സ്വന്തംലേഖകൻ
തൃശൂർ: പ്രളയവും ഉരുൾപൊട്ടലും മണ്ണിടിച്ചിലും മൂലം വീടും സ്ഥലവുമൊക്കെ നഷ്ടപ്പെട്ട് സർക്കാരിന്റെ കനിവുകാത്ത് വാടക വീടുകളിലും ബന്ധുവീടുകളിലുമൊക്കെ കഴിയുന്നുവർ ഇപ്പോഴും പെരുവഴിയിൽ. നൂറുകണക്കിന് കുടുംബങ്ങളാണ് ഇപ്പോഴും സ്വന്തമായി വീടു വയ്ക്കാൻ കഴിയാതെ ബുദ്ധിമുട്ടുന്നത്. കഴിഞ്ഞ ഒന്പതു മാസമായി താമസിക്കുന്ന വീടിന്റെ വാടക പോലും കൊടുക്കാൻ കഴിയാതെ നിരവധി പേരാണ് കഷ്ടത്തിലായിരിക്കുന്നത്. വീടും സ്ഥലവും നഷ്ടപ്പെട്ടവർക്ക് സർക്കാർ സഹായം പ്രഖ്യാപിച്ചിരുന്നെങ്കിലും ഇതുവരെയും നൽകിയിട്ടില്ല.
വീടിനും സ്ഥലത്തിനും പണം നൽകാമെന്ന് പറഞ്ഞ് പലരും സ്ഥലം അന്വേഷിച്ച് വാങ്ങാൻ അഡ്വാൻസ് കൊടുക്കാൻ തുടങ്ങിയപ്പോഴാണ് ഉദ്യോഗസ്ഥരുടെ വിലക്ക് വന്നത്. തെരഞ്ഞെടുപ്പ് പ്രഖ്യാപിച്ചതിനാൽ ഇപ്പോൾ പണം അനുവദിക്കാൻ കഴിയില്ലെന്നായിരുന്നു നിർദ്ദേശം. സ്ഥലം നഷ്ടപ്പെട്ടവർക്ക് ആറു ലക്ഷം രൂപ വരെ പാസാക്കി തരാമെന്നു പറഞ്ഞാണ് പലരും സ്ഥലം വാങ്ങാൻ നെട്ടോട്ടമോടിയത്.
എത്രയും വേഗം സ്ഥലം വാങ്ങാൻ നടപടിയെടുക്കണമെന്നാവശ്യപ്പെട്ടതോടെയാണ് വീടും സ്ഥലവും നഷ്ടപ്പെട്ടവർ ഓടി നടന്ന് സ്ഥലം കണ്ടെത്തിയത്. സ്ഥലം കണ്ടെത്തിയപ്പോഴാകട്ടെ ഇപ്പോൾ പണമനുവദിക്കാനാകില്ലെന്നായി ഉദ്യോഗസ്ഥർ.
പ്രളയ ദുരിതാശ്വാസ നടപടികൾ നേരത്തെ തന്നെ തുടങ്ങിയതിനാൽ പണം അനുവദിക്കാൻ തടസമുണ്ടാകില്ലെന്നാണ് നേരത്തെ പറഞ്ഞിരുന്നത്. ഇതനുസരിച്ചാണ് ദുരിതത്തിൽ പെട്ടവർ സ്ഥലം വാങ്ങാൻ തീരുമാനമെടുത്തത്. ഇപ്പോൾ പണമനുവദിക്കാൻ പറ്റില്ലെന്ന് പറഞ്ഞതോടെ പലരുടെയും അഡ്വാൻസ് കൊടുത്ത തുകയും നഷ്ടമാകുന്ന സാഹചര്യമാണ്.
ദുരിതത്തിനുമേൽ ദുരിതം വന്ന് മൂടിയ നിലയിലാണിപ്പോൾ. സ്ഥലം വാങ്ങിയതിനുശേഷം വീടു വയ്ക്കാനും പണം അനുവദിക്കുമെന്നാണ് ഉദ്യോഗസ്ഥർ പറഞ്ഞിരുന്നത്. എന്നാൽ തെരഞ്ഞെടുപ്പിന്റെ പേരിൽ എല്ലാ നടപടികളും നിർത്തിവച്ചിരിക്കയാണ്. ഇങ്ങനെ നടപടികൾ നിർത്തിവയ്ക്കണമെന്ന് രേഖാമൂലമുള്ള നിർദ്ദേശങ്ങളൊന്നും ലഭിച്ചിട്ടില്ലെന്നും പറയുന്നു.
തെരഞ്ഞെടുപ്പ് കഴിഞ്ഞാലെങ്കിലും പണം അനുവദിക്കുമെന്ന ആശ്വാസത്തിലായിരുന്നു ദുരിതത്തിൽ പെട്ടവർ. എന്നാൽ ഇപ്പോൾ വോട്ടെണ്ണലും കൂടി കഴിയട്ടെ എന്ന നിലപാടാണ് ഉദ്യോഗസ്ഥരുടേത്. ഇത് അനാവശ്യ തടസമാണെന്നാണ് ആരോപണം ഉയർന്നിരിക്കുന്നത്. പ്രളയത്തിൽ എല്ലാം നഷ്ടപ്പെട്ടവർക്ക് സർക്കാർ അനുവദിച്ച പതിനായിരം രൂപ കിട്ടാൻ മാസങ്ങളാണ് കാത്തിരിക്കേണ്ടി വന്നത്.
ഇപ്പോൾ ഒന്പത് മാസമായിട്ടും സ്വന്തമായി താമസ സ്ഥലം ഒരുക്കാൻ കഴിഞ്ഞിട്ടില്ല. മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിൽ കോടികളുടെ ഫണ്ടാണ് എത്തിയിരിക്കുന്നതെങ്കിലും പാവപ്പെട്ടവരുടെ കൈയിലേക്ക് ഇവയെത്താൻ കാലതാമസം നേരിടേണ്ടി വരികയാണ്. ഉദ്യോഗസ്ഥരുടെ അനാവശ്യ തടസവാദങ്ങളും തുക വിതരണത്തിന് താമസം ഉണ്ടാക്കുന്നുണ്ടെന്ന് പ്രളയബാധിതർ പറയുന്നു.