പെരുന്പടവ്: സിപിഎമ്മിന്റെ നേതൃത്വത്തിൽ വനിതാ മതിൽ സംഘടിപ്പിച്ചതു സ്ത്രീകളെയും കള്ളവോട്ട് ചെയ്യിക്കുന്നതിനു പ്രാപ്തരാക്കാനാണെന്നു രാജ്മോഹൻ ഉണ്ണിത്താൻ.
കഴിഞ്ഞ പാർലമെന്റ് തെരഞ്ഞെടുപ്പ് ദിവസം വെള്ളോറ ബൂത്തിൽ കള്ളവോട്ടുകൾ തടഞ്ഞ യുഡിഎഫ് ഏജന്റുമാരായ കെ.എം. ജോസഫ്, എൻ.വി. രാധാകൃഷ്ണൻ എന്നിവരെ സിപിഎം പ്രവർത്തകർ ക്രൂരമായി മർദിച്ചതിൽ പ്രതിഷേധിച്ച് എരമം-കുറ്റൂർ മണ്ഡലം യുഡിഎഫ് കമ്മിറ്റി വെള്ളോറയിൽ സംഘടിപ്പിച്ച പ്രതിഷേധയോഗം ഉദ്ഘാടനംചെയ്തു പ്രസംഗിക്കുകയായിരുന്നു അദ്ദേഹം.
ജനാധിപത്യ രീതിയിൽ നിഷ്പക്ഷ തെരഞ്ഞെടുപ്പ് നടത്തിയാൽ എവിടെയും സിപിഎമ്മിനു കെട്ടിവച്ച കാശ്പോലും കിട്ടില്ലെന്നും കള്ളവോട്ട് ചെയ്തവരെയും കള്ളവോട്ടിന് സഹായങ്ങൾ ചെയ്തവരെയും ഇരുന്പഴിയിൽ കിടത്തുമെന്നും അദ്ദേഹം പറഞ്ഞു.
കണ്ണൂർ, കാസർഗോഡ് ജില്ലാ കളക്ടർമാർ സിപിഎമ്മിനു സ്തുതിപാടുകയാണെന്നും കളക്ടർമാർ എല്ലാ നീതികേടിനും കൂട്ടുനിന്നതായും ഉണ്ണിത്താൻ പറഞ്ഞു. വോട്ടേഴ്സ് ലിസ്റ്റ് അടിച്ചതുപോലും ദേശാഭിമാനിയിൽ നിന്നാണെന്നും അതിനാൽ പലരും പട്ടികയിൽ നിന്ന് അപ്രത്യക്ഷമായതായും അദ്ദേഹം ആരോപിച്ചു.
മഹമൂദ് ഹാജി അധ്യക്ഷതവഹിച്ചു. ഡിസിസി പ്രസിഡന്റ് സതീശൻ പാച്ചേനി മുഖ്യപ്രഭാഷണം നടത്തി. കെപിസിസി ജനറൽ സെക്രട്ടറി കെ.പി. കുഞ്ഞിക്കണ്ണൻ, അൻസാരി തില്ലങ്കേരി, എം. നാരായണൻകുട്ടി, കെ.ടി. സഹദുള്ള, വി.എൻ. എരിപുരം, എം.വി. ഉണ്ണിക്കൃഷ്ണൻ, എൻ.വി. രാധാകൃഷ്ണൻ, എം.കെ. രാജൻ, എ.പി. നാരായണൻ, ഷുക്കൂർ ഹാജി, സി.കെ. ഗോപിനാഥ്, റഷീദ് കവ്വായി, വി.പി. അബ്ദുൾ റഷീദ്, എൻ.വി. മധുസൂദനൻ, കെ.പി. ദാമോദരൻ, ജംഷീർ ആലക്കോട്, സാജൻ ആന്റണി, ഇഖ്ബാൽ കോയിപ്ര എന്നിവർ പ്രസംഗിച്ചു.