ആലുവ: കുറ്റകൃത്യങ്ങൾ തടയുന്നതിന്റെ ഭാഗമായി ഹിഡൺ ഐസ് എന്ന പേരിൽ ആരംഭിച്ച വാട്ട്സ് ആപ്പ് കൂട്ടായ്മ ആലുവ പോലീസ് പിൻവലിച്ചു. ഉന്നത ഉദ്യോഗസ്ഥരുടെ എതിർപ്പിനെത്തുടർന്നാണ് ആരംഭിച്ചു രണ്ടു ദിവസത്തിനുള്ളിൽ പിൻവലിച്ചത്. സർക്കിൾ ഇൻസ്പെക്ടറുടെ നേതൃത്വത്തിലാണ് നഗരവാസികളെ പല ഗ്രൂപ്പുകളായി തിരിച്ച് വാട്ട്സ് ആപ്പ് ആരംഭിച്ചത്.
കുറ്റകൃത്യങ്ങളും സാമൂഹ്യവിരുദ്ധ പ്രവര്‍ത്തനങ്ങളും പൊതുജനങ്ങള്‍ക്ക് പോലീസിനെ തത്സമയം അറിയിക്കുകയെന്നതായിരുന്നു ലക്ഷ്യം. എന്നാൽ അനുമതി തേടാതെ സ്വന്തം നിലയ്ക്ക് സിഐയുടെ നേതൃത്വത്തിൽ ഗ്രൂപ്പ് ആരംഭിച്ചതാണ് ഉന്നത ഉദ്യോഗസ്ഥരെ ചൊടിപ്പിച്ചത്. അതേ സമയം വാട്ട്സ് ആപ്പ് ഗ്രൂപ്പുകൾ താത്കാലികമായി പിൻവലിച്ചതാണെന്നും നടപടി ക്രമങ്ങൾ പൂർത്തിയായാൽ പുനഃരാരംഭിക്കുമെന്നുമാണ് വിശദീകരണം.
കുറ്റകൃത്യങ്ങൾ, അപകടങ്ങൾ തുടങ്ങിയ ചിത്രങ്ങളാളോ മെസേജുകളായോ വാട്സാപ്പ് നമ്പറിലൂടെ വേഗത്തില്‍ പോലീസിനെ അറിയിക്കാമെന്നായിരുന്നു ഗ്രൂപ്പിന്റെ സൗകര്യം. കുറ്റകൃത്യങ്ങളോ മറ്റു വിവരങ്ങളോ മെസേജുകളായി ലഭിച്ചാല്‍ അവ പരിഹരിക്കുന്നതിനും ഇടപെടുന്നതിനുമായി സിഐയുടെ നേതൃത്വത്തിലുള്ള ഗോസ്റ്റ് പട്രോളിംഗ് ടീമിനേയും പ്രത്യേകം സജ്ജമാക്കിയിരുന്നു.
നഗരസഭ-പഞ്ചായത്ത് ജനപ്രതിനിധികള്‍, രാഷ്ട്രീയ പ്രവര്‍ത്തകര്‍, മാധ്യമ പ്രവര്‍ത്തകര്‍, വ്യാപാരികള്‍, സ്കൂള്‍-കോളജ് പ്രധാന അധ്യാപകര്‍, ഓട്ടോ ടാക്സി ഡ്രൈവര്‍മാര്‍, റെസിഡന്റ്സ് അസോസിയേഷന് ഭാരവാഹികള്‍, ഫിനാന്‍സ് സ്ഥാപനങ്ങള്‍, ബാങ്കുകള്‍, ആശുപത്രികള്‍, സ്വകാര്യ ബസ് ജീവനക്കാര്‍, ആലുവയില്‍ ജോലികള്‍ ചെയ്യുന്ന വിവിധ ജീവനക്കാര്‍, ഹോട്ടല്‍-ലോഡ്ജ് ഉടമകള്‍, മുതിര്‍ന്ന പൗരന്മാര്, ആന്റി നാര്‍ക്കോട്ടിക്സ് ക്ലബ് ഭാരവാഹികള്‍, തട്ടുകടക്കാര്, രാത്രി കച്ചവടക്കാര്‍, വ്യാപാരികൾ, സേവന സ്ഥാപന ഉടമകള്‍ തുടങ്ങിയ വ്യത്യസ്ത മേഖലയിലുള്ളവരെയാണ് ഗ്രൂപ്പില്‍ ഉള്‍പ്പെടുത്തിയിരുന്നത്.