സ്വന്തം ലേഖകന്‍
കോഴിക്കോട്: ജോലിക്കാരെ ആവശ്യമുള്ളവര്‍ക്കും ജോലി വേണ്ടവര്‍ക്കുമായി ഇനി ആപ്പും.എല്ലാ വിധത്തിലുള്ള സേവനദാതാക്കളെയും ആവശ്യക്കാരെയും ബന്ധിപ്പിക്കുന്ന സൗജന്യ മൊബൈല്‍ ആപ്ലിക്കേഷനായ ‘സെര്വ്ഈസി’ യാണ് സാധാരണക്കാര്‍ക്ക് ഏറെ ഉപകാരപ്രദമാകുന്നത്. പ്രവാസി മലയാളിയും കോഴിക്കോട് സ്വദേശിയുമായ ഷാനിഫ്ഉമ്മറാണ് ആപ്പ് തയ്യാറാക്കിയിരിക്കുന്നത്.
കഴിഞ്ഞ വര്‍ഷം സ്വന്തമായി വീട് എന്ന സ്വപ്നത്തിന് തുടക്കം കുറിച്ചപ്പോള്‍ സമയത്തിന് ജോലിക്കാരെ ലഭിക്കാതെ വന്നതാണ് ജോലിക്കാരെ എളുപ്പത്തില്‍ കിട്ടുന്ന ആപ്പ് തന്നെ തയ്യാറാക്കാന്‍ പ്രേരണയായത്. അങ്ങനെ വീട്പണിക്കൊപ്പം ആപ്പിന്റെ പണിയും ഷാനിഫ് ഭംഗിയായി പൂര്‍ത്തിയാക്കി.
ആദ്യം വീട്പണിക്കാവശ്യമായ ജോലിക്കാരെ ലഭിക്കുന്ന തരത്തിലായിരുന്നു ആപ്പ് സജീകരിച്ചിരുന്നത്. എന്നാല്‍ പിന്നീട് വീട് നിര്‍മാണത്തിന് പുറമെ മെയിന്റനന്‍സ്, ഭവന പരിചരണം, റിപ്പയര്‍ , കെട്ടിട നിര്‍മ്മാണം, കൃഷിപ്പണികള്‍ , ലാന്റ് സ്കേപ്പിംഗ്, സ്പെഷ്യാലിറ്റി സേവനങ്ങള്‍ , വിവാഹ ഇവന്റുകള്‍, ബിസിനസ് സര്‍വീസുകള്‍ , വ്യാവസായിക സേവനങ്ങള്‍ , പ്രൊഫഷണലുകള്‍, വ്യക്തിഗതസേവനങ്ങള് , ട്രാവല്‍ സര്‍വീസ്, ട്യൂഷന് , സാമൂഹ്യ സേവനം തുടങ്ങി വിവിധ സേവനങ്ങള്‍ കൂടി സെര്‍വ് ഈസി ആപ്പില്‍ ഉള്‍പ്പെടുത്തി.
ഗൂഗിള്‍പ്ലേ സ്റ്റോറില്‍ നിന്നും ആപ്പ് സൗജന്യമായി ഡൗണ്‍ ലോഡ് ചെയ്തശേഷം നമ്മുടെ ആവശ്യമെന്താണെന്ന് അവിടെ ടൈപ്പ് ചെയ്ത് നല്‍കുക. ഈ സന്ദേശം സേവനദാതാക്കള്‍ക്ക് സെര്വ്ഈസി കൈമാറും. പിന്നീട് സേവനദാതാക്കളുടെ വിവരങ്ങള്‍ ലഭ്യമാവുകയും അവരുടെ നിരക്ക്, ലഭ്യത, റേറ്റിംഗ് എന്നിവ വ്യക്തമാകുകയും ചെയ്യും. ഇതടിസ്ഥാനമാക്കി ഏറ്റവും മികച്ചയാളെ തെരഞ്ഞെടുക്കാന്‍ കഴിയും. തെരഞ്ഞെടുത്ത ശേഷം അവരുമായി നേരിട്ട് ഫോണിലൂടെയോ വാട്സ്ആപ്പ് വഴിയോ നമുക്ക് ബന്ധപ്പെടാനുള്ള സൗകര്യവും ആപ്പ് ഒരുക്കിയിട്ടുണ്ട്.
ഇതുകൂടാതെ ജോലി ആവശ്യമുള്ളവര്‍ക്കും സെര്വ്ഈസിയിലൂടെ തന്നെ ജോലികണ്ടെത്താം. ആപ്ലിക്കേഷന്‍ ഡൗണ്‍ലോഡ് ചെയ്ത ശേഷം സ്ഥലവും നിങ്ങള്‍ക്ക് ചെയ്യാന്‍ കഴിയുന്ന ജോലിയും നല്കുന്ന സേവനങ്ങളും ആപ്പില്‍ രജിസ്റ്റര്‍ ചെയ്യുക.
ശേഷം ഉപഭോക്താക്കളുടെ ആവശ്യാനുസണം നിങ്ങള്‍ നല്കുന്ന സേവനകള്‍ക്കുള്ള റിക്വസ്റ്റുകള്‍ കിട്ടിത്തുടങ്ങും. കൂടാതെ പണിപൂര്‍ത്തിയായാല്‍ ഉപഭോക്താക്കള്‍ നിങ്ങള്‍ ചെയ്യുന്ന ജോലിയില്‍ സംതൃപ്തരാണോയെന്നും രേഖപ്പെടുത്തും. ഇതുവഴി പുതിയ ആളുകള്‍ നിങ്ങളെ സമീപിക്കാനും കാരണമാകുമെന്ന് ഷാനിഫ് പറയുന്നു. എന്തായാലും പുതിയ ആപ്പിന് മികച്ച പ്രതികരണമാണ് സോഷ്യല്‍ മീഡിയയില്‍ ഉള്‍പ്പെടെ ലഭിക്കുന്നത്.