പത്തനംതിട്ട: നെടുന്പ്രം അരയാൽ പറന്പിൽ വീട്ടിൽ ചാക്കോ കുര്യന്റെ ഭാര്യ മറിയാമ്മ കുര്യന്റെ മാല പൊട്ടിക്കാൻ ശ്രമിച്ച കരുനാഗപള്ളി പുള്ളിമാൻ ജംഗ്ഷനിൽ കാരോട്ടുകര കിഴക്കതിൽ അൻസാദ് (41) പോലീസ് പിടിയിലായി. വ്യാഴാഴ്ച രാത്രി വീട്ടിൽ കയറി മാല പൊട്ടിക്കാൻ ശ്രമിക്കുന്നതിനിടയിൽ വീട്ടമ്മ ബഹളം വയ്ക്കുകയും ഇയാൾ ഓടി രക്ഷപെടാൻ ശ്രമിക്കുകയുമായിരുന്നു.
വിവരം അറിഞ്ഞെത്തിയ പുളിക്കീഴ് പോലീസ് ഇയാളെ കണ്ടെത്തി പിടികൂടി വിശദമായി ചോദ്യം ചെയ്തതിൽ കൊല്ലം ജില്ലയിൽ നിരവധി മോഷണ കേസുകളിൽ പ്രതിയാണെന്ന് വ്യക്തമായി. ഓച്ചിറ പോലീസ് സ്റ്റേഷൻ പരിധിയിൽ മുളക് പൊടി എറിഞ്ഞ് മാല പൊട്ടിച്ച കേസിൽ റിമാൻഡിലാകുകയും ജാമ്യത്തിലിറങ്ങി കുറച്ചു ദിവസത്തിനിടെയാണ് ഇപ്പോഴത്തെ സംഭവം.
പൊടിയാടിയിലുള്ള ഇറച്ചിക്കടയിൽ നാലു ദിവസം മുന്പു മുതൽ ജോലി നോക്കി വരികയായിരുന്നു . ഇയാളുടെ കുറ്റകൃത്യങ്ങളെ കുറിച്ച് കൂടുതൽ അന്വേഷണം നടത്തി വരികയാണ്. പുളിക്കീഴ് പോലീസ് ഇൻസ്പെക്ടർ എസ്. സുരേഷ് ബാബുവിന്റെ നേതൃത്വത്തിൽ എഎസ്ഐമാരായ അജയൻ, വേലായുധൻ, സോമസുന്ദരൻപിള്ള തുടങ്ങിയവാണ് ഇയാളെ പിടികൂടിയത്.