തളിപ്പറമ്പ്: കൈക്കൂലി നൽകാൻ വിസമ്മതിച്ചതിനാൽ കോ-ഓപ്പറേറ്റീവ് ഡ്രൈവിംഗ് സ്കൂളിലെ 20 പേരെ ഡ്രൈവിംഗ് ടെസ്റ്റിൽ പങ്കെടുപ്പിച്ചില്ലെന്നും തുടർന്നു വിവരമന്വേഷിച്ചെത്തിയ സംഘം പ്രസിഡന്റും ഡിസിസി ജന.സെക്രട്ടറിയുമായ എ.പി. നാരായണനെ (64) മോട്ടോർ വെഹിക്കിൾ ഉദ്യോഗസ്ഥൻ മർദിച്ചതായും പരാതി. പോലീസ് സ്റ്റേഷനിൽ കുഴഞ്ഞുവീണ നാരായണനെ തളിപ്പറമ്പ് താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
ഇന്നുരാവിലെ 8.30 ഓടെ കാത്തിരങ്ങാട്ടെ മോട്ടോർ വെഹിക്കിൾ ടെസ്റ്റിംഗ് ഗ്രൗണ്ടിലായിരുന്നു സംഭവം. പയ്യന്നൂർ കോ-ഓപ്പറേറ്റീവ് മോട്ടോർ ഡ്രൈവിംഗ് സ്കൂൾ വിദ്യാർഥികളായ 20 പേർക്കു ടെസ്റ്റ് നിഷേധിച്ച വിവരമറിഞ്ഞാണു സൊസൈറ്റി പ്രസിഡന്റ് കൂടിയായ നാരായണൻ ടെസ്റ്റിംഗ് ഗ്രൗണ്ടിലെത്തിയത്. ഇതേക്കുറിച്ചു മോട്ടോർ വാഹന വകുപ്പ് ഉദ്യോഗസ്ഥരുമായി നടന്ന തർക്കത്തിനിടെ ഉദ്യോഗസ്ഥരിലൊരാൾ മർദിച്ചതായാണു പരാതി.
വിവരമറിഞ്ഞെത്തിയ തളിപ്പറമ്പ് പോലീസ് നാരായണനെ സ്റ്റേഷനിലെത്തിച്ചു. സ്റ്റേഷനിൽ കുഴഞ്ഞുവീണ ഇദ്ദേഹത്തെ പോലീസ് ഉടൻ താലൂക്ക് ആശുപത്രിയിലെത്തിക്കുകയായിരുന്നു. യൂത്ത് കോൺഗ്രസ് തളിപ്പറമ്പ് ബ്ലോക്ക് പ്രസിഡന്റ് രാഹുൽ ദാമോദരന്റെ നേതൃത്വത്തിൽ കോൺഗ്രസ് പ്രവർത്തകരും ആശുപത്രിയിലെത്തിയിരുന്നു.