ഇത്തിഹാദിന്റെ വാഗ്ദാനം സൗജന്യ ഹോട്ടൽ താമസം
കൊച്ചി: ഇത്തിഹാദ് എയർവെയ്സിൽ യാത്ര ചെയ്യുന്ന എല്ലാ അതിഥികൾക്കും രണ്ടു രാത്രി അബുദാബിയിൽ സൗജന്യ ഹോട്ടൽ താമസം ഒരുക്കും. ഫൈവ് സ്റ്റാർ ഹോട്ടലായ ഇന്റർകോണ്ടിനെന്റൽ അബുദാബി, ഡസിറ്റ് താനി അബുദാബി, മാരിയറ്റ് ഡബ്ല്യുടിസി, ക്രൗണ്‍ പ്ലാസ, റാഡിസണ്‍ ബ്ലൂ എന്നിവയടക്കമുള്ള നഗരത്തിലെ 15 ഹോട്ടലുകളുടെ ശൃംഖലയിൽനിന്ന് അതിഥികൾക്കു ഇഷ്ടമുള്ള ഹോട്ടൽ തെരഞ്ഞെടുക്കാം.
ജൂലൈ 15 വരെയുള്ള ഫ്ളൈറ്റുകൾക്കു സൗജന്യ അബുദാബി സ്റ്റോപ്പ്ഓവർ പ്രമോഷനു വേണ്ടി etihad.com എന്ന വെബ്സൈറ്റിലൂടെ ഓണ്‍ലൈനായോ ട്രാവൽ ഏജന്റ് വഴിയോ ജൂണ്‍ 15 വരെ ബുക്ക് ചെയ്യാം. ഓണ്‍ലൈൻ ബുക്കിംഗ് നടത്തുന്ന ഇത്തിഹാദ് യാത്രക്കാർ മൾട്ടി-സിറ്റി ഫ്ളൈറ്റ് തെരഞ്ഞെടുക്കുക.
ഓരോ വർഷവും അബുദാബിയിലേക്കുള്ള യാത്രക്കാരുടെ എണ്ണം വർധിക്കുകയാണെന്നും ഈ അവിശ്വസനീയ പ്രമോഷനിലൂടെ ലോകമെന്പാടുമുള്ള കൂടുതൽ സന്ദർശകർക്ക് മുന്നിൽ ഞങ്ങളുടെ അതിവിശിഷ്ടമായ ഭവനം അവതരിപ്പിക്കാനുള്ള അവസരമാണിതെന്നും ഇത്തിഹാദ് ഏവിയേഷൻ ഗ്രൂപ്പ് ചീഫ് കൊമേഴ്സ്യൽ ഓഫീസർ റോബിൻ കമർക്ക് പറഞ്ഞു.
പത്തു ഭാഗ്യവാന്മാര്ക്കു സൗജന്യ ടിക്കറ്റുമായി ഫ്ളൈ ദുബായ്
കൊച്ചി: ദുബായ് ആസ്ഥാനമായുള്ള ഫ്ളൈദുബായ് 10-ാം വര്‍ഷത്തിലേക്ക് കടക്കുന്നു. 2009 ജൂണ്‍ ഒന്നിനാണ് ഫ്ളൈദുബായ് പ്രവര്‍ത്തനമാരംഭിച്ചത്. 10-ാം വാര്‍ഷികത്തോടനുബന്ധിച്ച് www.comeflydubaiwithus.com എന്ന വെബ് സൈറ്റിന് കമ്പനി രൂപം നല്‍കിയിട്ടുണ്ട്. ഫ്ളൈ ദുബായ് ഫ്ളൈറ്റുകളില്‍ ഇതിനകം യാത്ര ചെയ്തവര്‍ക്ക് ഈ വെബ്സൈറ്റില്‍ അവരുടെ അനുഭവങ്ങള്‍ പങ്കുവയ്ക്കാവുന്നതാണ്. വെബ്സൈറ്റില്‍ അഭിപ്രായം പങ്ക് വയ്ക്കുന്നവരില്‍ 10 ഭാഗ്യവാന്മാര്ക്കു ദുബായിലേക്കും തിരിച്ചുമുള്ള ഇക്കോണമി ക്ലാസ് ടിക്കറ്റ് സമ്മാനമായി നല്‍കും.
10 വര്‍ഷത്തിനകം 47 രാജ്യങ്ങളിലെ 90 കേന്ദ്രങ്ങളിലേക്ക് സര്‍വീസുകളാരംഭിക്കാന്‍ കമ്പനിക്ക് സാധിച്ചുവെന്നു ഫ്ളൈദുബായ് ചീഫ് എക്സിക്യൂട്ടീവ് ഓഫീസര്‍ ഘെയ്ത് അല്‍ ഘെയ്ത് പറഞ്ഞു. ഏഴ് കോടിയിലേറെ ആളുകള്‍ ഇതുവരെയായി ഫ്ളൈ ദുബായ് ഫ്ളൈറ്റുകളില്‍ യാത്ര ചെയ്തിട്ടുണ്ട്.
ഷോപ്പിംഗിന് 50 ശതമാനം ഇളവുമായി എമിറേറ്റ്സ്
കൊച്ചി: ഇന്ത്യയിൽനിന്നുള്ള യാത്രക്കാർക്കു കൂടുതൽ ഓഫറുകളുമായി എമിറേറ്റ്സ് വിമാനക്കന്പനി രംഗത്ത്. ഇന്ത്യയിൽനിന്നു ദുബായിലേക്ക് എമിറേറ്റ്സ് വിമാനത്തിൽ സഞ്ചരിക്കുന്ന യാത്രക്കാർക്ക് ബോർഡിംഗ് പാസ് ഉപയോഗിച്ചു യുഎഇയിലെ 500-ഇൽ പരം റീട്ടെയിൽ സ്ഥാപനങ്ങളിൽനിന്ന് അൻപത് ശതമാനം വരെ ഇളവ് ലഭ്യമാക്കാം.
മേയ് ഒന്നിനും ഓഗസ്റ്റ് 31നും ഇടയ്ക്ക് ദുബായിലേക്കോ ദുബായ് വഴിയോ യാത്രചെയ്യുന്ന എമിറേറ്റ്സ് ഉപഭോക്താക്കൾക്ക് തങ്ങളുടെ ബോർഡിംഗ് പാസും തിരിച്ചറിയൽ രേഖയും ഉപയോഗിച്ചു തെരഞ്ഞെടുത്ത സ്ഥാപനങ്ങളിൽനിന്ന് ആനുകൂല്യങ്ങൾ വാങ്ങാം. അന്താരാഷ്ട്ര ഫാഷൻ, ഫിറ്റ്നസ് ബ്രാൻഡുകൾ ഉൾപ്പെടെ നിരവധി റീട്ടെയിൽ ഔട്ട് ലറ്റുകളിൽനിന്നു യാത്രക്കാർക്ക് 30 ശതമാനം വരെ ഇളവുകൾ ലഭ്യമാക്കാം.
400-ഇൽ പരം ലോകോത്തര നിലവാരമുള്ള റസ്റ്ററന്റുകളിൽനിന്ന് അൻപത് ശതമാനം വരെ കിഴിവും ലഭിക്കും. ആറ് ഭൂഖണ്ഡങ്ങളിലായി 86 രാജ്യങ്ങളിൽ 150-ൽ പരം സ്ഥലങ്ങളിലേക്ക് ദുബായ് വഴി എമിറേറ്റ്സ് സർവീസ് നടത്തുന്നു. കൂടുതൽ വിവരങ്ങൾക്കു www.emirates.com സന്ദർശിക്കാം.