കൊച്ചി: ഓപ്പറേഷന് കിംഗ് കോബ്രയുടെ ഭാഗമായി നഗരത്തില്‍ പോലീസ് നടത്തിയ പരിശോധനയില്‍ 16 കിലോ കഞ്ചാവുമായി പിടിയിലായ ഫുട്ബോള്‍ താരങ്ങളെ കൂടുതല്‍ ചോദ്യം ചെയ്യുന്നതിനായി ഉടന്‍ കസ്റ്റഡിയില്‍ വാങ്ങും.
മലപ്പുറം വളാഞ്ചേരി സ്വദേശികളായ ഷെഫീഖ്(24), ഫിറോസ്(24) എന്നിവരെയാണ് കലൂര്‍ ബസ് സ്റ്റാന്റിനു സമീപത്തു നിന്നും എറണാകുളം നോര്‍ത്ത് പോലീസ് പിടികൂടിയത്.
റിമാന്‍ഡില്‍ കഴിയുന്ന ഇവരെ കസ്റ്റഡിയില്‍ ലഭിക്കുന്നതിന് ഉടന്‍ തന്നെ കോടതിയില്‍ അപേക്ഷ നല്‍കുമെന്നും പോലീസ് അറിയിച്ചു. അതേസമയം ചോദ്യം ചെയ്യലില്‍ ഇവര്‍ മൊഴി നല്കിയ വിതരണക്കാരനായ മലപ്പുറം സ്വദേശിക്കായി അന്വേഷണം ഊര്‍ജിതമാക്കിയിട്ടുണ്ടെന്നും നോര്‍ത്ത് എസ്ഐ പറഞ്ഞു. ആന്ധ്രയില്‍ നിന്നും വന്‍തോതില്‍ ലഹരിയെത്തിച്ച് വിതരണം ചെയ്യുന്ന മലപ്പുറം സ്വദേശിക്കായാണ് തങ്ങള്‍ കഞ്ചാവ് കടത്തിയതെന്ന് ഇവര്‍ ചോദ്യം ചെയ്യലില്‍ സമ്മതിച്ചിരുന്നു.
പിടിയിലായ ഷെഫീഖ് 2017 കേരള ഫുട്ബോള്‍ അണ്ടര്‍ 19 ടീമിലും ഫിറോസ് പാലക്കാട് ജില്ലാ ഫുട്ബോള്‍ അണ്ടര്‍ 16 ടീമിലും കളിച്ചിരുന്നു. കഞ്ചാവ് എത്തിച്ച് നല്‍കുന്നതിന് 10000 രൂപയായിരുന്നു ഇവരുടെ പ്രതിഫലം. മുന്‍പും ഇത്തരത്തില്‍ ഇവര്‍ വന്‍തോതില്‍ കേരളത്തിലേക്ക് കഞ്ചാവ് കടത്തിയതായി പോലീസിന് സംശയിക്കുന്നു.
നഗരത്തിലേക്ക് വന്‍തോതില്‍ കഞ്ചാവെത്തുന്നുവെന്ന രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തില്‍ കഴിഞ്ഞ രണ്ട് ദിവസമായി പേലീസ് റെയില്‍വേ സ്റ്റേഷൻ, ബസ് സ്റ്റാന്‍ഡ് എന്നിവിടങ്ങള്‍ കേന്ദ്രീകരിച്ച് പരിശോധന നടത്തി വരികയായിരുന്നു.