പത്തനംതിട്ട: പ്രാഥമിക നിർമാണ ജോലികൾ പൂർത്തീകരിച്ചെങ്കിലും കോന്നി സർക്കാർ മെഡിക്കൽ കോളജിൽ വിദ്യാർഥി പ്രവേശനം ഉൾപ്പെടെ വൈകിപ്പിക്കും. ഇടുക്കി മെഡിക്കൽ കോളജിൽ ഇക്കുറി വിദ്യാർഥി പ്രവേശനത്തിന് അനുമതി തേടാനുള്ള തീരുമാനം ഉണ്ടായെങ്കിലും കോന്നിയുടെ കാര്യത്തിൽ സർക്കാർ മൗനം പാലിക്കുകയാണ്.
ഇടുക്കിയിൽ നേരത്തെയുണ്ടായിരുന്ന 50 സീറ്റുകൾ പുനഃസ്ഥാപിച്ച് വിദ്യാർഥി പ്രവേശനത്തിന് അഖിലേന്ത്യ മെഡിക്കൽ കൗണ്‍സിലിനെ സമീപിക്കാൻ മന്ത്രി കെ.കെ. ഷൈലജയുടെ അധ്യക്ഷതയിൽ കഴിഞ്ഞദിവസം ചേർന്ന ഉന്നതതല യോഗം തീരുമാനിച്ചിരുന്നു. നിർമാണത്തിലിരിക്കുന്ന കെട്ടിടത്തിൽ അക്കാദമിക് ബ്ലോക്കിന് അംഗീകാരം നേടിക്കൊണ്ട് വിദ്യാർഥി പ്രവേശനം ഉറപ്പാക്കാനാണ് തീരുമാനം. 50 കുട്ടികൾക്ക് സർക്കാർ ക്വാട്ടായിൽ എംബിബിഎസ് പ്രവേശനം ഉറപ്പാക്കുകയാണ് ലക്ഷ്യം.
ഇതേ നിലയിൽ കോന്നി സർക്കാർ മെഡിക്കൽ കോളജിലും പ്രവേശന സാധ്യത തേടാമായിരുന്നെങ്കിലും നടപടികൾ വൈകിപ്പിച്ചു. കോന്നി മെഡിക്കൽ കോളജിന്റെ അക്കാദമിക് ബ്ലോക്ക് നിർമാണം പൂർത്തീകരിച്ചതാണ്. 300 കിടക്കകളോടെയുള്ള ആശുപത്രിയും പൂർത്തീകരിച്ചിട്ടുണ്ട്. നബാർഡിന്റെ ചുമതലയിൽ പൂർത്തീകരിച്ച കെട്ടിടങ്ങൾ സർക്കാരിലേക്കു കൈമാറിയിട്ടില്ല. കരാറുകാരന് നിശ്ചിത തുക ലഭ്യമാക്കാത്തതിനാൽ പണികൾ പൂർത്തീകരിച്ചുകൊണ്ടുള്ള സർട്ടിഫിക്കറ്റും നൽകിയിട്ടില്ല.
എന്നാൽ നിലവിലെ സാഹചര്യത്തിൽ കോന്നി മെഡിക്കൽ കോളജ് കെട്ടിടത്തിൽ ക്ലാസ് തുടങ്ങാൻ ഭൗതിക സാഹചര്യം ഒരുക്കണം. കരാറുകാരന് പണം നൽകണമെങ്കിൽ ഫണ്ട് ലഭ്യമാക്കണം. നബാർഡ് മുഖേന ലഭിച്ച ഫണ്ടാണെങ്കിലും വകമാറ്റിയിട്ടുണ്ട്. ഇതു ലഭിച്ചെങ്കിൽ മാത്രമേ അടുത്തഘട്ടം ആരംഭിക്കാനാകൂ. മെഡിക്കൽ കോളജ് റോഡ്, ജലലഭ്യത ഇവയെല്ലാം ഉറപ്പാക്കി വരികയാണ്. റോഡു നിർമാണം അന്തിമഘട്ടത്തിലാണ്. ജലവിതരണത്തിനാവശ്യമായ ടാങ്കുകൾ സ്ഥാപിച്ചിട്ടുണ്ട്.
കഴിഞ്ഞ സർക്കാരിന്റെ കാലത്ത് കോന്നിയിലും 100 സീറ്റിനു പ്രവേശാനനുമതി തേടി അഖിലേന്ത്യ മെഡിക്കൽ കൗണ്‍സിലിനെ സമീപിച്ചിരുന്നു. ഇതേത്തുടർന്ന് കോന്നി മെഡിക്കൽ കോളജിനാവശ്യമായ തസ്തികകളും സർക്കാർ തീരുമാനിച്ചു. അഖിലേന്ത്യ മെഡിക്കൽ കൗണ്‍സിൽ ടീം പരിശോധന നടത്തിയെങ്കിലും അന്ന് അക്കാദമിക് ബ്ലോക്ക്, ആശുപത്രി എന്നിവയുടെ നിർമാണം പൂർത്തീകരിക്കാത്തതിനാൽ അനുമതി നൽകിയില്ല.
കോന്നി മെഡിക്കൽ കോളജ് നിർമാണവുമായി ബന്ധപ്പെട്ട കരാർ പ്രകാരവും കോളജിൽ ക്ലാസുകൾ ആരംഭിക്കാൻ സമയം അതിക്രമിച്ചതായി അടുർ പ്രകാശ് എംഎൽഎ ചൂണ്ടിക്കാട്ടി. 100 കുട്ടികൾക്ക് പ്രവേശനം ഉറപ്പാക്കാവുന്ന കോളജിന്റെ നിർമാണ പരുരോഗതി സർക്കാർ തലത്തിൽ ഇതേവരെ വിലയിരുത്തിയിട്ടില്ല. ആരോഗ്യമന്ത്രി കെ.കെ. ശൈലജ ഇതേവരെ കോന്നി മെഡിക്കൽ കോളജ് സന്ദർശിച്ചിട്ടില്ല.