കോട്ടയം: മകൾ നോക്കി നിൽക്കേ അമ്മ സ്വകാര്യ ബസിടിച്ചു മരിച്ചു. തിരുനക്കര ബസ്സ്റ്റാൻഡിനു മുന്നിൽ ഇന്നു രാവിലെ എട്ടേമുക്കാലോടെയാണ് ദാരുണമായ അപകടം. തോട്ടയ്ക്കാട് അന്പലകവല കോവൂർ വീട്ടിൽ ബിജുവിന്റെ ഭാര്യ മിനി (47) ആണ് മരിച്ചത്. കോട്ടയം-വൈക്കം റൂട്ടിൽ സർവീസ് നടത്തുന്ന പുല്ലത്തിൽ ബസാണ് ഇടിച്ചത്.
ബസിന്റെ മുൻചക്രം കയറി തൽക്ഷണം മരണം സംഭവിച്ചു. മിനിയുടെ ഏക മകൾ ദേവികയാണ് ഒപ്പമുണ്ടായിരുന്നത്. മകൾ പരിക്കേൽക്കാതെ രക്ഷപ്പെട്ടു. പോലീസ് എത്തിയാണ് മൃതദേഹം റോഡിൽനിന്ന് നീക്കിയത്. സ്റ്റാൻഡിൽനിന്ന് ബസ് പുറത്തേക്ക് ഇറങ്ങിപ്പോകുന്ന ഭാഗത്താണ് അപകടം. രാവിലെ എട്ടുമണിയോടെയാണ് ഇവർ തോട്ടയ്ക്കാട് അന്പലകവലയിൽനിന്ന് ബസിൽ കയറിയത്.
കോട്ടയം തിരുനക്കര സ്റ്റാൻഡിൽ ഇറങ്ങിയ ശേഷം സ്റ്റാൻഡിലെ എയ്ഡ് പോസ്റ്റിനു മുന്നിലൂടെ തിരുനക്കര ക്ഷേത്രത്തിലേക്ക് നടന്നു പോകുന്പോൾ സ്റ്റാൻഡിൽനിന്ന് പുറത്തേക്കിറങ്ങി വന്ന ബസാണ് ഇടിച്ചിട്ടത്. മിനി മുന്നിലും മകൾ പിന്നിലുമായി നടന്നു പോവുകയായിരുന്നു. സ്റ്റാൻഡിനു പുറത്തേക്കിറങ്ങിയ ബസ് യാത്രക്കാർ കയറാനായി നിർത്തി.
ഈ സമയത്താണ് മിനിയും മകളും ബസിനു മുന്നിലൂടെ നടന്നുപോയത്. ഇതേ സമയത്തു തന്നെ ബസ് മുന്നോട്ടെടുത്തു മിനിയെ ഇടിച്ചുവീഴ്ത്തുകയായിരുന്നു. ഒൻപതാം ക്ലാസിൽ പഠിക്കുകയാണ് മകൾ ദേവിക. കണ്മുന്നിൽ അമ്മ ബസിടിച്ചു മരിച്ചുകിടക്കുന്ന രംഗം കണ്ട് തലചുറ്റിവീണ കുട്ടിയെ തൊട്ടടുത്തുള്ള പോലീസ് എയ്ഡ് പോസ്റ്റിൽ ഇരുത്തി. മിനിയുടെ ഭർത്താവ് ബിജു തോട്ടയ്ക്കാട് അന്പലകവലയിൽ വർക്ക്ഷോപ്പിൽ ജീവനക്കാരനാണ്.