സ്വന്തം ലേഖകന്‍
തൃശൂര്‍: പൂരങ്ങളുടെ പൂരമായ തൃശൂര്‍ പൂരത്തിന ു നാളെ കൊടിയേറും. പൂരത്തിന്റെ പ്രധാന പങ്കാളികളായ തിരുവമ്പാടി- പാറമേക്കാവ് ക്ഷേത്രങ്ങളിലും പൂരത്തിനെത്തുന്ന എട്ടു ഘടകക്ഷേത്രങ്ങളിലും നാളെ വിവിധ സമയങ്ങളിലായി കൊടിയേറ്റു നടക്കും. പിന്നെ ഏഴാംനാള്‍ കാത്തുകാത്തിരുന്ന തൃശൂര്‍ പൂരം.
തിരുവമ്പാടി ക്ഷേത്രത്തില്‍ നാളെ രാവിലെ 11.30ന്് കൊടിയേറ്റം നടത്തും. പാരമ്പര്യ അവകാശികളായ താഴത്തുപുരയ്ക്കല്‍ സുന്ദരനും സുഷിത്തും കൊടിമരം ഒരുക്കും. അലങ്കരിച്ച കൊടിമരത്തില്‍ പൂരക്കൊടി കെട്ടി, ഭൂമിപൂജയ്ക്കുശേഷം ദേശക്കാര്‍ ചേര്‍ന്നാണു കൊടിമരം ഉയര്‍ത്തുക.
വൈകീട്ട് മൂന്നിനു തിരുവമ്പാടി ചെറിയ ചന്ദ്രശേഖരന് കോലമേന്തി ക്ഷേത്രത്തില്‍നിന്നു മേളത്തിന്റെ അകമ്പടിയില്‍ പുറത്തേക്കെഴുന്നള്ളും. കുമരപുരം വിനോദിന്റെ നേതൃത്വത്തില്‍ നടപാണ്ടിയായി മൂന്നരയോടെ നടുവിലാലിലും നായ്ക്കനാലിലും എത്തി പൂരക്കൊടികള്‍ ഉയര്‍ത്തും. എഴുന്നള്ളിപ്പ് വടക്കുന്നാഥ ക്ഷേത്രത്തിന്റെ ശ്രീമൂലസ്ഥാനത്ത് എത്തി മേളം കൊട്ടിക്കലാശിക്കും. നാലുമണിയോടെ പടിഞ്ഞാറേച്ചിറയില്‍ ആറാട്ടിനുശേഷം പറയെടുപ്പു നടത്തി ക്ഷേത്രത്തിലേക്ക് തിരിച്ചെഴുന്നള്ളുന്നതോടെ തിരുവമ്പാടിയുടെ കൊടിയേറ്റ ചടങ്ങുകള്‍ പൂര്‍ത്തിയാകും.
പാറമേക്കാവ് ക്ഷേത്രത്തില്‍ നാളെ ഉച്ചയ്ക്കു 12.05നാണ് കൊടിയേറ്റം. ചെമ്പില്‍ കുട്ടനാശാരിയാണു കൊടിമരമൊരുക്കുക. വലിയപാണിക്കുശേഷം പുറത്തേക്ക് എഴുന്നള്ളിപ്പ് തുടങ്ങുന്നതോടെ തട്ടകക്കാര്‍ ക്ഷേത്രത്തില്‍ കൊടിമരമുയര്‍ത്തും. തുടര്‍ന്ന് ക്ഷേത്ര സമുച്ചയത്തിലെ പാലമരത്തിലും കൊടി ഉയര്‍ത്തും.തുടര്‍ന്ന് അഞ്ച് ആനകളും മേളവുമായി പുറത്തേക്കെഴുന്നള്ളും. പാറമേക്കാവ് ദേവീദാസന് കോലമേന്തും.
തുടര്‍ന്നു മണികണ്ഠനാലിലും പൂരക്കൊടി ഉയര്‍ത്തും. പെരുവനം കുട്ടന്മാരാര് നയിക്കുന്ന മേളം കിഴക്കേ ഗോപുരം വഴി വടക്കുന്നാഥ ക്ഷേത്രത്തിനകത്തെത്തി കൊട്ടിക്കലാശിക്കും. വടക്കുന്നാഥനിലെ കൊക്കര്‍ണിയിലാണ് ആറാട്ട്.
തൃശൂര്‍ പൂരത്തിനെത്തുന്ന ചെറുപൂരങ്ങളായ എട്ടു ഘടകക്ഷേത്രങ്ങളിലും കൊടിയേറ്റത്തിന്റെ ഒരുക്കങ്ങള്‍ പൂര്‍ത്തിയായിക്കഴിഞ്ഞു.
കണിമംഗലം ശാസ്താക്ഷേത്രം, പനമുക്കുംപിള്ളി ശ്രീധര്‍മശാസ്താ ക്ഷേത്രം, ചെമ്പൂക്കാവ് കാര്‍ത്ത്യായനി ക്ഷേത്രം, ചിയ്യാരം പൂക്കാട്ടിക്കര കാരമുക്ക് ഭഗവതി ക്ഷേത്രം, ലാലൂര്‍ കാര്‍ത്ത്യായനി ക്ഷേത്രം, ചൂരക്കോട്ടുകാവ് ദുര്‍ഗാദേവി ക്ഷേത്രം, അയ്യന്തോള്‍ കാര്‍ത്ത്യായനി ദേവീ ക്ഷേത്രം, കുറ്റൂര്‍ നെയ്തലക്കാവ് ഭഗവതി എന്നീ എട്ടു ക്ഷേത്രങ്ങളിലും നാളെ വിവിധ സമയങ്ങളിലായി കൊടിയേറ്റം നടത്തും.
13നാണു വിശ്വപ്രസിദ്ധമായ തൃശൂര്‍ പൂരം. 11ന് സാമ്പിള്‍ വെടിക്കെട്ട് നടക്കും. 11, 12 തിയതികളില്‍ പാറമേക്കാവ്- തിരുവമ്പാടി വിഭാഗങ്ങളുടെ ആനച്ചമയ പ്രദര്‍ശനവും ഉണ്ടായിരിക്കും. പൂരത്തിന്റെ ഒരുക്കങ്ങളെല്ലാം പൂര്‍ത്തിയായിക്കഴിഞ്ഞു. പന്തലുകളുടെ നിര്‍മാണം അവസാന ഘട്ടത്തിലേക്ക് കടന്നിരിക്കുകയാണ്. സാമ്പിള്‍ ദിവസം പന്തലുകള്‍ ദീപാലംകൃതമാകും.
കനത്ത സുരക്ഷാക്രമീകരണത്തിലാണ് ഇത്തവണത്തെ തൃശൂര്‍ പൂരം നടക്കുന്നത്. 14ന് പുലര്‍ച്ചെയാണു പൂരത്തിന്റെ പ്രധാന ആകര്‍ഷണമായ പൂരം വെടിക്കെട്ട്.