മുക്കം: മുക്കം നഗരസഭയിലെ മുക്കം ചേന്ദമംഗല്ലൂർ റോഡിൽ മാലിന്യം തള്ളിയ സംഭവത്തിൽ കർശന നടപടിക്കൊരുങ്ങി നഗരസഭ. ചേന്ദമംഗല്ലുർ റോഡിൽ പിസി തീയറ്ററിന് സമീപത്തായി ചെല്ലന്തറയിൽ ഇലക്ട്രോണിക്സിന് എതിർവശത്തായാണ് നൂറ് കണക്കിന് ചാക്കുകളിലായി മാലിന്യം തള്ളിയിരിക്കുന്നത്. ഒരാഴ്ച മുൻപ് തുടങ്ങിയ മാലിന്യ നിക്ഷേപം കഴിഞ്ഞ മൂന്ന് ദിവസത്തിനിടെ വലിയ തോതിൽ വർധിക്കുകയായിരുന്നു.
വേനൽമഴയിൽ മാലിന്യ ചാക്കുകളിൽ വെള്ളം നനഞ്ഞ് ദുർഗന്ധം അസഹനീയമായതോടെയാണ് നഗരസഭ സെക്രട്ടറി എൻ.കെ.ഹരീഷ്, ആരോഗ്യ സ്റ്റാന്റിംഗ് കമ്മറ്റി ചെയർമാൻ പി.പ്രശോഭ് കുമാർ, ഹെൽത്ത് ഇൻസ്പെക്ടർ മധുസൂദനൻ, ആരോഗ്യ വകുപ്പ് ഉദ്യോഗസ്ഥർ എന്നിവരുടെ നേത്യത്വത്തിൽ പരിശോധന നടത്തിയത്.
പരിശോധനയിൽ വിവിധ സ്ഥാപനങ്ങളുമായി ബന്ധപ്പെട്ട തെളിവുകൾ ലഭിച്ചതായും ശക്തമായ നടപടി സ്വീകരിക്കുമെന്നും നഗരസഭ സെക്രട്ടറി എൻ.കെ. ഹരീഷ് പറഞ്ഞു. മാലിന്യം തള്ളിയ വിഷയവുമായി ബന്ധപ്പെട്ട് മുക്കം പോലീസിന്റെ സഹായം അഭ്യർത്ഥിച്ചതായും സെക്രട്ടറി പറഞ്ഞു.
പരിശോധനയ്ക്കുശേഷം മാലിന്യം തള്ളിയതായി കണ്ടെത്തിയ സ്ഥാപനങ്ങളിലെത്തി മുന്നറിയിപ്പ് നൽകി. മാലിന്യം വേർ തിരിച്ച് പുനരുപയോഗം ചെയ്യാൻ സാധിക്കുന്നത് പുനരുപയോഗിക്കുകയും അല്ലാത്തവ പിഴയായി കിട്ടുന്ന തുക ഉപയോഗിച്ച് സംസ്കരിക്കുമെന്നും സെക്രട്ടറി പറഞ്ഞു.