കൊച്ചി: പ്രവാസി മലയാളികൾക്കിടയിൽ സുപരിചിതനായ പതിനേഴുകാരൻ ഫുട്ബോളർ സയീദ് ബിൻ വലീദ് അടുത്ത ഐസ്എൽ സീസണിൽ കേരള ബ്ലാസ്റ്റേ്ഴ്സിനായി ബൂട്ടുകെട്ടും. കോഴിക്കോട് സ്വദേശിയായ സയീദ് യുഎഇയിൽ അറിയപ്പെടുന്ന താരമാണ്.
അടുത്ത സീസണിൽ ടീമിനെ കൂടുതൽ കരുത്തരാക്കുക എന്ന ലക്ഷ്യത്തോടെ ബ്ലാസ്റ്റേഴ്സ് മാനേജ്മെന്റ് നടത്തുന്ന ടാലന്റ് സെർച്ചിംഗിലാണ് സയീദ് ബിൻ വലീദിനും അവസരം ലഭിച്ചത്. കൂടുതൽ യുവതാരങ്ങളെ ടീമിലുൾപ്പെടുത്തിയുള്ള പരീക്ഷണമായിരിക്കും പുതിയ സീസണിൽ ബ്ലാസ്റ്റേഴ്സിന്റേത്.
അറ്റാക്കിംഗ് മിഡ്ഫീൽഡറായ സയീദ് ഇന്ത്യയുടെ അണ്ടർ-17 ലോകകപ്പ് ടീമിന്റെ പ്രാഥമിക ക്യാന്പിൽ ഉൾപ്പെട്ടിരുന്നു. യുഎഇയിലെ അൽ ഇത്തിഹാദ് സ്പോർട്സ് അക്കാഡമിക്ക് വേണ്ടി കളിച്ച താരം മികച്ച ഭാവി താരമായും തെരഞ്ഞെടുക്കപ്പെട്ടിരുന്നു. ദുബൈ ലാലിഗ എച്ച്പിസി അണ്ടർ-18 ടീമിലും യുഎഇയിൽ ബൂട്ടണിഞ്ഞിട്ടുണ്ട്. ബ്ലാസ്റ്റേഴ്സിന്റെ കളി ടിവിയിൽ കാണാറുണ്ടെന്നും സ്വന്തം നാട്ടിൽ കളിക്കാൻ അതിയായ ആഗ്രഹമുണ്ടെന്നും സയീദ് പറഞ്ഞു.