ചാലക്കുടി: ജോയിക്ക് തടിമില്ലിലെ ജോലി അഭിനയമല്ല ജീവിതമാണ്. തടിമില്ലിൽ ജോലി ചെയ്യുന്പോഴും ജോയിയുടെ മനസിൽ കഥകളും കവിതകളുമാണ് ഈണം പകരുന്നത്. ചാലക്കുടി സ്വദേശിയായ പാലയ്ക്കൽ വീട്ടിൽ ജോയി ചാലക്കുടിയിൽ വർഷങ്ങൾക്കുമുന്പ് നാടകവേദികളിൽ സജീവസാന്നിധ്യമായിരുന്നു. നാടക – ചലച്ചിത്രനടൻ, കവി, കഥാകാരൻ, സാംസ്കാരിക പ്രവർത്തകൻ എന്നി നിരവധി വിശേഷണങ്ങളുമായി ജോയി ഇപ്പോഴും തടിമില്ലിൽ ജോലി ചെയ്യുകയാണ്.
ചാലക്കുടിയിൽ 45 വർഷം മുന്പ് ജോയി പാലയ്ക്കൽ എന്ന പേരിൽ നാടകനടനായിട്ടാണ് അറിയപ്പെട്ടിരുന്നത്. എന്നാൽ ജീവിതം ജോയിയെ കൊല്ലം അരൂരിൽ എത്തിച്ചപ്പോൾ ജോയി ചാലക്കുടിയായി. തടിമിൽ തൊഴിലാളിയായി അവിടെ 72-ാം വയസിലും ജോലി ചെയ്തുകൊണ്ടിരിക്കുകയാണ്. ഒപ്പം നാടകാഭിനയവും രചനയും കൂട്ടിനുണ്ട്.
ജീവിത പ്രാരാബ്ധങ്ങൾക്കിടയിൽ കുട്ടിക്കാലത്ത് തന്നെ കൂലിവേലക്കിറങ്ങിയ ജോയി പിന്നീട് നാടകാഭിനയരംഗത്ത് സജീവമായി. നാടകാഭിനയത്തിലൂടെ മിനി സ്്ക്രീനിലെത്തി. പൊന്തൻമാട, സ്ഥലത്തെ പ്രധാന പയ്യൻസ്, ആട്ടക്കഥ, നാളെ എങ്കൽ കല്യാണം എന്നീ സിനിമകളിൽ അഭിനയിച്ചു.
അമരത്ത് തുഴയില്ലാതെ എന്ന നാടകം രചിച്ചു. ഗൃഹനൊന്പരം, തിരിച്ചറിവിന്റെ തിരിവെട്ടം, ഉണ്ണികുഴന്പ് എന്നീ കവിതാസമാഹാരങ്ങഎൾ പ്രസിദ്ധീകരിച്ചു. കുട്ടികൾക്കായി നിർമിച്ച പാക്കനാർ പറഞ്ഞത് എന്ന ടെലിഫിലിമിലും അഭിനയിച്ചു. സംസ്ഥാന ഫിലിം സൊസൈറ്റി അവാർഡും ലഭിച്ചിട്ടുണ്ട്. വരുത്തൻ എന്ന പേരിൽ കഥാസമാഹാരവും ലഘുനാടകവും എഴുതിയിട്ടുണ്ട്.
കലാഭവൻ മണിയേയും, ജോസ് പല്ലിശേരി, ലോഹിതദാസ്, സുന്ദർദാസ് തുടങ്ങിയ കലാകാരൻമാരുടെ നാട്ടിൽനിന്നുള്ള ജോയിക്ക് ചാലക്കുടിയെന്ന പേരിൽ തന്നെ അറിയപ്പെടാനാണ് ആഗ്രഹം. ഒഴിവു ദിവസങ്ങളിൽ കൊല്ലത്തുനിന്നും ചാലക്കുടിയിലേക്ക് എത്തുന്ന ജോയി തന്റെ പഴയകാല നാടക ദിന സ്മരണകൾ സുഹൃത്തുക്കളുമായി പങ്കുവെച്ചാണ് മടങ്ങിപ്പോകുന്നത്. കൊല്ലത്ത് കലോത്സവവേദികളിൽ ഇപ്പോഴും ജോയി ചാലക്കുടി സജീവമാണ്.