കൽപ്പറ്റ: പഴയ വൈത്തിരിയിൽനിന്നു രണ്ടു കിലോമീറ്റർ മാറി വനത്തോടു ചേർന്ന കാപ്പിത്തോട്ടത്തിൽ കാട്ടാന പ്രസവിച്ചു. കുട്ടിക്കു സുരക്ഷയൊരുക്കി തോട്ടത്തിലും സമീപത്തുമായി നിലയുറപ്പിച്ചത് 11 ആനകളടങ്ങിയ കൂട്ടം.
മുള്ളൻപാറ പഴയ വികെ പ്ലാന്റേഷന്റെ ഭാഗമായ കാപ്പിത്തോട്ടത്തിലായിരുന്നു കാട്ടാനയുടെ പ്രസവം. തോട്ടത്തിൽ നിലയുറപ്പിച്ച കാട്ടാനക്കൂട്ടത്തിനിടയിൽ മണിക്കൂറുകൾ മാത്രം പ്രായമുള്ള കുട്ടിയാന ഇന്നലെ രാവിലെയാണ് നാട്ടുകാരുടെ ശ്രദ്ധയിൽപ്പെട്ടത്. മുള്ളൻപാറയിൽ പതിവായി ഇറങ്ങുന്ന കൂട്ടത്തിൽപ്പെട്ട ആനയാണ് പ്രസവിച്ചതെന്നു പ്രദേശവാസികൾ പറഞ്ഞു.
നാല് കുട്ടിയാനകളും ഉൾപ്പെടുന്നതാണ് തോട്ടത്തിലുള്ള കൂട്ടം. കാപ്പിത്തോട്ടത്തോടു ചേർന്നുള്ള ചെങ്കുത്തായ തേയിലക്കാടും മറികടന്നുവേണം ആനകൾക്കു വനത്തിലെത്താൻ. കുട്ടിയാനയ്ക്കു കയറ്റം കയറാൻ പ്രാപ്തിയാകുംവരെ കൂട്ടം തോട്ടത്തിലും സമീപത്തുമായി നിലയുറപ്പിക്കാനാണ് സാധ്യതയെന്നു വനപാലകർ പറഞ്ഞു. ആനക്കൂട്ടം വനപാലകരുടെ നിരീക്ഷണത്തിലാണ്.
ആളുകൾ ആനകൾക്കടുത്തേക്കു പോകുന്നതു ഒഴിവാക്കുന്നതിന് വനം വകുപ്പ് ജാഗ്രത പുലർത്തുന്നുണ്ട്. എത്രയുംവേഗം ആനകളെ കാട്ടിലേക്കു തുരത്താനാണ് വനപാലകരുടെ പദ്ധതി.