കള്ളവോട്ട് വിവാദം കെട്ടടങ്ങുന്നതിനു മുമ്പു തന്നെ അടുത്ത വിവാദം ഉയരുന്നു. പോലീസുകാരുടെ പോസ്റ്റല്‍ വോട്ടില്‍ വ്യാപക ക്രമക്കേട് നടന്നെന്നാണ് ഇപ്പോള്‍ കണ്ടെത്തിയിരിക്കുന്നത്. ഇതു സംബന്ധിച്ച റിപ്പോര്‍ട്ടുകള്‍ ഇന്റലിജന്‍സ് ശരിവയ്ക്കുകയും ചെയ്തിട്ടുണ്ട്. പോലീസ് അസോസിയേഷന് സ്വാധീനിച്ചെന്ന് സ്ഥിരീകരിക്കുന്ന റിപ്പോര്‍ട്ട് ശബ്ദരേഖയില്‍ പരാമര്‍ശമുള്ളവരെക്കുറിച്ച് അന്വേഷണം വേണമെന്നും പറയുന്നു. ഇന്നലെയാണ് ഇന്റലിജന്‍സ് മേധാവി വിനോദ് കുമാര്‍ നാല് പേജുള്ള റിപ്പോര്‍ട്ട് ലോകനാഥ് ബെഹ്റക്ക് കൈമാറിയത്
പൊലീസുകാരെ സ്വാധീനിച്ച് കൂട്ടത്തോടെ പോസ്റ്റല്‍ വോട്ടുകള്‍ ഇടത് അനുകൂല അസോസിയേഷന് കൈക്കലാക്കി എന്നതായിരുന്നു ആക്ഷേപം. അസോസിയേഷന് നിര്‍ദ്ദേശം അനുസരിച്ച് ഒന്നിലേറെ പോസ്റ്റല്‍ ബാലറ്റുകള്‍ കൈപ്പറ്റിയെന്ന് തിരുവനന്തപുരം വട്ടപ്പാറ സ്വദേശി പൊലീസുകാരന് സമ്മതിച്ചിരുന്നു. പൊലീസുകാരുടെ പോസ്റ്റല്‍ ബാലറ്റ് ശേഖരിച്ച് കള്ളവോട്ടിന് ശ്രമിച്ചെന്ന പരാതിയില്‍ പൊലീസ് അസോസിയേഷനെ രക്ഷിക്കാന്‍ രാഷ്ട്രീയ സമ്മര്‍ദത്തില്‍ അന്വേഷണം വൈകിപ്പിക്കുന്നു എന്ന ആക്ഷേപം സജീവമായിരുന്നു. ഇതിന് പിന്നാലെയാണ് അന്വേഷണം ഊര്‍ജ്ജിതമാക്കിയത്.
പോലീസ് അസോസിയേഷനിലെ അപ്രമാദിത്വം ഉപയോഗിച്ച് സിപിഎം അനുകൂലികള്‍ കള്ളവോട്ട് ചെയ്യുന്നുവെന്ന പരാതി മുമ്പേ ഡിജിപിയ്ക്ക് ലഭിച്ചിരുന്നു. എന്നാല്‍ അത് അടിസ്ഥാന രഹിതമായ പരാതിയാണെന്നായിരുന്നു ഡിജിപി ബെഹ്റയുടെ നിലപാട്.ശബ്ദരേഖയിലെ പൊലീസുകാരന്റെ മൊഴി തെളിവായി സ്വീകരിക്കാനും അന്ന് ബെഹ്റ തയാറായില്ല. എന്തായാലും തുടരന്വേഷണത്തിന് ഇന്റലിജന്‍സ് മേധാവിയെ ഏല്‍പ്പിക്കുകയായിരുന്നു. പോസ്റ്റല്‍ വോട്ട് നടപടികള്‍ ഇപ്പോഴും തുടരുന്നതിനാല്‍ അന്വേഷണം വൈകുന്നത് കള്ളവോട്ടിന് അവസരമൊരുക്കുകയാണ്.
നേരിയ ഭൂരിപക്ഷത്തിനു സ്ഥാനാര്‍ത്ഥികള്‍ ജയിക്കുന്ന പല മണ്ഡലങ്ങളിലും പൊലീസിലെ 55,000 ത്തിലേറെ പേരുടെ വോട്ട് നിര്‍ണായകമാണ്. ആന്ധപ്രദേശ്, ലക്ഷദ്വീപ് എന്നിവിടങ്ങളിലേക്ക് ഇതിനകം 18 കമ്പനി (ഏകദേശം 1600 പേര്) പൊലീസ് തിരഞ്ഞെടുപ്പു ഡ്യൂട്ടിക്കു പോയിരുന്നു. വീട്ടിലെ വിലാസത്തിലാണു പോസ്റ്റല്‍ ബാലറ്റിനു സാധാരണയായി അപേക്ഷിക്കുന്നത്. എന്നാല്‍ ഓരോ ബറ്റാലിയനിലും രൂപീകരിച്ചിട്ടുള്ള ഇലക്ഷന് സെല്ലിലെ പൊലീസുകാര്‍ അതു വെട്ടിത്തിരുത്തി ബറ്റാലിയന് വിലാസത്തിലാക്കി അപേക്ഷ നല്‍കിയെന്നായിരുന്നു പരാതി.