ഏറ്റുമാനൂർ: വിധിയോട് പോരാടാനുറച്ചിട്ടും മറ്റുള്ളവരുടെ ഭീഷണിയിൽ ഉപജീവനമാർഗമടഞ്ഞ് വനിതാ ഓട്ടോ ടാക്സി ഡ്രൈവർ. അതിരന്പുഴ നാൽപാത്തിമല മലേച്ചാലിൽ വീട്ടിൽ ഓമനയ്ക്കാണ് മറ്റ് ഡ്രൈവർമാരുടെ ഭീഷണി മൂലം ഉപജീവനമാർഗം അടഞ്ഞത്. പോലീസ് സഹായിക്കുമെന്നു കരുതി പരാതി നല്കിയെങ്കിലും അവരും കൈമലർത്തി. എട്ട് മാസം മുൻപാണ് ഓമന സ്കൂട്ടർ വിറ്റ പണം കൊണ്ട് തവണ വ്യവസ്ഥയിൽ ഓട്ടോ ടാക്സി വാങ്ങിയത്.
എന്നാൽ ഓട്ടോറിക്ഷയുമായി കാരിത്താസ് സ്റ്റാൻഡിൽ എത്തിയപ്പോൾ മുതലാണ് ഓമനയ്ക്ക് നേരെ മറ്റുള്ളവരുടെ ഭിഷണി ആരംഭിച്ചത്. നിങ്ങളെ ഈ സ്റ്റാൻഡിൽ വണ്ടി ഓടിപ്പിക്കാൻ സമ്മതിക്കില്ല എന്നായിരുന്നു മറ്റ് ഓട്ടോക്കാരുടെ നിലപാട്. വണ്ടിയുമായി സ്റ്റാൻഡിൽ നിന്നും പോയില്ലെങ്കിൽ വണ്ടി തല്ലിത്തകർത്ത് തീവയ്ക്കുമെന്ന് ഭീഷണിപ്പെടുത്തുകയും അസഭ്യം പറയുകയും ചെയ്തു.
ഇതോടെ സ്റ്റാൻഡിൽ നിന്നും കുറച്ച് അകലെ മാറ്റി നിർത്തിയെങ്കിലും അവിടെ എത്തിയും ഭീഷണി തുടർന്നു. യൂണിവേഴ്സിറ്റി ജംഗ്ഷനിൽ എത്തിയപ്പോഴും സമാനമായ അനുഭവമാണ് ഉണ്ടായത്. പല തവണ ഇത് ആവർത്തിച്ചതോടെ ഏറ്റുമാനൂർ പോലീസിൽ പരാതി നൽകിയെങ്കിലും തനിക്ക് ഓട്ടോ ഓടിക്കാൻ സമ്മതമല്ല എന്ന് പേപ്പറിൽ എഴുതിച്ചേർത്ത് അതിൽ ഒപ്പിടാൻ പോലീസ് നിർബന്ധിച്ചു.
സ്റ്റേഷനിൽ നിന്നും ഇറങ്ങി പോകാൻ തുടങ്ങിയതോടെ സ്റ്റേഷൻ ഹൗസ് ഓഫീസർ നീ ഒപ്പിടാതെ ഇവിടെ നിന്നും പോകില്ല എന്ന് ഭീഷണിപ്പെടുത്തുകയും ചെയ്തതായി പരാതിയിൽ പറയുന്നു. എന്നാൽ മെഡിക്കൽ കോളജിൽ ഓട്ടോ ടാക്സിക്കായി പ്രത്യേകം സ്റ്റാൻഡ് ഉണ്ടെന്നും വീടിന് അടുത്ത് തന്നെ സ്റ്റാൻഡ് വേണമെന്ന് ഓമന വാശിപിടിക്കുന്നതാണ് കാരണമെന്നും ഏറ്റുമാനൂർ പോലീസ് പറഞ്ഞു.
8000രൂപയാണ് ഓട്ടോറിക്ഷയുടെ മാസ ത്തവണ അടയ്ക്കേണ്ടത്. എന്നാൽ ഓട്ടം പോകാതായതോടെ കഴിഞ്ഞ മൂന്ന് മാസമായി അത് മുടങ്ങിയിരിക്കുകയാണ്. ഓമനയുടെ ഭർത്താവ് അപകടത്തിൽ പരിക്കേറ്റ് നട്ടെല്ലിന്റെ കശേരുക്കൾ അകന്നതോടെ പരസഹായമില്ലാതെ നടക്കാൻ പോലും പറ്റാത്ത അവസ്ഥയിലാണ്. ഓട്ടോ ഓടിക്കിട്ടുന്ന തുകയിൽ നിന്നും വേണം വീട്ട് ചെലവുകളും ഭർത്താവിന്റെ ചികിത്സാചെലവുകളും ഓട്ടോയുടെ സിസി അടയ്ക്കാനും.
മൂന്ന് മാസത്തോളം തുടർച്ചയായി തവണ മുടങ്ങിയതോടെ ഓട്ടോ വണ്ടി ഏത് നിമിഷവും ബാങ്കുകാർ കൊണ്ടുപോകാവുന്ന അവസ്ഥയിലാണ്. ഓമനയുടെ മകനും ഓട്ടോറിക്ഷാ ഡ്രൈവറാണ്. ജില്ലാ പോലീസ് മേധാവിക്കും ജില്ലാ കളക്ടർക്കും പരാതി അയച്ചിട്ടും മറുപടി ഒന്നും ലഭിച്ചിട്ടില്ല.