് ടീമിനെ നാലു വിക്കറ്റ് നഷ്ടത്തില്‍ 179 റണ്‍സ് എന്ന ഭേദപ്പെട്ട നിലയിലെത്തിച്ചു. നാലു സിക്സും മൂന്നു ബൗണ്ടറിയും ധോണി നേടി. ഇതിലെ രണ്ടു സിക്സ് ട്രെന്റ് ബോള്‍ട്ടിനെതിരെ അവസാന ഓവറിലെ അവസാന രണ്ടു പന്തുകളില്‍. തൊട്ടുമുന്‍പുള്ള ഓവറില്‍ ക്രിസ് മോറിസിന്റെ അപകടകരമായ ബീമറും ധോണി നിലംതൊടാതെ ഗാലറിയിലെത്തിച്ചിരുന്നു.
രണ്ടാമത് വിക്കറ്റിനു പിന്നില്‍
ഡല്‍ഹി മറുപടി ബാറ്റിംഗിന് ഇറങ്ങിയതോടെ ആ ധോണിയുടെ മികവ് കൂടുതല്‍ വ്യക്തമായി. ഇക്കുറി വിക്കറ്റിനു പിന്നില്‍ മിന്നുന്ന ഫോമിലായിരുന്ന ധോണി ഒരു ക്യാച്ചും രണ്ടു സ്റ്റംപിംഗും നടത്തി. അമിത് മിശ്രയാണ് ധോണിക്കു ക്യാച്ചു സമ്മാനിച്ചതെങ്കില്‍ ക്രിസ് മോറിസ്, ക്യാപ്റ്റന്‍ ശ്രേയസ് അയ്യര്‍ എന്നിവരാണ് ആ മിന്നല്‍ സ്റ്റംപിംഗിന് ഇരയായത്. അതും വെറും മൂന്നു പന്തുകള്‍ക്കിടെ!
രവീന്ദ്ര ജഡേജ എറിഞ്ഞ 12-ാം ഓവറിലാണ് മൂന്നു പന്തിനിടെ രണ്ടു സ്റ്റംപിംഗുമായി ധോണി ആരാധകരെ ആവേശത്തിലാഴ്ത്തിയത്. ഓവറിന്റെ നാലാം പന്തില്‍ ആദ്യം ഇരയായത് ക്രിസ് മോറിസ്. ജഡേജയുടെ പന്തു പ്രതിരോധിക്കാനുള്ള മോറിസിന്റെ ശ്രമം പിഴച്ചു. പന്തു പിടിച്ചെടുത്ത ധോണി സ്റ്റംപിളക്കിയശേഷം അപ്പീല്‍ ചെയ്തു.
ഔട്ടല്ലെന്ന ആത്മവിശ്വാസത്തില്‍ മോറിസ് ക്രീസില്‍ തുടരവെ അംപയര്‍ തീരുമാനം തേര്‍ഡ് അംപയറിനു വിട്ടു. റീപ്ലേ കണ്ടവര്‍ ഞെട്ടിക്കാണും. ജഡേജയുടെ പന്തു പ്രതിരോധിക്കാനുള്ള ശ്രമത്തില്‍ മോറിസിന്റെ കാല്‍പ്പാദം ക്രീസില്‍നിന്നു ചെറുതായി ഉയര്‍ന്നിരുന്നു. 0.12 സെക്കന്‍ഡില്‍ ധോണി സ്റ്റംപിളക്കി. കാല് ഉയര്‍ന്നിരുന്നത് ധോണി മാത്രമേ കണ്ടുള്ളൂ. തേര്‍ഡ് അംപയര്പോലും അദ്ഭുപ്പെട്ടുകാണും.
മോറിസിനു പകരം ക്രീസിലെത്തിയ ജഗദീഷ് സുചിത് സിംഗിള്‍ നേടി ശ്രേയസ് അയ്യര്‍ക്കു സ്െ്രെടക്ക് കൈമാറിയതോടെ അടുത്ത ‘മഹേന്ദ്രജാല’’ത്തിനുള്ള നിമിഷം പിറന്നു. ഇക്കുറി ജഡേജയുടെ പന്തു പ്രതിരോധിക്കാന്‍ അയ്യരുടെ ശ്രമം. അതു പാളിയതോടെ പന്തു ധോണിയുടെ കൈകളില്‍. നിമിഷാര്ധത്തിനുള്ളില് ധോണി സ്റ്റംപിളക്കി. വീണ്ടും സ്റ്റംപിംഗിന് അപ്പീല്‍. ഇക്കുറി ആരാധകര്‍ വീണ്ടും ഞെട്ടി.
ജഡേജയുടെ പന്തു പ്രതിരോധിക്കാനുള്ള ശ്രമത്തില്‍ അയ്യരുടെ കാല്‍പ്പാദം ഒരു സെന്റി മീറ്ററിനടുത്ത് മാത്രം ഉയര്‍ന്നിരിക്കുമ്പോഴാണ് ധോണിയുടെ സ്റ്റംപിംഗ്. 0.16 സെക്കന്‍ഡായിരുന്നു ധോണിക്ക് സ്റ്റംപിഗിനു വേണ്ടിവന്ന സമയം. 31 പന്തില്‍ 44 റണ്‍സുമായി അയ്യരും പുറത്ത്.മത്സരത്തില്‍ ഡല്‍ഹി 16.2 ഓവറില്‍ 99 റണ്‍സിന് എല്ലാവരും പുറത്തായി. ചെന്നൈയ്ക്ക് 80 റണ്‍സിന്റെ ജയവും പോയിന്റ് പട്ടികയില്‍ ഒന്നാം സ്ഥാനവും.