വാഹനമോടിക്കുന്നതിനിടെ ഹൃദയാഘാതം മൂലം പിതാവ് മരിച്ചപ്പോൾ വാഹനത്തിന്റെ നിയന്ത്രണം ഏറ്റെടുത്ത എട്ടുവയസുകാരൻ ഒഴിവാക്കിയത് വൻ ദുരന്തം. കർണാടകയിലെ തുംകുരുവിലാണ് സംഭവം. പ്രഷർ കുക്കർ വിതരണം ചെയ്യുന്ന ജോലിക്കാരനായ ശിവകുമാർ(35) ആണ് മരണമടഞ്ഞത്.
അവധി ദിവസമായതിനാൽ അദ്ദേഹത്തിനൊപ്പം അഞ്ചാം ക്ലാസുകാരനായ മകൻ പുനീതും പോയിരുന്നു. വാഹനമോടിക്കുന്നതിനിടെ ഹൃദയാഘാതം വന്ന് ശിവകുമാറിന് ബോധം നഷ്ടപ്പെട്ടിരുന്നു. സംഭവം മനസിലാക്കിയ പുനീത് മനസാന്നിധ്യം നഷ്ടപ്പെടുത്താതെ സമയോചിതമായി ഇടപെട്ട് വാഹനം വഴി സൈഡിൽ നിർത്തി. എന്നാൽ പിതാവിന്റെ ജീവൻ രക്ഷിക്കുവാൻ പുനീതിന് സാധിച്ചില്ല.
വാഹനത്തിനുള്ളിൽ ഇരുന്ന് പിതാവിന്റെ ശരീരത്തിൽ പിടിച്ച് കരയുന്ന പുനീതിന്റെ ചിത്രം സോഷ്യൽമീഡിയയിൽ വൈറലായി മാറുകയാണ്. സമയോചിതമായി ഇടപെട്ട് വൻ ദുരന്തം ഒഴിവാക്കിയ പുനീതിനെ തേടി അഭിനന്ദന പ്രവാഹമാണ്. സംഭവ സ്ഥലത്ത് എത്തിച്ചേർന്ന സബ് ഇൻസ്പെക്ടർ ലക്ഷ്മി കാന്തും പുനീതിനെ അഭിനന്ദിച്ചു.