തലശേരി: വീടാക്രമിച്ച് എഴുപത്തിയെട്ടുകാരനെ തലയ്ക്കടിച്ച് കൊലപ്പെടുത്തിയ കേസിന്റെ ഫയൽ കൊച്ചിയിലെ അഡ്വക്കേറ്റ് ജനറൽ ഓഫീസിൽ നിന്നും അപ്രത്യക്ഷമായ സംഭവത്തിൽ ക്രൈംബ്രാഞ്ച് ഡിവൈഎസ്പിക്ക് ഹൈക്കോടതി നോട്ടീസ് അയച്ചു. കൂത്തുപറമ്പ് കുട്ടിക്കുന്നിലെ തപസ്യയിൽ ബാലൻ നമ്പ്യാർ കൊല്ലപ്പെട്ട കേസിന്റെ ഫയൽ അപ്രത്യക്ഷമായതിനെ തുടർന്ന് ബാലൻ നമ്പ്യാരുടെ മകൾ വിനീത അഡ്വ.പി.എൻ.സുകുമാരൻ, അഡ്വ.കെ. വിശ്വൻ എന്നിവർ മുഖാന്തിരം നൽകിയ ഹർജിയിലാണ് ഹൈക്കോടതി ഡിവൈഎസ്പിക്ക് നോട്ടീസ് അയച്ചത്.കേസിന്റെ വിചാരണ ഒരു മാസത്തേക്ക് ഹൈക്കോടതി സ്റ്റേ ചെയ്തു.
തിങ്കളാഴ്ച തലശേരി സെഷൻസ് കോടതിയിൽ വിചാരണ തുടങ്ങാനിരിക്കെയാണ് ഹൈക്കോടതിയുടെ ഇടപെടൽ ഉണ്ടായിട്ടുള്ളത്. ഫയൽ കാണാതായതിൽ ദുരൂഹതയുണ്ടെന്നും ഫയൽ കിട്ടാതെ വിചാരണ തുടങ്ങുന്നത് പ്രോസിക്യൂഷനെ ബാധിക്കുമെന്നും ഫയൽ കണ്ടെത്താൻ നടപടി സ്വീകരിക്കണമെന്നും ആവശ്യപ്പെട്ടാണ് വിനീത ഹൈക്കോടതിയെ സമീപിച്ചത്. ഫയൽ കാണാതായതിനു പിന്നിലെ ദുരൂഹത ഏറുകയാണ്.
സംഭവത്തെക്കുറിച്ച് നിലവിലുള്ള അഡ്വക്കേറ്റ് ജനറലിനും ഡിസ്ട്രിക്ട് ഗവ. പ്ലീഡർ ബി.പി ശശീന്ദ്രൻ റിപ്പോർട്ട് നൽകിയിട്ടുണ്ട്. ഫയൽ കണ്ടെത്തി തരണമെന്നാവശ്യപ്പെട്ട് കണ്ണൂർ ഐജിക്കും പ്രോസിക്യൂഷൻ കത്ത് നൽകിയിരുന്നു. കേസിന്റെ അന്വേഷണത്തിലും വൻ ഇടപെടൽ നടന്നിട്ടുള്ളതായിട്ടുള്ള റിപ്പോർട്ടുകളാണ് പുറത്തു വരുന്നത്.
വീടാക്രമിച്ച് ഗൃഹനാഥനെ തലയ്ക്കടിച്ച് കൊലപ്പെടുത്തുകയും വീട് കൊള്ളയടിക്കുകയും ചെയ്ത സംഭവത്തിൽ 302 വകുപ്പ് ചുമത്താതെ കുറ്റപത്രം സമർപ്പിച്ചതും കേസ് പൊളിക്കാനുള്ള ആസൂത്രിത നീക്കമാണെന്നാണ് വിലയിരുത്തപ്പെടുന്നത്. ഇപ്പോൾ പ്രോസിക്യൂട്ടർ നൽകിയ ഹർജിയെ തുടർന്നാണ് പ്രതികൾക്കെതിരെ സംഭവം നടന്ന് പതിനാല് വർഷത്തിനു ശേഷം കോടതി 302 വകുപ്പ് ചുമത്തിയത്.
ക്രൈംബ്രാഞ്ച് അന്വേഷണം നടത്തി കുറ്റപത്രം സമർപ്പിച്ച കേസിൽ സ്പെഷൽ പ്രോസിക്യൂട്ടറെ നിയമിക്കണമെന്നാവശ്യപ്പെട്ട് കൊല്ലപ്പെട്ട ബാലൻ നമ്പ്യാരുടെ മകൾ വിനീത ഹൈക്കോടതിയിൽ ഹർജി നൽകിയതിനെ തുടർന്നാണ് ഫയൽ എജി ഓഫീസിലേക്ക് വിളിപ്പിച്ചത്. സ്പെഷൽ പ്രോസിക്യൂട്ടറെ നിയമിക്കണമെന്ന വിനീതയുടെ ഹർജി ഹൈക്കോടതി തള്ളുകയും കേസ് വിചാരണക്കായി തലശേരി സെഷൻസ് കോടതിയുടെ പരിഗണനയിൽ എത്തുകയും ചെയ്തു.ഈ സമയത്താണ് ഫയൽ അപ്രത്യക്ഷമായ വിവരം പ്രോസിക്യൂട്ടറുടെ ശ്രദ്ധയിൽ പെട്ടത്.
2005 ജനുവരി 27നാണ് കേസിനാസ്പദമായ സംഭവം നടന്നത്. കൂത്തുപറമ്പിലെ കുറ്റേരി ഗോവിന്ദൻ നമ്പ്യാർ (70), കോരപ്പറമ്പ് ജയിംസ് (42), മാനന്തേരിയിലെ പ്രദീഷ് (43), മാറോളി വീട്ടിൽ സുഹാസ് (42), പുത്തൻപുരയിൽ സുനിൽകുമാർ (38), ശ്രീനിലയത്തിൽ രൂപേഷ് (40), കല്ലുമ്മൽ ജയേഷ് (38), ഐശ്വര്യയിൽ രതീശ് (40), കല്ല്യാർ രതീശ് കുമാർ (40) ചുണ്ടക്കാട്ട്പറമ്പ് സുരേഷ് കുമാർ എന്ന മണി (41), രാജ് നിവാസിൽ രാജീവൻ (42), തൈക്കണ്ടി വിനീഷ് (41), ഉച്ചുമ്മൽ ഷനോബ് എന്ന ഷനോജ് (44) എന്നിവരാണ് കേസിലെ പ്രതികൾ