കണ്ണൂർ\തളിപ്പറന്പ്: കള്ളവോട്ട് ചെയ്ത സംഭവത്തിൽ പോലീസ് കേസെടുത്ത പ്രതികളുടെ അറസ്റ്റ് വൈകും. മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസറുടെ പരാതിയിൽ കേസെടുത്തുവെങ്കിലും പോലീസ് അന്വേഷണം നടത്തിയതിനുശേഷം മാത്രമായിരിക്കും പ്രതികളുടെ അറസ്റ്റ് രേഖപ്പെടുത്തുക. കാസർഗോഡ് ലോക്സഭാ മണ്ഡലത്തിൽ കള്ളവോട്ട് ചെയ്ത സംഭവത്തിൽ നാല് സിപിഎം പ്രവർത്തകർക്കെതിരേ കേസെടുക്കുകയും മൂന്ന് ലീഗ് പ്രവർത്തകർക്കെതിരേ കേസെടുക്കാൻ നിർദേശം നല്കുകയും ചെയ്തിരുന്നു.
നിലവിൽ കള്ളവോട്ട് ചെയ്ത പ്രതികളുടെ മേൽവിലാസം ശരിയാണോയെന്ന് അന്വേഷിക്കണം. കൂടാതെ, ഇവർ കള്ളവോട്ട് ചെയ്യുന്ന ദൃശ്യങ്ങളുടെ ആധികാരികത ഉറപ്പുവരുത്തണം. ഇതിനായി ഫോറൻസിക് പരിശോധന ഉൾപ്പെടെ നടത്തണം. തുടർന്ന് പോലീസ് അന്വേഷണം നടത്തി പ്രതികൾ കുറ്റക്കാരാണെന്ന് തെളിഞ്ഞാൽ മാത്രമായിരിക്കും അറസ്റ്റ് രേഖപ്പെടുത്തുക.
നിലവിൽ കാസർഗോഡ് ലോക്സഭാ മണ്ഡലത്തിലെ പിലാത്തറ എ യു പി സ്കൂളിലെ 19- ാം നമ്പർ ബൂത്തിൽ കള്ളവോട്ട് ചെയ്ത ചെറുതാഴം പഞ്ചായത്ത് അംഗം എൻ.പി.സെലീന, മുൻ പഞ്ചായത്തംഗം കെ.പി.സുമയ്യ, പിലാത്തറയിലെ സി.പത്മിനി എന്നീ മൂന്ന് സി പി എം പ്രവർത്തകർക്കെതിരെയും തൃക്കരിപ്പൂരിലെ സിപിഎം പ്രവർത്തകൻ കെ.ശ്യാം കുമാർ എന്നിവർക്കെതിരേയുമാണ് കേസടുത്തിരിക്കുന്നത്.
ലീഗ് പ്രവർത്തകരായ കല്യാശേരി മാടായി പുതിയങ്ങാടി സ്വദേശി മുഹമ്മദ് ഫായിസ്, മാടായി ജുമാമസ്ജിദിനു സമീപം അബ്ദുൾ സമദ്, മാടായി സ്വദേശി കെ.എം. മുഹമ്മദ് എന്നിവർക്കെതിരേ കേസെടുക്കാൻ കാസർഗോഡ് കളക്ടർ പഴയങ്ങാടി പോലീസിനു നിർദേശം നല്കുകയും ചെയ്തിരുന്നു.
മുഹമ്മദ് ഫായിസും അബ്ദുൾ സമദും രണ്ടു തവണ വീതവും കെ.എം. മുഹമ്മദ് മൂന്നു തവണയും കല്യാശേരി പുതിയങ്ങാടി എച്ച്എസ്എസിലെ 69, 70 ബൂത്തുകളിൽ വോട്ട് ചെയ്തതായാണു കളക്ടറുടെ റിപ്പോർട്ടിൽ പറയുന്നതെന്നു ടിക്കാറാം മീണ ഇന്നലെ അറിയിച്ചിരുന്നു. ഇതിൽ മുഹമ്മദ് ഫായിസും കെ.എം. മുഹമ്മദും വരണാധികാരിക്കു മൊഴി നൽകി. എന്നാൽ, അബ്ദുൾ സമദ് മൊഴി നൽകാതെ ഗൾഫിലേക്കു കടന്നതായാണു വിവരം. ഇയാൾക്കെതിരേ വാറന്റ് പുറപ്പെടുവിക്കാൻ നിർദേശിച്ചിട്ടുണ്ട്.